കൊച്ചി: ഇറച്ചിവെട്ട് യന്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്തിയ കേസില്‍ രണ്ട് പേർ കസ്റ്റഡിയിൽ. തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാന്‍റെ മകൻ ഷാബിൻ, സിനിമ നിർമാതാവ് കെപി സിറാജുദ്ദീൻ എന്നിവരെയാണ് കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തത്.
ഇന്നലെ രാത്രി കൊച്ചിയിൽ നിന്നാണ് ഷാബിനെ പിടികൂടിയത്. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ ഇയാളെ വിശദമായ ചോദ്യം ചെയ്തുവരികയാണ്. ഇന്ന് വൈകീട്ടോടു കൂടി ഷാബിനെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.
സ്വർണം വാങ്ങാനെത്തിയ നകുൽ എന്നയാളെ കസ്റ്റംസ് നേരത്തെ തന്നെ കസ്റ്റഡിയിൽ എടുത്തിരുന്നു. വിശദമായ പരിശോധനയിൽ ഷാബിന്റെ പങ്ക് കസ്റ്റംസ് കണ്ടെത്തിയിരുന്നു. പിന്നാലെ തൃക്കാക്കര നഗരസഭ വൈസ് ചെയർമാനായ ഇബ്രാഹിം കുട്ടിയുടെ വീട്ടിൽ പരിശോധന നടത്തുകയും ഷാബിന്റെ പാസ്പോർട്ട് ലാപ്ടോപ്പ് പിടിച്ചെടുക്കുകയും ചെയ്തു.
ഇവ പരിശോധിച്ചതിൽ നിന്നാണ് ഷാബിൻ വലിയൊരു സ്വർണക്കടത്തിന്റെ കണ്ണിയാണെന്ന് കസ്റ്റംസ് കണ്ടെത്തിയത്. നേരത്തേയും ഇതുപോലെ ഹോട്ടൽ വ്യാപാരത്തിന്റെ മറവിൽ ഇറച്ചിവെട്ട് യന്ത്രം അടക്കമുള്ളവ ഷാബിനും മറ്റു കക്ഷികളും ഇറക്കുമതി ചെയ്തിരുന്നതായാണ് വിവരം.