Pravasimalayaly

ലോകായുക്ത വിവാദത്തിൽ എല്‍.ഡി.എഫ്. ഘടക കക്ഷികള്‍ നിലപാട് വ്യക്തമാക്കണം: ഫ്രാന്‍സീസ് ജോര്‍ജ്ജ്

കോട്ടയം

ലോകായുക്ത നിയമ ഭേദഗതി ഓര്‍ഡിനന്‍സ്, ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫിനെതിരെ കെ. റ്റി. ജലീല്‍ എം.എല്‍.എ.യുടെ ആരോപണങ്ങൾ എന്നീ പ്രശ്‌നങ്ങളില്‍ എല്‍.ഡി.എഫ്. ഘടകകക്ഷികള്‍, കേരളാ കോണ്‍ഗ്രസ് (എം) ഉള്‍പ്പെടെ നിലപാട് വ്യക്തമാക്കണമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് കെ.ഫ്രാന്‍സീസ് ജോര്‍ജ്ജ് ആവശ്യപ്പെട്ടു.

പ്രശ്‌നത്തില്‍ സി.പി.എം., സി.പി.ഐ. കക്ഷികള്‍ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. നിയമസഭയിൽ ചർച്ച ചെയ്താണ് ഭേദഗതി നടപ്പിൽ വരുത്തേണ്ടത് എന്ന് പറയാനേങ്കിലും സി. പി. ഐ. ധൈര്യം കാട്ടിയിരിക്കുന്നു. ഭരണഘടനനുസൃതമാക്കുകയാണ് ലക്ഷ്യം എന്ന് സി. പി. എം പറയുന്നു. എന്താണ് ഉദ്ദേശം എന്ന് ജനങ്ങൾക്കു ബോധ്യമായിട്ടുണ്ട്. കേരള കോണ്‍ഗ്രസ്സ് (എം), മറ്റു കക്ഷികളും ദൂരഹമായ മൗനം പാലിക്കുകയാണ് .

1996 ലെ എല്‍.ഡി.എഫ്. സർക്കാരിൻറെ കാലത്ത് കേരള നിയമസഭ പാസ്സാക്കിയ നിയമത്തിലൂടെ പൊതുപ്രവര്‍ത്തകരുടെ അഴിമതി തടയുന്നതിനായി രൂപീകരിച്ച ലോകായുക്ത, ഇന്‍ഡ്യയിലെ സംസ്ഥാനങ്ങളില്‍ ഏറ്റവും ഫലപ്രദമായും കാര്യക്ഷമമായും അഴിമതി നിരോധനത്തിനായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സംവിധാനമാണ്. ഈ അര്‍ദ്ധ ജുഡീഷ്യല്‍ സംവിധാനത്തിൻറെ തീരുമാനത്തിന് മുകളില്‍ മുഖ്യമന്ത്രി പിണറായി വിജയൻറെ താല്പര്യത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തുവാന്‍ ഉദ്ദേശിച്ചുള്ളതാണ് ഭേദഗതി. മന്ത്രിസഭയിലോ മുന്നണിയിലോ ചര്‍ച്ച ചെയ്യാതെ, ഇത്ര സുപ്രധാനമായ ഭേദഗതികള്‍ കൊണ്ടുവരുന്നത് ജനാധിപത്യ വ്യവസ്ഥയ്ക്ക് ചേര്‍ന്ന് സമീപനമല്ല.

തനിക്കെതിരെ വിധി പറഞ്ഞു എന്നതിന്റെ പേരില്‍ ലോകായുക്ത ജിസ്റ്റിസ് സിറിയക് തോമസിനെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുകയാണ് കെ ടി ജലീൽ . ലോകയുക്ത ജസ്റ്റിസ്‌ സിറിയക്ക്‌ ജോസഫ് സഹോദരഭാര്യയ്ക്ക് ഉന്നതപദവി ലഭിക്കാന്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തി, അഭയാ കേസില്‍ ഇടപെട്ടു, സുപ്രീം കോടതി ജഡ്ജി ആയിരുന്നപ്പോള്‍ ആറ് കേസുകളില്‍ മാത്രം തീര്‍പ്പ് കല്പിച്ചിട്ടുള്ളൂ തുടങ്ങിയ ആരോപണങ്ങള്‍ എന്ത് വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഉന്നയിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കണം.
ജലീലിനെതിരെ ലോകായുക്ത ബന്ധുനിയമന കേസ്സില്‍ എടുത്ത തീരുമാനം ഹൈക്കോടതിയും സുപ്രീം കോടതയും ശരിവച്ചതാണ്.

നീതിന്യായ, അഴിമതി നിരോധന സംവിധാനങ്ങളെ ആകെ ഇകഴ്ത്തിക്കാണിക്കുന്ന ജലില്‍ ജല്‍പനങ്ങള്‍ പരക്കെ ചര്‍ച്ച ചെയ്യുകയും അപലപിക്കപ്പെടുകയും ചെയ്യുമ്പോള്‍ എല്‍.ഡി.എഫ്.ലെ ”ജനാധിപത്യ” കക്ഷി എന്ന് അവകാശപ്പെടുന്ന കേരള കോണ്‍ഗ്രസ്സ് (എം) തങ്ങളുടെ നിലപാട് വ്യക്തമാക്കുവാന്‍ അറച്ചും, മടിച്ചും, ഭയപ്പെട്ടു നില്ക്കുകയാണ്. ഇതര ഘടകകക്ഷികളും മൗനം പാലിക്കുന്നു. കേരളാ കോണ്‍ഗ്രസ്സ് (എം) മറ്റു ഘടകകക്ഷികളും അഴിമതിരഹിത സുതാര്യ ഭരണത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കിൽ നിലപാട് വ്യക്തമാക്കണമെന്ന് ഫ്രാന്‍സീസ് ജോര്‍ജ്ജ് ആവശ്യപ്പെട്ടു.

Exit mobile version