Pravasimalayaly

ബസിന് മുകളില്‍ പൂത്തിരി കത്തിച്ച സംഭവം; രണ്ടു കൊമ്പൻ ബസുകളും കസ്റ്റഡിയിൽ, വൻ പിഴയും ചുമത്തി

കൊല്ലം :പെരുമണ്‍ എഞ്ചിനീയറിംഗ് കോളേജില്‍ വിനോദയാത്രയ്ക്ക് പുറപ്പെടാനിരുന്ന ടൂറിസ്റ്റ് ബസിന് മുകളില്‍ പൂത്തിരി കത്തിച്ച സംഭവത്തില്‍ രണ്ടു ബസുകളും എംവിഡി കസ്റ്റഡിയിലെടുത്തു. വിനോദ യാത്ര കഴിഞ്ഞ് മടങ്ങുമ്പോള്‍ പുന്നപ്രയിലും തകഴിയിലും വച്ചാണ് ബസുകള്‍ കസ്റ്റഡിയില്‍ എടുത്തത്. അമ്പലപ്പുഴയില്‍ വെച്ച് ആര്‍ടിഒ ഉദ്യോഗസ്ഥരെ കണ്ട് രണ്ടാമത്തെ ബസ് വഴി തിരിച്ച് വിട്ടെങ്കിലും പിറകെ പിന്തുടര്‍ന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

മോട്ടാര്‍ വാഹന നിയമ പ്രകാരമുള്ള കുറ്റങ്ങള്‍ ചുമത്തിയ ശേഷം കുട്ടികളെ കോളേജില്‍ ഇറക്കാന്‍ ഡ്രൈവര്‍മാരെ അനുവദിച്ചു. തുടര്‍ന്ന് ബസുകള്‍ കൊല്ലം ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്‌റ് വിഭാഗത്തിന് കൈമാറും. മോട്ടോര്‍ വാഹന നിയമ ലംഘനങ്ങള്‍ക്ക് രണ്ട് ബസുകള്‍ക്കുമായി 36,000 രൂപ പിഴ ചുമത്തി.

സംഭവത്തില്‍ ഹൈക്കോടതി സ്വമേധയ കേസെടുത്തു. ജസ്റ്റിസ് അനില്‍ കെ.നരേന്ദ്രനും ജസ്റ്റിസ് പി.ജി.അജിത്കുമാറും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് നടപടി. സംഭവത്തില്‍ സര്‍ക്കാര്‍ ബുധനാഴ്ച കോടതിയില്‍ വിശദീകരണം നല്‍കും.

മെക്കാനിക്കല്‍ ഡിപാര്‍ട്‌മെന്റ്‌ലെ വിദ്യാര്‍ഥികളുമായി ജൂണ് 26 തീയതി ആറു ദിവസത്തെ വിനോദയാത്രക്ക് പോയ കൊമ്പന്‍ എന്ന ബസ്സിന് മുകളിലായിരുന്നു അപകടമായരീതിയില്‍ പൂത്തിരി കത്തിച്ചത്.തുടര്‍ന്ന് ബസിന്റെ മുകളില്‍ തീ പടരുകയായിരുന്നു. ഉടന്‍ തീ അണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.

വാഹനങ്ങള്‍ തമ്മില്‍ നടത്തിയ മത്സര പ്രകടനത്തിനിടെ ആയിരുന്നു അപകടം ഉണ്ടായത്.അനധികൃതമായി ഘടിപ്പിച്ച ലെയ്‌സര്‍,വര്‍ണ്ണ ലൈറ്റുകളും അമിതമായ സൗണ്ട് സിസ്റ്റവും ഉപയോഗിച്ചു ഓപ്പറേറ്റ് ചെയ്യുന്നതിന്റെ പേരില്‍ മുന്‍പും പലതവണ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ പിടിയില്‍പെട്ട വാഹനമാണ് കൊമ്പന്‍.

Exit mobile version