ഇടുക്കി: സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരു കിലോമീറ്റർ ചുറ്റളവിൽ ഇക്കോ സെൻസിറ്റീവ് സോൺ നിർബന്ധമാക്കണമെന്ന സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തു ജനങ്ങൾക്ക് ഉണ്ടായിരിക്കുന്ന ആശങ്കകൾ പരിഹരിക്കുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് നേതാവ് കെ. ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.
നിയമനിർമ്മാണത്തിലൂടെ കർഷക താൽപ്പര്യം സംരക്ഷിക്കണമെന്നും സുപ്രിം കോടതി വിധി മറികടക്കുവാൻ റിവ്യു പെറ്റിഷൻ അടിയന്തിരമായി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . ഇടുക്കി ജില്ലയിൽ ഇടതുമുന്നണി ഹർത്താൽ മാത്രം നടത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടാതെ സ്വന്തം സർക്കാരിനെകൊണ്ട് കേന്ദ്രത്തിന് മുന്നിൽ ശക്തമായ സമ്മർദ്ദം ചെലുത്തണമെന്നും ഇടുക്കിയുടെ മുൻ എംപി കൂടിയായ ഫ്രാൻസിസ് ആവശ്യപ്പെട്ടു