Sunday, October 6, 2024
HomeNewsKeralaഎസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജ് വധക്കേസ്; കൊലപാതകം രാഷ്ട്രീയ വിരോധം മൂലമെന്ന് എഫ്ഐആര്‍,നിഖില്‍ പൈലിക്കെതിരെ കൊലക്കുറ്റം അടക്കം...

എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജ് വധക്കേസ്; കൊലപാതകം രാഷ്ട്രീയ വിരോധം മൂലമെന്ന് എഫ്ഐആര്‍,നിഖില്‍ പൈലിക്കെതിരെ കൊലക്കുറ്റം അടക്കം വകുപ്പുകള്‍ ചുമത്തി

ഇടുക്കി ഗവ.എഞ്ചിനീയറിംഗ് കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്റെ കൊലപാതകം രാഷ്ട്രീയ വിരോധം മൂലമെന്ന് പൊലീസ് എഫ്ഐആര്‍. അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലിക്കെതിരെ കൊലക്കുറ്റം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി.

വധശ്രമത്തിനും സംഘം ചേര്‍ന്നതിനുമാണ് കസ്റ്റഡിയിലെടുത്തിട്ടുള്ള ജെറിന്‍ ജോജോയ്ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ കൂടുതല്‍ ആളുകളുടെ അറസ്റ്റുണ്ടായേക്കും. ക്യാമ്പസിനകത്ത് സംഘര്‍ഷമുണ്ടാക്കിയത് പുറത്തുനിന്നെത്തിയവരാണെന്ന വിദ്യാര്‍ത്ഥികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടിയാണ് പൊലീസ് അന്വേഷണം.

പൈനാവ് ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ്. കണ്ണൂര്‍ സ്വദേശിയാണ്. ക്യാമ്പസിനകത്തെ കെഎസ്യു-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. കേരള ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ ഭാഗമായുള്ള കോളജില്‍ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് എസ്എഫ്‌ഐ-കെഎസ്യു പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഇതിനിടെ പുറത്ത് നിന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെത്തിയതാണ് കൊലപാതകത്തിലേക്കെത്തിച്ചത്. കൊലപാതകത്തിന് ശേഷം ബസില്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് നിഖില്‍ പൈലിയെ പൊലീസ് പിടികൂടിയത്.

അതേസമയം ധീരജിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. പൊലീസ് സര്‍ജന്റെ നേതൃത്വത്തില്‍ ഇടുക്കി മെഡിക്കല്‍ കോളജില്‍ വെച്ചാണ് പോസ്റ്റ്മോര്‍ട്ടം നടക്കുക. അതിനുശേഷം സിപിഐഎം ഇടുക്കി ജില്ലാ ഓഫീസില്‍ പൊതുദര്‍ശനം ഉണ്ടാകും. തുടര്‍ന്ന് വിലാപയാത്രയായി മൃതദേഹം കണ്ണൂരിലേക്ക് കൊണ്ടുപോകും. എറണാകുളത്ത് ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളില്‍ പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments