Pravasimalayaly

വിഖ്യാത സംവിധായകന്‍ ഗൊദാര്‍ദ് അന്തരിച്ചു

വിഖ്യാത ഫ്രഞ്ച്  സംവിധായകനും നവതരംഗസിനിമയുടെ അമരക്കാരനുമായ ഴാങ് ലൂക് ഗൊദാര്‍ദ് അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ലൈഫ് ടൈം പുരസ്‌കാരം നേടിയിരുന്നു.

ചലച്ചിത്രനിരൂപകന്‍, നടന്‍, തിരക്കഥാകൃത്ത്, ഛായാഗ്രാഹകന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം ശ്രദ്ധേയനായിരുന്നു ഇദ്ദേഹം. രാഷ്ട്രീയസിനിമകള്‍ക്ക് വേറിട്ട ദിശാബോധം സമ്മാനിച്ചവയായിരുന്നു ഗൊദാര്‍ദിന്റെ സിനിമകള്‍.

ബ്രെത്ത് ലസ്, വീക്കെന്‍ഡ്, ലാ ചീനോയിസ്, കണ്ടംപ്റ്റ്, പ്രീംഹോം കാര്‍മെന്‍ തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമകള്‍

1930 ഡിസംബര്‍ 3ന് പാരീസിലെ ധനികമായ ഒരു പ്രൊട്ടസ്റ്റന്റ് കുടുംബത്തില്‍ ഫ്രഞ്ച്-സ്വിസ് ദമ്പതികളുടെ മകനായി ജനനം. പിതാവ് റെഡ്ക്രോസില്‍ ഡോക്ടറായിരുന്നു. അമ്മ സ്വിസ് ബാങ്ക് ഉടമയും. പ്രശസ്ത സംഗീതജ്ഞനായിരുന്ന ജാക്വിസ് ലൂയിസ് മൊനോദ് അമ്മയുടെ കസിനായിരുന്നു. ലോകമഹായുദ്ധകാലത്ത് സ്വിറ്റ്സര്‍ലന്‍ഡിലേക്ക് കുടുംബത്തോടൊപ്പം താമസം മാറ്റിയ ഗൊദാര്‍ദ് നിയോണിലെ പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം (അപ്പോഴേക്കും മാതാപിതാക്കള്‍ പരസ്പരം പിരിഞ്ഞിരുന്നു) 1950-ല്‍ പാരീസിലെ സോര്‍ബണ്‍ യുണിവേഴ്സിറ്റിയില്‍നിന്ന് നരവംശശാസ്ത്രത്തില്‍ ഉന്നതബിരുദം നേടി.

Exit mobile version