Pravasimalayaly

‘ബിക്കിനി കില്ലര്‍’ ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി

രാജ്യാന്തര കുറ്റവാളി ചാള്‍സ് ശോഭ്‌രാജ് നേപ്പാള്‍ ജയിലില്‍ നിന്ന് മോചിതനായി. 19 വര്‍ഷമായി ജയിലില്‍ കഴിയുന്ന ചാള്‍സിനെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ബുധനാഴ്ച ഉത്തരവിട്ടിരുന്നു. ജസ്റ്റിസുമാരായ സപാന പ്രധാന്‍ മല്ല, തിലക് പ്രസാദ് ശ്രേഷ്ഠ എന്നിവരടങ്ങിയ ബെഞ്ചാണ് 78 കാരനെ ജയിലില്‍ നിന്ന് മോചിപ്പിക്കാന്‍ ഉത്തരവ് നല്‍കിയത്

നിലവില്‍ നേപ്പാള്‍ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്‌മെന്റിലേക്കു മാറ്റിയ ചാള്‍സിനെ ഉടന്‍ തന്നെ ഫ്രാന്‍സിലേക്കു കൊണ്ടുപോകുമെന്നാണ് റിപ്പോര്‍ട്ട്. ജയില്‍മോചിതനായി 15 ദിവസത്തിനുള്ളില്‍ ശോഭരാജിനെ നാടുകടത്തണമെന്നാണ് സുപ്രീം കോടതി ഉത്തരവിലുള്ളത്.

‘ബിക്കിനി കില്ലര്‍’,  ‘സര്‍പ്പം’ എന്നീ പേരുകളില്‍ അറിയപ്പെട്ട ചാള്‍സ് 1975ല്‍ നേപ്പാളില്‍ വച്ച് അമേരിക്കന്‍ വനിതയെ കൊലപ്പെടുത്തിയ കേസില്‍ 2003 മുതല്‍ കാഠ്മണ്ഡു ജയിലില്‍ ജീവപര്യന്തം തടവ് അനുഭവിക്കുകയായിരുന്നു. 2014ല്‍ മറ്റൊരു കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇതോടെ രണ്ടാമത്തെ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. 

ജയില്‍ ശിക്ഷപൂര്‍ത്തിയാക്കിയെന്ന് കാണിച്ച് ശോഭ് രാജ് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് നടപടി. മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള ഇളവുകള്‍ അടിസ്ഥാനമാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ശിക്ഷാകാലാവധിയായ 20 വര്‍ഷത്തില്‍ 19 വര്‍ഷവും തടവുശിക്ഷ അനുഭവിച്ചു. നല്ലനടപ്പ് ചൂണ്ടിക്കാണിച്ച് ജയില്‍ മോചിതനാക്കണമെന്ന ശുപാര്‍ശയുള്ളതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

Exit mobile version