Saturday, November 23, 2024
HomeSportsFootballലോക ചാമ്പ്യന്മാരെ അട്ടിമറിച്ച് സ്വിറ്റ്സർലൻഡ് ക്വാർട്ടറിൽ

ലോക ചാമ്പ്യന്മാരെ അട്ടിമറിച്ച് സ്വിറ്റ്സർലൻഡ് ക്വാർട്ടറിൽ

ബുക്കാറസ്റ്റ്:

യൂറോകപ്പിൽ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ ലോക ചാമ്പ്യൻമാരായ ഫ്രാൻസിനെ തകർത്ത് സ്വിറ്റ്സർലൻഡ് ക്വാർട്ടറിൽ. ഫ്രാൻസിനായി അഞ്ചാമത്തെ കിക്കെടുത്ത കിലിയൻ എംബാപ്പെയുടെ ഷോട്ട് തടഞ്ഞ സ്വിസ് ഗോൾകീപ്പർ യാൻ സോമർ ടീമിനെ അവസാന എട്ടിലെത്തിച്ചു. ക്വാർട്ടർ ഫൈനലിൽ സ്പെയ്നാണ് സ്വിറ്റ്സർലൻഡിന്റെ എതിരാളികൾ. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമും മൂന്നു ഗോൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. സ്വിസ് ടീമിനായി ഗവ്രാനോവിച്ച്, ഫാബിയാൻ ഷാർ, അകാൻജി, വാർഗാസ്, അഡ്മിർ മെഹ്മെദി എന്നിവർ ലക്ഷ്യം കണ്ടു. ഫ്രാൻസിനായി പോഗ്ബ, ജിറൂദ്, മാർക്കസ് തുറാം, കിംപെംബെ എന്നിവർക്ക് ലക്ഷ്യം കാണാനായപ്പോൾ അഞ്ചാം കിക്കെടുത്ത എംബാപ്പെയ്ക്ക് പിഴയ്ക്കുകയായിരുന്നു. നിശ്ചിത സമയത്ത് വിജയം ഉറപ്പിച്ചിരുന്ന ഫ്രാൻസിനെതിരേ അവസാന 10 മിനിറ്റിനുള്ളിൽ നേടിയ രണ്ടു ഗോളിലാണ് സ്വിറ്റ്സർലൻഡ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീട്ടിയത്. സ്വിറ്റ്സർലൻഡിനായി ഹാരിസ് സെഫെറോവിച്ചും ഫ്രാൻസിനായി കരീം ബെൻസേമയും ഇരട്ട ഗോളുകൾ നേടി. കളിയാരംഭിച്ച് 15-ാം മിനിറ്റിൽ തന്നെ ഹാരിസ് സെഫെറോവിച്ചിലൂടെ സ്വിറ്റ്സർലൻഡ് മുന്നിലെത്തി. ബോക്സിന്റെ ഇടതുഭാഗത്തു നിന്ന് സ്റ്റീവൻ സുബർ നീട്ടിനൽകിയ ഒരു ക്രോസിൽ നിന്നായിരുന്നു ഗോളിന്റെ പിറവി. ഫ്രഞ്ച് ഗോൾകീപ്പർ ഹ്യൂഗോ ലോറിസിന് യാതൊരു അവസരവും നൽകാതെ ഹാരിസ് സെഫെറോവിച്ച് പന്ത് ഹെഡറിലൂടെ വലയിലെത്തിച്ചു. ആദ്യ പകുതിയിൽ മികച്ച മുന്നേറ്റങ്ങളൊന്നും ഫ്രാൻസിന് നടത്താൻ സാധിച്ചില്ല. എംബാപ്പെയുടെ ഒറ്റയാൾ മുന്നേറ്റങ്ങൾ ഒഴിച്ചുനിർത്തിയാൽ ഫ്രാൻസിന് കാര്യമായ ഗോളവസരങ്ങളൊന്നും സൃഷ്ടിക്കാനായില്ല. എംബാപ്പെയ്ക്കാകട്ടെ ഫിനിഷിങ്ങും പിഴച്ചു. രണ്ടാം പകുതിയിൽ മുന്നിലെത്താനുള്ള അവസരം 55-ാം മിനിറ്റിൽ റിക്കാർഡോ റോഡ്രിഗസ് നഷ്ടപ്പെടുത്തി. സ്വിറ്റ്സർലൻഡിന് അനുകൂലമായി ലഭിച്ച പെനാൽറ്റി റോഡ്രിഗസ് നഷ്ടപ്പെടുത്തുകയായിരുന്നു. താരത്തിന്റെ ദുർബലമായ ഷോട്ട് ഫ്രഞ്ച് ഗോൾകീപ്പർ ഹ്യൂഗോ ലോറിസ് രക്ഷപ്പെടുത്തി. സ്റ്റീഫൻ സുബറിനെ ബെഞ്ചമിൻ പവാർഡ് ബോക്സിൽ വീഴ്ത്തിയതിനായിരുന്നു പെനാൽറ്റി. രണ്ടാം പകുതിയിൽ ദെഷാംപ്സ് ലെങ്ലെറ്റിന് പകരം കിങ്സ്ലി കോമാനെ ഇറക്കിയതോടെ ഫ്രഞ്ച് മുന്നേറ്റങ്ങൾക്ക് ജീവൻവെച്ചു. 57-ാം മിനിറ്റിൽ കരീം ബെൻസേമയിലൂടെ ഫ്രാൻസ് ഗോൾ മടക്കി. എംബാപ്പെ ബോക്സിലേക്ക് നീട്ടിയ പന്ത് മികച്ച ടെക്നിക്കിലൂടെ പിടിച്ചെടുത്തായിരുന്നു ബെൻസേമയുടെ ഗോൾ. സ്വിസ് ഗോൾകീപ്പർ യാൻ സോമറിന് തടയാൻ അവസരം ലഭിക്കും മുമ്പ് ബെൻസേമ പന്ത് വലയിലേക്ക് ചിപ് ചെയ്തു. പിന്നാലെ 59-ാം മിനിറ്റിൽ ബെൻസേമ രണ്ടാമതും സ്വിസ് വല കുലുക്കി. എംബാപ്പെയും ഗ്രീസ്മാനും ബെൻസേമയും ചേർന്നുള്ള മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. പന്തുമായി മുന്നേറിയ ഗ്രീസ്മാന്റെ പാസ് സ്വിസ് ഗോൾകീപ്പർ യാൻ സോമറിന്റെ ഗ്ലൗസിൽ തട്ടി നേരേ ബെൻസേമയിലേക്ക്. പോസ്റ്റിന് തൊട്ടുമുന്നിൽ നിന്ന് ബെൻസേമ പന്ത് വലയിലെത്തിച്ചു. പിന്നീട് ആക്രമണങ്ങൾ ശക്തമാക്കിയ ഫ്രാൻസ് 75-ാം മിനിറ്റിൽ പോൾ പോഗ്ബയുടെ തകർപ്പൻ ഗോളിൽ ലീഡുയർത്തി. ബോക്സിന് പുറത്തുനിന്നുള്ള താരത്തിന്റെ ലോങ് റേഞ്ചർ സോമറിനെ നിഷ്പ്രഭനാക്കി വലയിലെത്തുകയായിരുന്നു. എന്നാൽ 81-ാം മിനിറ്റിൽ കെവിൻ എംബാബുവിന്റെ ക്രോസ് വലയിലെത്തിച്ച സെഫെറോവിച്ച് സ്വിസ് ടീമിന് പ്രതീക്ഷ നൽകി. 90-ാം മിനിറ്റിൽ മാരിയോ ഗവ്രാനോവിച്ചും സ്കോർ ചെയ്തതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക്. ഒടുവിൽ ഷൂട്ടൗട്ടിൽ സ്വിറ്റ്സർലൻഡിന്റെ അട്ടിമറി.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments