തൃശൂരിൽ വൻ മദ്യവേട്ട. ചേറ്റുവയിൽ 50 ലക്ഷം രൂപയുടെ 3600 ലീറ്റർ വിദേശമദ്യം പിടികൂടി. പാൽ വണ്ടിയിൽ കടത്താൻ ശ്രമിച്ച വിദേശ മദ്യം തൃശ്ശൂർ ചേറ്റുവയിൽ വച്ചാണ് പിടികൂടിയത്. തിരുവനന്തപുരം, കൊല്ലം സ്വദേശികളായ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഓണക്കാലത്ത് വിൽപന നടത്താൻ മാഹിയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന മദ്യമാണ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു
തിരുവനന്തപുരം ഭാഗത്തേക്ക് വൻതോതിൽ വിദേശ മദ്യം കടത്തുന്നു എന്ന വിവരത്തിൻറെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന. കൊടുങ്ങല്ലൂർ ഡിവൈഎസ്പിയുടെ സ്‌പെഷ്യൽ സ്‌ക്വാഡും വാടാനപ്പള്ളി പൊലീസുമാണ് സംയുക്ത പരിശോധന നടത്തിയത്. വിഘ്‌നേശ്വര മിൽക്ക് വാൻ എന്ന വണ്ടിയിലാണ് വിവിധ ബ്രാൻറുകളുടെ 3,600 ലിറ്റർ വിദേശ മദ്യം കടത്തിയിരുന്നത്. സംഭവത്തിൽ രണ്ടുപേരെ പിടികൂടി.
കൊല്ലം കല്ലുവാതുക്കൽ സ്വദേശി സജി, തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി കൃഷ്ണ പ്രകാശ് എന്നിവരാണ് പിടിയിലായത്. ഓണക്കാല വിൽപനയ്ക്കായി മാഹിയിൽ നിന്ന് മദ്യം കടത്തുകയായിരുന്നെന്നാണ് പ്രതികൾ നൽകിയ മൊഴി. എറണാകുളം, കൊല്ലം, തിരുവനന്തപുരം ജില്ലകൾ കേന്ദ്രീകരിച്ച് വിൽപന നടത്തുകയായിരുന്നു ലക്ഷ്യം. മദ്യം ആരിൽ നിന്ന് വാങ്ങി, ആർക്കൊക്കെ എത്തിക്കുന്നു തുടങ്ങിയ വിവരങ്ങൾ ശേഖരിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.