Pravasimalayaly

വർക്കല തീ പിടുത്തം; കാർപോർച്ചിൽ നിന്നും കേബിൾ വഴി തീ ഉള്ളിലെ ഹാളിലേക്ക് പടർന്നു; ഫയര്‍ഫോഴ്‌സ്‌ റിപ്പോർട്ട്‌

വർക്കലയിൽ അഞ്ചംഗ കുടുംബത്തിൻ്റെ മരണത്തിനിടയാക്കിയത് കാർ പോർച്ചിലെ സ്വിച്ച് ബോർഡിൽ ഉണ്ടായ സ്പാർക്കെന്ന് ഫയര്‍ഫോഴ്‌സ്‌. കാർപോർച്ചിൽ നിന്നും കേബിൾ വഴി തീ ഉള്ളിലെ ഹാളിലേക്ക് പടർന്നു. ജനലിലൂടെ തീ പുറത്തെത്തിയാണ് പോർച്ചിലെ ബൈക്കുകൾ കത്തിയതെന്നും ഫയര്‍ഫോഴ്‌സ്‌ റിപ്പോർട്ടിൽ പറയുന്നു.

തീ ആളിക്കത്താൻ സഹായിക്കുന്ന വസ്തുകൾ ഹാളിലുണ്ടായിരുന്നു. എല്ലാവരും ഉറക്കമായിരുന്നതിനാൽ ആദ്യഘട്ടത്തിൽ തീ പിടുത്തം മൂലം ഉണ്ടായ പുക അറിഞ്ഞിരുന്നില്ല. ശ്വാസതടസം നേരിട്ട് ഇവർ എഴുനേറ്റു. പിന്നാലെ അഗ്നിബാധയറിയുകയും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു. രക്ഷാപ്രവർത്തനം നടത്തുമ്പോൾ മൃതദേഹങ്ങൾ വാതിലിന് സമീപം കണ്ടെത്തിയത് ഇതിന് തെളിവാണെന്നും റിപ്പോർട്ടിൽ പറയുന്നു.

പ്രതാപൻ (62), ഭാര്യ ഷേർളി (53), ഇളയമകൻ അഖിൽ (25), മരുമകൾ അഭിരാമി (24) അഭിരാമിയുടെ എട്ടുമാസം പ്രായമുള്ള കുട്ടി റയാൻ എന്നിവരാണ് അപകടത്തിൽ മരിച്ചത്. തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെയും ഫയർഫോഴ്സിനെയും അറിയിച്ചത്. തീപിടുത്തമുണ്ടായ വീടിന് ചുറ്റമുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. അട്ടിമറിക്കുള്ള മറ്റു തെളിവുകളൊന്നുമില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

Exit mobile version