പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ അഞ്ചുപേർ അറസ്റ്റിൽ. അബ്ദുൽ ജലീലിനെ ക്രൂരമായി മർദിച്ച മൂന്ന് പേരും ഇവർക്ക് സഹായം നൽകിയ രണ്ടു പേരുമാണ് പിടിയിലായത്. പ്രധാനപ്രതി യഹിയ ഇപ്പോഴും ഒളിവിലാണ്. ജലീൽ സ്വർണ്ണം കൊണ്ടുവന്ന ക്യാരിയർ ആണെന്നും ഇതുമായി ബസപ്പെട്ടാണ് തട്ടിക്കൊണ്ടു പോകലെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു.
അബ്ദുൽ ജലീൽ നാട്ടിലെത്തിയ മെയ് പതിനഞ്ചിനാണ് പ്രതികൾ ജലീലിനെ തട്ടിക്കൊണ്ടു പോയത്. അന്നു മുതൽ പതിനെട്ട് വരെ നാലു ദിവസങ്ങളിലായി വിവിധയിടങ്ങളിൽ കൊണ്ടുപോയി ക്രൂരമായി മർദിച്ചു.
അറസ്റ്റിലായ അലിമോൻ, അൽത്താഫ് റഫീഖ് എന്നിവരാണ് കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവർ. അനസ് ബാബു മണികണ്ഠൻ എന്നിവർ പ്രതികൾക്ക് എല്ലാ സഹായവും നൽകി. ജലീലിനെ ആശുപത്രിയിൽ എത്തിച്ച് മുങ്ങിയ യഹിയക്കായി അന്വേഷണം തുടരുകയാണെന്ന് എസ് പി വ്യക്തമാക്കി.
യഹിയ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആളാണെന്നാണ് പൊലീസ് നിഗമനം. ജലീലിനെ പ്രധാന പ്രതി യഹിയ ആശുപത്രിയിൽ എത്തിച്ച വാഹനം കീഴാറ്റൂരിൽ ഉപേക്ഷിച്ച നിലയിൽ പൊലീസ് കണ്ടെത്തിയിരുന്നു.