Wednesday, July 3, 2024
HomeHEALTHഅർബുദ മരുന്ന് പരീക്ഷണം ഫലപ്രദം, 18 പേർക്ക് രോഗമുക്തി

അർബുദ മരുന്ന് പരീക്ഷണം ഫലപ്രദം, 18 പേർക്ക് രോഗമുക്തി

ആരോഗ്യമേഖലയിൽ പുതിയ പ്രതീക്ഷയേകി അർബുദ മരുന്ന്. അർബുദ ചികിത്സയ്ക്ക് വേണ്ടി നിർമ്മിച്ച ‘ഡൊസ്റ്റർലിമാബ്’ എന്ന പുതിയ മരുന്നിന്റെ പരീക്ഷണം വിജയിച്ചു. 18 പേരാണ് മരുന്നിന്റെ പരീക്ഷണത്തിൽ പങ്കെടുത്തത്. ഇവർക്കെല്ലാം രോഗം ഭേദമായി. ചരിത്രത്തിൽ ആദ്യമായാണ് അർബുദ ചികിത്സാ പരീക്ഷണത്തിൽ പങ്കെടുത്ത എല്ലാ രോഗികഉം രോഗമുക്തരാകുന്നത്. ന്യൂയോർക്കിലെ മെമ്മോറിയൽ സ്ലൊവാൻ കെറ്ററിങ് കാൻസർ സെന്ററിലാണ് മരുന്നിന്റെ പരീക്ഷണം നടത്തിയത്. 18 രോഗികളെ മാത്രം ഉൾപ്പെടുത്തി വളരെ ചെറിയ ക്ലിനിക്കൽ പരീക്ഷണമാണ് നടന്നത്. മലാശയ അർബുദത്തിന് കീമോതെറാപ്പിയും റേഡിയേഷനും ഉൾപ്പെടെയുള്ള ചികിത്സകൾ ചെയ്തിട്ടും ഫലം ലഭിക്കാത്ത ഒരേ തരത്തിലുള്ള രോഗികളിലായിരുന്നു പരീക്ഷണം.

ആറ് മാസത്തിനിടയിൽ ഓരോ മൂന്ന് ആഴ്ചകളിലുമയി ഇവർക്ക് ഡൊസ്റ്റർലിമാബ് മരുന്ന് നൽകി. ആറുമാസം മരുന്ന് കഴിച്ചപ്പോൾ എല്ലാ രോഗികളിലും അർബുദം പൂർണമായി ഭേദമായി. തുടർന്ന് ടോമോഗ്രഫി, പെറ്റ് സ്‌കാൻ, എംആർഐ സ്‌കാൻ എന്നീ പരിശോധനകൾക്ക് രോഗികളെ വിധേയമാക്കി. പരിശോധനയിൽ രോഗം പൂർണമായി ഭേദപ്പെട്ടതായി സ്ഥിരീകരിച്ചു. ആർക്കും മരുന്നിന്റെ പാർശ്വഫലങ്ങൾ ഉണ്ടായിട്ടില്ല.

ശരീരത്തിലെ ആന്റിബോഡികൾക്കു പകരമാകുന്ന തന്മാത്രകളാണ് പുതിയ മരുന്നിൽ ഉള്ളതെന്ന് പരീക്ഷണത്തിന് നേതൃത്വം നൽകിയ ഡോ.ലൂയി എ.ഡയസ് ജൂനിയർ പറഞ്ഞു. അർബുദ ചികിത്സയിൽ വിപ്ലവകരമായ മാറ്റത്തിനു വഴിതെളിക്കുന്ന കണ്ടെത്തലാണിതെന്നാണ് പ്രമുഖ ഡോക്ടർമാരുടെ വിലയിരുത്തൽ.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments