Pravasimalayaly

സിൽവർ ലൈൻ പദ്ധതിയിലൂടെ സംസ്ഥാനത്തെ ജനങ്ങളുടെമേൽ അപ്രഖ്യാപിത യുദ്ധമാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ഫ്രാൻസിസ് ജോർജ്

മുവാറ്റുപുഴ: സിൽവർ ലൈൻ പദ്ധതിയിലൂടെ സംസ്ഥാനത്തെ ജനങ്ങളുടെമേൽ അപ്രഖ്യാപിത യുദ്ധമാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് കേരള കോൺഗ്രസ് നേതാവ് കെ. ഫ്രാൻസിസ് ജോർജ് പറഞ്ഞു. പാരിസ്ഥിതിക അനുമതിയും സാങ്കേതിക അനുമതിയും ലഭിക്കുന്നതിന് മുമ്പ് പോലീസുകാരും, കെ റെയിൽ ഉദ്യോഗസ്ഥരും പാവപ്പെട്ടവരുടെ വീടുകളും കിടപ്പാടങ്ങളും കയ്യേറി അടുക്കളകളിൽ പോലും സർവ്വേ കല്ലിടുകയും ജനങ്ങളുടെ പ്രതിഷേധത്തെ അടിച്ചമർത്തുകയുമാണ്.

കേരളത്തിൽ അങ്ങോളമിങ്ങോളം സ്ത്രീകളെയും വൃദ്ധജനങ്ങളെയും ക്രിമിനലുകളെ പോലെ വലിച്ചിഴച്ചും അടിച്ചോടിച്ചും എന്തടിസ്ഥാനത്തിലാണ് കെ .റെയിലിന് കല്ലിടുന്നതെന്ന് ഫ്രാൻസിസ് ജോർജ് ചോദിച്ചു. സാധാരണക്കാരായ ജനങ്ങളെ ശത്രു പക്ഷത്താക്കി അവരുടെ കണ്ണുനീർ വീഴ്ത്തി കെ റെയിൽ പദ്ധതിയുമായി മുന്നോട്ടു പോകുവാൻ സർക്കാരിനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പിടിവാശി ഉപേക്ഷിച്ചു സർക്കാർ അശാസ്ത്രീയമായ പദ്ധതിയിൽ നിന്നും പിൻമാറണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.

Exit mobile version