ഇടുക്കി: ഇടതുമുന്നണി നേതാക്കളുടെ വാഗ്ദാനങ്ങളിൽ കുടുങ്ങി കൂറുമാറ്റo നടത്തിയ വാത്തിക്കുടി, കുടയത്തൂർ പഞ്ചായത്തു പ്രസിഡന്റുമാരായ സിന്ധു ജോസ്, ഉഷ വിജയൻ എന്നിവർ എൽ.ഡി.എഫിൽ തുടരാനാണ് ആഗ്രഹിക്കുന്നതെങ്കിൽ പഞ്ചായത്തു മെമ്പർ സ്ഥാനം രാജിവച്ചു തെരഞ്ഞെടുപ്പിനെ നേരിടണമെന്ന് കേരള കോൺഗ്രസ് നേതാവ് കെ.ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു
വാത്തിക്കുടി, വണ്ണപ്പുറം, കുടയത്തൂർ പഞ്ചായത്തുകളിൽ യു.ഡി.എഫ് ധാരണയനുസരിച്ചു ആദ്യത്തെ ഒരു വർഷമാണ് കേരള കോൺഗ്രസിന് ലഭിച്ചത്. മുന്നണി ധാരണ പാലിക്കുവാനും രാഷ്ട്രീയ മര്യാദ കാണിക്കുവാനും എല്ലാ ഘടകകക്ഷികൾക്കും ഉത്തരവാദിത്വമുണ്ട്. അതിനനുസരിച്ചു ഒരു വർഷം പൂർത്തിയാക്കിയ 2021 ഡിസംബർ 8-ന് പ്രസിഡണ്ട് സ്ഥാനം രാജിവയ്ക്കണമെന്ന് പാർട്ടി നിർദേശം നൽകിയിരുന്നതിനെ തുടർന്ന് വണ്ണപ്പുറം പഞ്ചായത്തു പ്രസിഡണ്ട് രാജീവ് രാജി വച്ചിരുന്നു.
സിന്ധു ജോസ്, ഉഷ വിജയൻ എന്നിവർ 2022 ജനുവരി 31 -ന് രാജി വയ്ക്കുമെന്ന് പാർട്ടി ജില്ല നേതൃത്വത്തെ അറിയിച്ചിരുന്നു. ജനുവരി 30, 31 തീയതികളിൽ മാധ്യമങ്ങളിലൂടെയാണ് അവർ മുന്നണി മാറുന്ന വാർത്തകൾ അറിയുന്നത്. കേരള കോൺഗ്രസ് പ്രതിനിധികളായി ചെണ്ട ചിഹ്നത്തിൽ യു.ഡി.എഫ് സ്ഥാനാർഥികളായി മത്സരിച്ചു വിജയിച്ചു മുന്നണി ധാരണയനുസരിച്ചു ഒരു വർഷത്തിലധികമായി പ്രസിഡണ്ട് സ്ഥാനത്തിരുന്ന ശേഷം ഇടതുമുന്നണി നേതാക്കളുടെ താൽക്കാലിക പ്രലോഭനങ്ങളിൽ വീണ് അധികാരം നിലനിർത്തുവാൻ വേണ്ടി ഇവർ എടുത്ത നിലപാട് സാമാന്യ മര്യാദക്കും രാഷ്ട്രീയ സദാചാരത്തിനും നിരക്കാത്ത പ്രവർത്തിയാണ്.
പാർട്ടിയെയും മുന്നണിയെയും അപമാനിക്കുകയും തങ്ങളെ വിജയിപ്പിച്ച വോട്ടർമാർക്ക് നൽകിയ ഉറപ്പ് പാലിക്കാതെ അവർ ഇപ്പോൾ ചെയ്‌തത് സ്വയം തിരിച്ചറിയണമെന്ന് ഫ്രാൻസിസ് ജോർജ് ഓർമ്മപ്പെടുത്തി.