Pravasimalayaly

ഉദയ്പുർ കൊലപാതകം; പ്രതികൾക്ക് പാക് ബന്ധമെന്ന് പോലീസ്, അഞ്ച് പേർ കൂടി പിടിയിൽ

ന്യൂഡല്‍ഹി: ഉദയ്പുര്‍ കൊലപാതക കേസില്‍ അഞ്ച് പേര്‍ കൂടി പിടിയിലായതായി പോലീസ്. പിടിയിലായ പ്രതികളിലൊരാള്‍ക്ക് പാക് ബന്ധമെന്ന് പോലീസ്. പാകിസ്താനില്‍ രജിസ്റ്റര്‍ ചെയ്ത് പത്ത് നമ്പറുകള്‍ പ്രതികളിലൊരാളുടെ ഫോണില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

കൊലപാതക കേസ് തീവ്രവാദ കേസുകള്‍ അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയിരിക്കുകയാണ്. സംഭവുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

ഭീകരത സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് കൊലപാതകം നടന്നതെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്ത് നേരത്തെ പറഞ്ഞിരുന്നു. യുഎപിഎ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കൊല്ലപ്പെട്ട തയ്യല്‍ക്കടയുടമ കനയ്യ ലാലിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 32 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്.

കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ദൃശ്യങ്ങളില്‍ നിന്ന് തിരിച്ചറിഞ്ഞ രണ്ട് പേരെ പോലീസ് നേരത്തെ കസ്റ്റഡിയിയിലെടുത്തിരുന്നു. റാഫിഖ് മുഹമ്മദ്, അബ്ദുള്‍ ജബ്ബാര്‍ എന്നിങ്ങനെയാണ് പിടിയിലാവരുടെ പേരുകള്‍. ഇരുവരും ഉദയ്പുര്‍ സൂരജ്പോലെ സ്വദേശികളാണെന്ന് രാജസ്ഥാന്‍ പോലീസ് അറിയിച്ചു.

തയ്യല്‍ കടക്കാരനായ കനയ്യലാല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഉദയ്പുരിലെ മാര്‍ക്കറ്റിലുള്ള കടയിലെത്തിയ പ്രതികള്‍ കനയ്യലാലിന്റെ കഴുത്തറുത്തു കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ പ്രതികള്‍ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രവാചകനെതിരായ പരാമര്‍ശം നടത്തിയ ബിജെപി മുന്‍ വക്താവ് നൂപുര്‍ ശര്‍മയെ പിന്തുണച്ചു പോസ്റ്റിട്ടുവെന്നാരോപിച്ചാണ് ക്രൂരമായ കൊലപാതകം നടത്തിയത്.

Exit mobile version