പേമാരിയെത്തുടര്‍ന്നുള്ള മേഘവിസ്‌ഫോടനവും മിന്നല്‍പ്രളയവും മൂലം ഉത്തരേന്ത്യയില്‍ 38 പേര്‍ മരിച്ചു.വെള്ളിയാഴ്ച മുതല്‍ കനത്ത മഴ അനുഭവപ്പെടുന്ന ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലില്‍പ്പെട്ട് 22 പേര്‍ മരിച്ചു. കനത്ത മഴ തുടരുന്ന ഒഡീഷയില്‍ ആറ് പേരും ഉത്തരാഖണ്ഡില്‍ നാല് പേരും മരിച്ചു. ജമ്മു കാഷ്മീരില്‍ രണ്ട് പേര്‍ മഴക്കെടുതിയില്‍ കൊല്ലപ്പെട്ടു.ഉത്തരേന്ത്യയില്‍ നാല് ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മേഖലയിലെ പല നദികളും കരകവിഞ്ഞൊഴുകുകയാണ്. പ്രളയഭീതി തുടരുന്നതിനാല്‍ ഒട്ടേറെ ഗ്രാമങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു.
ഹിമാചലിലെ മണാലി-ചണ്ഡിഗഡ് ദേശീയപാത ഉള്‍പ്പെടെ 743 റോഡുകളില്‍ ഗതാഗതം നിര്‍ത്തിവച്ചു. ധര്‍മശാലയില്‍ ചക്കി നദിക്കു കുറുകെയുള്ള റെയില്‍വേ പാലത്തിന്റെ മൂന്നു തൂണുകള്‍ നദിയിലേക്കു തകര്‍ന്നുവീണു. 25 വരെ സംസ്ഥാനത്തു മണ്ണിടിച്ചിലിനു സാധ്യതയുണ്ടെന്നു സംസ്ഥാന ദുരന്തനിവാരണ വകുപ്പ് അറിയിച്ചു.
ഹമീര്‍പൂരിലെ ഖേരി സുജന്‍പൂരില്‍ രാവിലെ ആറോടെ പത്തിലധികം വീടുകളില്‍ വെള്ളം കയറി. കുട്ടികളടക്കം 22 പേര്‍ കുടുങ്ങി. ഇവരില്‍ 19 പേരെ രക്ഷപ്പെടുത്തിയയെന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ടുകള്‍. കന്‍ഗ്ര ജില്ലയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഒരു ഗ്രാമം മുഴുവന്‍ വെള്ളത്തില്‍ മുങ്ങി. അഞ്ഞൂറിലധികം ആളുകളെ ഒഴിപ്പിച്ചു.അടുത്ത ആഴ്ചയില്‍ മിതമായതു മുതല്‍ ശക്തമായതു വരെയുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്നാണു കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.