Pravasimalayaly

കണ്ണീരുണങ്ങാതെ കരിപ്പൂർ

കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം അപകടത്തിൽപെട്ട് മരിച്ചവരുടെ എണ്ണം 19 ആയി.

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം അപകടത്തിൽപെട്ട് മരിച്ചവരുടെ എണ്ണം 19 ആയി. കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുധീർ വാര്യർ (45) ആണ് മരിച്ചത്. ഇവിടെ ഗർഭിണിയടക്കം അഞ്ച് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇതോടെ കോഴിക്കോട് ജില്ലയിൽ വിവിധ ആശുപത്രികളിലായി മരിച്ചവരുടെ എണ്ണം 13 ആയി. മലപ്പുറത്തെ ആശുപത്രികളിലാണ് മറ്റ് ആറ് പേരുടെ മൃതദേഹങ്ങൾ ഉള്ളത്.

അത്യാസന്ന നിലയിലുള്ളവരെ അടിയന്തിര ശസ്ത്രക്രിയകൾ നടത്താൻ നീക്കം തുടങ്ങി. വിവിധ സ്വകാര്യ ആശുപത്രികളിൽ ഇതിന്റെ നടപടികൾ ആരംഭിച്ചു. എന്നാൽ വിദേശത്ത് നിന്ന് വരുന്നവരായതിനാൽ ഇവർക്ക് കൊവിഡ് പരിശോധന നടത്തേണ്ടതുണ്ട്. ഇതിനുള്ള നടപടികളും ആരംഭിച്ചു. 14 പേരുടെ നില അതീവ ഗരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അപകടത്തിൽ 123 പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. ആശുപത്രികളിലേക്ക് എത്തിച്ച ഭൂരിഭാഗം പേര്‍ക്കും സാരമായ പരിക്കുണ്ട്. പരിക്കേറ്റവരിൽ ഒരാൾ ഗർഭിണിയാണ്. ഇവരെ ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. നില അതീവ ഗുരുതരമാണ്.

അതേസമയം അപകടം നടന്ന സ്ഥലത്ത് ഒന്നര മണിക്കൂറിനുള്ളിൽ രക്ഷാപ്രവർത്തനം പൂർത്തിയായെന്ന് മലപ്പുറം ജില്ലാ കളക്ടർ അറിയിച്ചു. യാത്രക്കാരുടെ ലഗേജുകൾ വിമാനത്താവള അധികൃതർ ശേഖരിച്ചു. ഇത് സുരക്ഷിതമാണ്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ ചിലർ അത്യാസന്ന നിലയിലാണെന്നും മലപ്പുറം ജില്ലാ കളക്ടർ അറിയിച്ചു.

മരിച്ചവരിൽ സ്ഥിരീകരിച്ച വിവരങ്ങൾ ഇങ്ങനെ:

പൈലറ്റ് ക്യാപ്റ്റൻ ഡിവി സാഥേ, സഹപൈലറ്റ് ക്യാപ്റ്റൻ അഖിലേഷ് എന്നിവർ മരിച്ചു. ഇവർ കോഴിക്കോട് മിംസ് ആശുപത്രിയിലാണ്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ രണ്ട് പുരുഷൻമാർ, രണ്ട് സ്ത്രീകൾ, ഒരു കുട്ടി എന്നിവരാണ് മരിച്ചിരിക്കുന്നത്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ചവർ:

  1. സഹീർ സയ്യിദ്, 38, തിരൂർ സ്വദേശി
  2. മുഹമ്മദ് റിയാസ്, 23, പാലക്കാട് സ്വദേശി
  3. 45 വയസ്സുള്ള സ്ത്രീ
  4. 55 വയസ്സുള്ള സ്ത്രീ
  5. ഒന്നരവയസ്സുളള കുഞ്ഞ്

ബേബി മെമ്മോറിയൽ ആശുപത്രിയിൽ മരിച്ചവർ:

  1. ഷറഫുദ്ദീൻ, 35, പിലാശ്ശേരി സ്വദേശി
  2. രാജീവൻ, 61, ബാലുശ്ശേരി സ്വദേശി

പൈലറ്റും, സഹപൈലറ്റും അല്ലാതെ കോഴിക്കോട് മിംസിൽ മരിച്ചവർ:

  1. ദീപക്
  2. അഖിലേഷ്
  3. ഐമ എന്ന കുട്ടി

ഫറോക്ക് ക്രസന്‍റ് ആശുപത്രിയിൽ മരിച്ചത്:
ബാലുശ്ശേരി കോട്ടൂർ നരയംകുളം കൂന്നോത്ത് കുമാരന്റെ ഭാര്യ തണ്ടപ്പുറത്ത് ജാനകി

കോഴിക്കോട് വിമാനത്താവളത്തിൽ അപകടത്തിൽപെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽപെട്ട് 173 യാത്രക്കാർ ഇപ്പോഴും ചികിത്സയിലാണ്.

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ അപകടത്തിൽപെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം അപകടത്തിൽപെട്ട് 173 യാത്രക്കാർ ഇപ്പോഴും ചികിത്സയിലാണ്. അതിൽ ചിലർ അത്യാസന്ന നിലയിലാണ്. ലാന്റിങിന് മുൻപ് തന്നെ കാര്യങ്ങൾ അത്ര ശുഭകരമായിരുന്നില്ലെന്നാണ് യാത്രക്കാർ പറയുന്നത്. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സിദ്ധിക്ക് മുഹമ്മദ്, ഫാത്തിമ എന്നിവരാണ് തങ്ങളുടെ അനുഭവം പങ്കുവച്ചത്.

“വിമാനം ലാന്റ് ചെയ്തതിന് മുൻപ് ആകാശത്ത്, നിർത്താനാവാത്ത രീതിയിൽ കറങ്ങി കറങ്ങി നിൽക്കുകയായിരുന്നു. പിന്നെ എന്തേ പൈലറ്റിന് തോന്നിയതാവോ, പോയിറ്റ് ലാന്റ് ചെയ്യാൻ. ഞാൻ ചിറകിന്റെ ബാക്കിലായിരുന്നു. കാണാതെ പോയി വീഴില്ലേ? അത് പോലെയായിരുന്നു ലാന്റ് ചെയ്തത്. മൊത്തം രണ്ടായി മുറിഞ്ഞു. ഞാൻ ബെൽറ്റ് ഇട്ടിരുന്നു. എന്നിട്ടും തലയും കണ്ണിന്റെ ഭാഗവും മുന്നിലോട്ട് ആഞ്ഞ് ഇടിച്ചു. എനിക്ക് നല്ല ബോധം ഉണ്ടായിരുന്നു. ഞാൻ തന്നെ എമർജൻസി ഡോറിൽ കൂടി പുറത്തേക്ക് ഇറങ്ങുകയായിരുന്നു,” എന്നും സിദ്ധിഖ് പറഞ്ഞു.

“ലാന്റ് ചെയ്തതും മൊത്തം അങ്ങ് ക്രാഷായി. പിന്നെ ഞങ്ങൾ അതിന്റെ ഉള്ളിൽ കുടുങ്ങിപ്പോയി. കുറച്ച് സമയം അതിന്റെ ഉള്ളിലിരുന്നിരുന്നു. വിമാനം ചൂടാകുന്നതൊക്കെ അറിഞ്ഞു. പുറത്തേക്ക് എത്തിയപ്പോഴാണ് ആളുകൾ മരിച്ചതൊക്കെ അറിഞ്ഞത്. മറ്റൊന്നും അറിഞ്ഞില്ല. ലാന്റ് ചെയ്യുന്നതിന് മുൻപ് തന്നെ എന്തൊക്കെയോ ശബ്ദങ്ങൾ കേട്ടിരുന്നു. പൊതുവേ വിമാനത്തിൽ യാത്ര ചെയ്യുമ്പോഴുള്ള ശബ്ദമായിരുന്നില്ല. ലാന്റ് ചെയ്തപ്പോൾ സമാധാനമായി. എന്നാൽ ലാന്റ് ചെയ്തപ്പോഴുള്ള വിമാനത്തിന്റെ വേഗം നിയന്ത്രിക്കാനായില്ല. അങ്ങിനേ പോയി അത് ക്രാഷായി. അത്രയേ അറിയൂ. ഏറ്റവും മുന്നിലായിരുന്നു ഞാനും മോളും ഉമ്മയും ഒക്കെയുണ്ടായിരുന്നു. ഏറ്റവും ഒടുവിലാണ് പുറത്തിറങ്ങിയത്,” യാത്രക്കാരിയായ ഫാത്തിമയും ന്യൂസിനോട് പറഞ്ഞു.

കരിപ്പൂരിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് (IX1344) വിമാനത്തിലെ 190 പേരെയും മലപ്പുറം കോഴിക്കോട് ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റി.

കോഴിക്കോട്: കരിപ്പൂരിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് (IX1344) വിമാനത്തിലെ 190 പേരെയും മലപ്പുറം കോഴിക്കോട് ജില്ലകളിലെ ആശുപത്രികളിലേക്ക് മാറ്റി. ജീവനക്കാരുൾപ്പെടെ 190 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. 174 മുതിർന്നവരും 10 കുട്ടികളും 6 ജീവനക്കാരും ഇതില്‍ ഉള്‍പ്പെടും.

പൈലറ്റും സഹ പൈലറ്റും അടക്കമുള്ളവരാണ് വിമാന അപകടത്തിൽ മരിച്ചത്. 17 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. 15 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. അപകടത്തിൽ 123 പേര്‍ പരിക്കേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സയിലുണ്ട്. രക്ഷാപ്രവർത്തനം ഏറെക്കുറെ പൂർത്തിയായിട്ടുണ്ടെന്ന് ജില്ലാ കലക്ടർ കെ.ഗോപാലകൃഷ്ണൻ അറിയിച്ചു. തകര്‍ന്ന വിമാനത്തിനിടിയിൽ ആരുമില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ദുബായിയിൽ നിന്ന് അവിടത്തെ പ്രാദേശിക സമയം രണ്ട് മണിക്ക് പുറപ്പെട്ട് ഇവിടെ വൈകിട്ട് 7.27 ന് എത്തേണ്ടിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്.

വന്ദേ ഭാരത് മിഷന്റെ ഭാഗമായി പ്രവർത്തിച്ച വിമാനത്തിന് 13 വർഷത്തെ പഴക്കമാണ് ഉണ്ടായിരുന്നത്. റൺവേയുടെ പകുതി പിന്നിട്ടശേഷമാണ് വിമാനത്തിന്‍റെ പിറകിലുത്തെ ചക്രങ്ങൾ ലാൻഡ് ചെയ്തത്. അവിടെ നിന്ന് 25 മീറ്റർ നീങ്ങിയ ശേഷമാണ് മുൻ ചക്രം നിലത്തു തൊട്ടത്. ആ ഘട്ടത്തിലാണ് റൺവേയിൽ ഏറെ മുന്നോട്ടു നീങ്ങിയാണ് വിമാനം ലാൻഡ് ചെയ്തതെന്ന് പൈലറ്റിന് മനസിലായത്. തുടർന്ന് വിമാനം നിയന്ത്രിക്കാൻ ശ്രമം നടത്തി. ഈ ഘട്ടത്തിൽ വിമാനം മുന്നോട്ടു നീങ്ങി തെന്നി മാറി മതിൽ തകർത്ത് പുറത്തേക്ക് പോയി എന്നാണ് കരുതുന്നതെന്നാണ് എയർ ഇന്ത്യാ എക്സ് പ്രസ് അധികൃതരുടെ അനൗദ്യോഗികമായി അപകടത്തേക്കുറിച്ച് വിശദീകരിക്കുന്നത്.

കരിപ്പൂര്‍ വിമാനദുരന്തത്തെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായതായി മുഖ്യമന്ത്രി
കരിപ്പൂര്‍ വിമാനദുരന്തത്തെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായതായി മുഖ്യമന്ത്രി. ഇക്കാര്യം മലപ്പുറം ജില്ലാ കളക്ടര്‍ തന്നെ അറിയിച്ചതായി ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചത്. വിമാനത്തിലുണ്ടായിരുന്ന മുഴുവൻ യാത്രക്കാരെയും ജീവനക്കാരെയും മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

നാടിനെ ഞെട്ടിച്ച വിമാനാപകടത്തില്‍ 17 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. മരിച്ചവരില്‍ പൈലറ്റും സഹ പൈലറ്റും ഉള്‍പ്പെടുന്നു. 15 പേരുടെ നില അതീവഗുരുതരമാണെന്നും റിപ്പോര്‍ട്ടുണ്ട്. ആശുപത്രികളിലേക്ക് എത്തിച്ച ഭൂരിഭാഗം പേര്‍ക്കും സാരമായ പരുക്കുണ്ട്. കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളിലായി 110 പേരെയും മലപ്പുറത്തെ ആശുപത്രികളില്‍ 80 പേരെയുമാണ് പ്രവേശിപ്പിച്ചിരുന്നത്.

ദുബൈയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസ് 1344-ാം നമ്പര്‍ വിമാനമാണ് അപകടത്തില്‍ പെട്ടത്. റണ്‍വെയില്‍ നിന്ന് തെന്നിമാറി 30 അടിയോളം താഴ്ചയിലേക്ക് വീണ വിമാനം രണ്ടായി പിളരുകയായിരുന്നു. വിമാനത്തിന്‍റെ മുന്‍വശത്തെ വാതില്‍ വരെയുള്ള ഭാഗം അപകടത്തില്‍ പിളര്‍ന്നുപോയിരുന്നു.

കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനമറിയിക്കുന്നതായിച്ച് മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറും ക്യാപ്റ്റന്‍ വിരാട് കോലിയും രോഹിത് ശര്‍മ്മയും.


ദില്ലി: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനമറിയിക്കുന്നതായിച്ച് മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറും ക്യാപ്റ്റന്‍ വിരാട് കോലിയും രോഹിത് ശര്‍മ്മയും. പരിക്കേറ്റവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിക്കുന്നെന്നും സച്ചിന്‍ ട്വീറ്റ് ചെയ്തു. പരിക്കേറ്റവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്നും വിരാട് കോലിയും ട്വീറ്റ് ചെയ്തു. സംഭവം ഞെട്ടിക്കുന്നതാണെന്നും യാത്രക്കാര്‍ക്കും വിമാനത്തിലെ ജീവനക്കാര്‍ക്കുമായി പ്രാര്‍ത്ഥിക്കുന്നുവെന്ന് രോഹിത്ത് ശര്‍മ്മയും ട്വീറ്റ് ചെയ്തു.

കരിപ്പൂര്‍ വിമാന ദുരത്തില്‍ അനുശോചനവും ദുഖവും രേഖപ്പെടുത്തി നേതാക്കള്‍.

ദില്ലി: കരിപ്പൂര്‍ വിമാന ദുരത്തില്‍ അനുശോചനവും ദുഖവും രേഖപ്പെടുത്തി നേതാക്കള്‍. പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി, മന്ത്രിമാര്‍ എന്നിവരാണ് അനുശോചനം രേഖപ്പെടുത്തിയത്. അപകടത്തില്‍ അതീവ ദുഖം രേഖപ്പെടുത്തുന്നതായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു. സംഭവത്തെ സംബന്ധിച്ച് കേരള ഗവര്‍ണറുമായി ആശയവിനിമയം നടത്തിയെന്നും രാഷ്ട്രപതി അറിയിച്ചു.

അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. പരിക്കേറ്റവര്‍ വേഗം സുഖപ്പെടട്ടെയെന്നും അപകടത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു. ദുരിതബാധിതര്‍ക്ക് എല്ലാ സഹായവുമായി അധികൃതര്‍ രംഗത്തുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അനുശോചനമറിയിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായുഡുവും രംഗത്തെത്തി. വിമാനാപകടത്തില്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി അനുശോചനമറിയിച്ചു. കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിയും അനുശോചനമറിയിച്ചു. വിമാന അപകടം തന്നെ ഞെട്ടിച്ചെന്നും മരിച്ചവരുടെ കുടുംബത്തെ അനുശോചനമറിയിക്കുന്നെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖപ്പെടാനായി പ്രാര്‍ത്ഥിക്കുമെന്നും രാഹുല്‍ പറഞ്ഞു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും അപകടത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി. സംസ്ഥാന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ എന്നിവരും അനുശോചനമറിയിച്ചു.

ബാക്ക് ടു ഹോം എന്ന അടുക്കുറിപ്പോടെ വിമാനത്തിനുള്ളില്‍ ഭാര്യക്കും മകള്‍ക്കുമൊപ്പം ഇരിക്കുന്ന ചിത്രവും ഷറഫു പോസ്റ്റ് ചെയ്തിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഭാര്യ കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. ദുബായിയിലെ നാദക്കിലാണ് കോഴിക്കോട് കുന്ദമംഗലം സ്വദേശിയായ ഷറഫു ജോലി ചെയ്യുന്നത്. ദുബായിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു ഷറഫു. സോഷ്യല്‍മീഡിയയിലും നിറഞ്ഞ് നിന്ന വ്യക്തിത്വമായിരുന്ന ഷറഫുവിന്റെ മരണത്തില്‍ ഞെട്ടലിലാണ് പ്രവാസികളും നാട്ടുകാരും.

ഷറഫുവിന്റെ സുഹൃത്ത് ഷാഫി പറക്കുളത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

എന്റെ കൂട്ടുകാരന്‍ ഷറഫു ഇന്നത്തെ ഫ്‌ലൈറ്റ് അപകടത്തില്‍ മരണപ്പെട്ട വാര്‍ത്ത വളരെ വേദനയോടെയാണ് കേട്ടത്..
നാട്ടിലേക്ക് പുറപ്പെടും മുമ്പ് യാത്ര പറയാന്‍ എന്റെ ഹോട്ടലില്‍ വന്നിരുന്നു..

എന്തോ എന്നത്തേക്കാളും ഇന്നൊരു പ്രത്യേക ടെന്‍ഷന്‍ തോന്നുന്നു എന്നൊക്കെ പറഞ്ഞു കരഞ്ഞു..എന്തോ ഒരപകടം മുന്‍കൂട്ടി കണ്ടപോലെ..
പോകുന്ന സമയത് പാവപ്പെട്ടവര്‍ക്ക് ഭക്ഷണം കൊടുക്കണം എന്ന് പറഞ്ഞിട്ട് ഒരു സംഖ്യ എന്നെ ഏല്പിച്ചിട്ടാണ് അവന്‍ പോയത്..
കൊറോണ സമയത്തും ഷറഫു പാവങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാന്‍ പൈസ ഏല്‍പ്പിച്ചിരുന്നു…

ഒരു വലിയ പുണ്യം ചെയ്തിട്ടാണ് ഷറഫു യാത്രയായത്.. അള്ളാഹു എന്റെ സുഹൃത്തിന്റെ സ്വദഖ സ്വീകരിക്കട്ടെ, അതിന്റെ പുണ്യം അള്ളാഹു അവന്റെ ഖബറിലേക്ക് എത്തിക്കട്ടെ..

കരിപ്പൂരിലേത് വൻവിമാനദുരന്തമാണെന്ന് പ്രാഥമികവിവരം. മംഗലാപുരത്തെ ദുരന്തത്തിന് സമാനമായ അപകടമാണ് കരിപ്പൂരിലും ഉണ്ടായിരിക്കുന്നത്.

കരിപ്പൂരിലേത് വൻവിമാനദുരന്തമാണെന്ന് പ്രാഥമികവിവരം. മംഗലാപുരത്തെ ദുരന്തത്തിന് സമാനമായ അപകടമാണ് കരിപ്പൂരിലും ഉണ്ടായിരിക്കുന്നത്. മംഗലാപുരത്തേത് പോലെ ടേബിൾ ടോപ്പ് വിമാനത്താവളമാണ് കരിപ്പൂരിലുമുള്ളത്. കനത്ത മഴയായതിനാൽ റൺവേയിലേക്ക് കയറിയെന്ന് കരുതി പൈലറ്റ് മുന്നോട്ട് പോകവേ, റൺവേയിൽ നിന്ന് തെന്നിമാറി വിമാനം മതിലിൽ ഇടിച്ച് താഴേക്ക് മറിഞ്ഞ് രണ്ടായി പിളർന്നുവെന്നാണ് വിവരം.

ടേബിൾടോപ്പ് വിമാനത്താവളം – അഥവാ – രണ്ട് ഭാഗത്തും ആഴത്തിലുള്ള ഗർത്തങ്ങളുള്ള വിമാനത്താവളമാണ് കരിപ്പൂരിലേത് എന്നത് റൺവേയിൽ നിന്ന് തെന്നിമാറിയതിലെ ദുരന്തസാധ്യത കൂട്ടി. വളരെ വൈദഗ്ധ്യത്തോടെ വിമാനമിറക്കേണ്ട സ്ഥലമാണ് കരിപ്പൂർ വിമാനത്താവളം. രാത്രിയായതും പ്രതികൂല കാലാവസ്ഥയായതും ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടി.

മേശപ്പുറം പോലുള്ള റണ്‍വേ ആണ് എന്നതിനാലാണ് ഇതിനെ ടേബിൾ ടോപ്പ് വിമാനത്താവളം എന്ന് പറയാൻ കാരണം. കുന്നിന്‍പരപ്പില്‍ സ്ഥിതിചെയ്യുന്ന ഇത്തരം റണ്‍വേകള്‍ക്കും ചുറ്റും താഴ്ചയുള്ള സ്ഥലമായിരിക്കും. അല്‍പ്പം തെറ്റിയാല്‍ മേശപ്പുറത്തുനിന്നു വീഴുമ്പോലെ താഴേക്ക് പതിക്കും. ഒപ്റ്റില്‍ക്കല്‍ ഇല്ല്യൂഷന്റെ തീവ്രതയുണ്ടാവുമെന്നതിനാല്‍ വിമാനം നിലത്തിറങ്ങുന്ന സമയത്ത് പൈലറ്റിന്റെ ഭാഗത്തുനിന്നും തികഞ്ഞ ശ്രദ്ധ ആവശ്യമുണ്ട്. ഇന്ത്യയില്‍ മംഗലാപുരം, കോഴിക്കോട്, മിസോറാമിലെ ലെങ്പൊയി എന്നിവിടങ്ങളില്‍ മാത്രമാണ് ഇത്തരത്തിലുള്ള വിമാനത്താവളങ്ങളുള്ളത്.

കനത്ത മഴയാണ് സ്ഥലത്ത് ഉണ്ടായിരുന്നത്. ഇതിൽ 174 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പത്ത് കുട്ടികളും ഉണ്ടായിരുന്നു. 6 ക്രൂ അംഗങ്ങളുണ്ടായിരുന്നു എന്നും എയർ ഇന്ത്യ വ്യക്തമാക്കുന്നു. വന്ദേഭാരത് മിഷനിൽപ്പെട്ട വിമാനമാണ് അപകടത്തിൽപ്പെട്ടത്. ക്യാപ്റ്റൻ ദീപക് വസന്ത് സാഥെ, ക്യാപ്റ്റൻ അഖിലേഷ് എന്നിവരാണ് വിമാനം ഓടിച്ചിരുന്നത് എന്നാണ് വിവരം. പൈലറ്റ് ദീപക് സാഥെ മരിച്ചതായാണ് പ്രാഥമികവിവരം. രണ്ട് യാത്രക്കാരും മരിച്ചതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. സഹപൈലറ്റ് അഖിലേഷിന് സാരമായ പരിക്കേറ്റുവെന്നും വിവരമുണ്ട്. പൈലറ്റിനെ പുറത്തെടുക്കുമ്പോൾ തന്നെ ബോധം ഇല്ലായിരുന്നു എന്ന് രക്ഷാപ്രവർത്തകർ പറയുന്നു.

വിമാനത്താവളത്തിന്‍റെ മതിലിൽ തട്ടി വിമാനത്തിന്‍റെ ചിറകുകൾ തകർന്നു. ഇതിനുള്ളിൽ സംഭരിച്ചിരുന്ന വിമാന ഇന്ധനം നിറച്ച് ടാങ്ക് പൊട്ടിത്തകരാതിരുന്നത് വൻ ദുരന്തം ഒഴിവാക്കിയെന്നാണ് വിവരം. മംഗലാപുരം ദുരന്തത്തിൽ വിമാനം താഴേക്ക് വീണപ്പോൾ തീപിടിച്ചാണ് നിരവധിപ്പേർ മരിച്ചത്. എന്നാൽ ഇത്തരത്തിലൊരു ദുരന്തം ഇവിടെ ഉണ്ടായിട്ടില്ല. എന്നാൽ യാത്രക്കാർക്ക് എല്ലാവർക്കും ഗുരുതരമായ പരിക്കേറ്റിട്ടുണ്ട് എന്നാണ് വിവരം. നിരവധി ആംബുലൻസുകളാണ് സ്ഥലത്തേക്ക് എത്തിച്ചിരിക്കുന്നത്. നിരവധി ഫയർ എഞ്ചിനുകളും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

കോഴിക്കോട് മിംസ് ആശുപത്രി, മെഡിക്കൽ കോളേജ്, തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികൾ എന്നിവിടങ്ങളിലേക്കാണ് പരമാവധി യാത്രക്കാരെയും എത്തിച്ചിരിക്കുന്നത്. മിംസ് ആശുപത്രിയിലേക്ക് എട്ടുപേരെയാണ് എത്തിച്ചിരിക്കുന്നത്.

✍️
ക കരിപ്പൂർ വിമാനാപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാന മന്ത്രാലയം. ഞെട്ടിക്കുന്ന അപകടമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു. എൻഡിആർഎഫ് രക്ഷാപ്രവർത്തനത്തിന് നിർദേശം നൽകിയെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു. അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രി പിണറായി വിജയനുമായി വിമാനാപകടം സംബന്ധിച്ച കാര്യങ്ങൾ ടെലിഫോണിൽ സംസാരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലാ കളക്ടർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ സംഘവും ഐ ജി അശോക് യാദവും എയർപോർട്ടിൽ എത്തി രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു.

കരിപ്പൂരില്‍ വെള്ളിയാഴ്ച രാത്രി സംഭവിച്ച വിമാന അപകടത്തില്‍ രക്ഷപ്പെട്ട കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്തി.

വെള്ളിയാഴ്ച രാത്രി സംഭവിച്ച വിമാന അപകടത്തില്‍ രക്ഷപ്പെട്ട കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്തി. ഒറ്റപ്പെട്ട നിലയിലായ കുട്ടിയുടെ രക്ഷകര്‍ത്താക്കളെയോ അന്വേഷിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. ബാദുഷ ജമാല്‍ എന്നയാളാണ് കുട്ടിയുടെ ചിത്രവും ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറും സഹിതം ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. 190 യാത്രക്കാരുമായി ദുബായിയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ വിമാനമാണ് ഇറങ്ങുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി അപകടമുണ്ടായത്.

Exit mobile version