ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനുള്ള വിലക്ക് പിന്‍വലിച്ച് ഫിഫ

0
49

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് ഏര്‍പ്പെടുത്തിയിരുന്ന  വിലക്ക് ഫിഫ പിന്‍വലിച്ചു. ഇതുപ്രകാരം അണ്ടര്‍ 17 വനിതാ ലോകകപ്പ് 2022 ഇന്ത്യയില്‍ തന്നെ നടക്കും. ഫുട്ബോള്‍ ഫെഡറേഷന്റെ താത്കാലിക ഭരണത്തിനായി രൂപീകരിച്ച സമിതി പിരിച്ചു വിട്ടുവെന്ന് സ്ഥിരീകരണം ലഭിച്ചതിനെ തുടര്‍ന്നാണ് വിലക്ക് പിന്‍വലിക്കുന്നതെന്ന് ഫിഫ അറിയിച്ചു.

താത്കാലിക സമിതി സുപ്രിംകോടതി പിരിച്ച് വിട്ടതിന് പിന്നാലെയാണ് ഫിഫയുടെ നടപടി. ഫെഡറേഷന്റെ ദൈനംദിന ഭരണത്തിന്റെ ചുമതല ആക്ടിങ് സെക്രട്ടറി ജനറല്‍ സുനന്ദോ ധറിനു കൈമാറിക്കൊണ്ടാണ് സുപ്രിംകോടതി ഉത്തരവിറക്കിയത്. എക്സിക്യൂട്ടീവ് കൗണ്‍സിലേക്കുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാന്‍ നേരത്തെ അനുവദിച്ചിരുന്ന സമയപരിധി ഓഗസ്റ്റ് 28 ആയിരുന്നു. ഇത് ഒരാഴ്ചത്തേക്ക് കൂടി നീട്ടി. എക്സിക്യൂട്ടിവ് കൗണ്‍സിലില്‍ ആകെ 23 അംഗങ്ങളാണ് ഉള്ളത്. ഇതില്‍ പതിനേഴ് അംഗങ്ങളെ തിരഞ്ഞെടുക്കണം. 6 സ്ഥാനങ്ങളിലേക്ക് പ്രധാനപ്പെട്ട താരങ്ങളെ നോമിനേറ്റ് ചെയ്യും. ഇതില്‍ നാല് പുരുഷന്മാരും രണ്ട് വനിതകളും വേണമെന്ന് സുപ്രിംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

എഐഎഫ്എഫ് ഭരണത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായെന്ന് ആരോപിച്ചാണ് ഫിഫ ഇന്ത്യയെ വിലക്കിയിരുന്നത്. കാലാവധി കഴിഞ്ഞിട്ടും എഐഎഫ്എഫ് പ്രസിഡന്റായി തുടര്‍ന്ന പ്രഫുല്‍ പട്ടേലിനെ സുപ്രിം കോടതി ഇടപെട്ടാണ് പുറത്താക്കിയത്. പ്രഫുല്‍ പട്ടേലിനെ നീക്കിയ സുപ്രിം കോടതി ഫെഡറേഷനെ നയിക്കാന്‍ ഒരു ഭരണസമിതിയെ നിയമിച്ചിരുന്നു. ഇത് ഫിഫ നിയമങ്ങള്‍ക്ക് എതിരാണ്. ഇതായിരുന്നു എഐഎഫ്എഫ് വിലക്കിനുള്ള പ്രധാന കാരണം.

Leave a Reply