Saturday, November 23, 2024
HomeNewsവനം കൊള്ളയിൽ അന്വേഷണം പ്രഹസനം: എംഎം ഹസൻ

വനം കൊള്ളയിൽ അന്വേഷണം പ്രഹസനം: എംഎം ഹസൻ

തിരുവനന്തപുരം: വയനാട്ടിലെ മുട്ടിൽ ഉൾപ്പെടെ എട്ട് ജില്ലകളിലായി നടന്ന വനം കൊള്ളയിൽ 250 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നും കുറ്റവാളികളായ ഉദ്യോഗസ്ഥരെ സംഘത്തിൽ ഉൾപ്പെടുത്തി അന്വേഷണം സർക്കാർ അട്ടിമറിക്കുകയാണെന്നും  യുഡിഎഫ് കൺവീനർ എംഎം ഹസൻ. വയനാട്ടിലും പത്തനംതിട്ടയിലും തൃശൂരിലും ഇടുക്കിയിലുമായി വ്യാപകമായ വനംകൊള്ളയാണ് നടന്നത്. വനം മാഫിയ, ഉന്നത ഉദ്യോഗസ്ഥർ, സിപിഎമ്മിന്റെയും സിപിഐയുടെയും നേതാക്കൾ എന്നിവരടങ്ങിയ കൊള്ളസംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ ഓരോ ദിവസവും പുറത്തുവരികയാണെന്നും അതിനാൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിലോ അതല്ലെങ്കിൽ ജുഡീഷ്യൽ തലത്തിലോ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കർഷകരെ സഹായിക്കാനെന്ന പേരിൽ റവന്യൂു വകുപ്പ് ഇറക്കിയ ഉത്തരവ് വനം മാഫിയക്ക് വേണ്ടിയായിരുന്നു. ക്രൈംബ്രാഞ്ച്, വിജിലൻസ്, ഫോറസ്റ്റ് വിഭാഗങ്ങൾ ഇപ്പോൾ നടത്തുന്ന അന്വേഷണത്തിലൂടെ യഥാർത്ഥ പ്രതികളെ കണ്ടെത്താൻ കഴിയില്ല. കൊള്ളയ്ക്ക് നേതൃത്വം നൽകിയ വനം, റവന്യൂ തലത്തിലെ ഉദ്യോഗസ്ഥർ ഉൾപ്പെട്ട കുറ്റവാളികൾ നടത്തുന്ന അന്വേഷണത്തിൽ അഴിമതി കണ്ടുപിടിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കർഷകരെ സഹായിക്കാനെന്ന പേരിൽ റവന്യൂ വകുപ്പ് ഇറക്കിയ വിവാദ ഉത്തരവിനെക്കുറിച്ചാണ് യഥാർത്ഥത്തിൽ‍ അന്വേഷണം നടത്തേണ്ടത്. വകം കൊള്ളക്കാർക്ക് വേണ്ടി പഴുതുണ്ടാക്കി തയാറാക്കിയ ഉത്തരവിന് പിന്നിൽ ആർക്കൊക്കെ പങ്കുണ്ട് എന്ന് കണ്ടെത്തേണ്ടതുണ്ട്. ഉദ്യോഗസ്ഥർ മാത്രം വിചാരിച്ചാൽ അങ്ങനെയൊരു ഉത്തരവ് ഇറക്കാനാകില്ല. ലോക്ഡൗണിന്റെ മറവിൽ നടത്തിയ ഈ ആസൂത്രിതമായ കൊള്ളക്ക് പിന്നിൽ മുഖ്യമന്ത്രി, മുൻ റവന്യൂ, വനം മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ പങ്ക് പുറത്തുവരണമെങ്കിൽ ഇപ്പോഴത്തെ അന്വേഷണം പോര. ഉത്തരവ് സദുദ്ദേശപരമായിരുന്നു എന്ന് മുഖ്യമന്ത്രി പറയുമ്പോൾ ദുരുദ്ദേശപരമായി ഉത്തരവ് ഇറക്കിയെന്നാണ് വനം മന്ത്രി എകെ ശശീന്ദ്രൻ വാദിക്കുന്നത്. ഇടതുമുന്നണിയിലോ മന്ത്രിസഭയിലോ ചർച്ച ചെയ്യാതെ ഉത്തരവ് പുറത്തുവന്നതിനെക്കുറിച്ച് ക്രൈംബ്രാഞ്ചിന് അന്വേഷിക്കാനാവില്ല. സമഗ്രമായ അന്വേഷണത്തിലൂടെയെ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്ക് പുറത്തുവരുവെന്നും ഇക്കാര്യം ഉന്നയിച്ച് യുഡിഎഫ് ആയിരം കേന്ദ്രങ്ങളിൽ 24-ന് സംസ്ഥാന തലത്തിൽ ധർണ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സർക്കാരിന്റെ നല്ല പ്രവർത്തനങ്ങളോട് സഹകരിച്ചും ഇത്തരം കൊളളകൾക്കെതിരെ സമരം നടത്തിയും ക്രിയാത്മക പ്രതിപക്ഷമായി യുഡിഎഫ് മുന്നോട്ടുപോകും. സഹകരണവും സമരവുമെന്നതാണ് യുഡിഎഫിന്റെ നയം.  സെക്രട്ടറിയേറ്റിന് മുന്നിലും സംസ്ഥാനത്തെ മറ്റ് സർക്കാർ ഓഫീസുകൾക്ക് മുന്നിലുമാണ് യുഡിഎഫ് ധർണ നടത്തുക. സംസ്ഥാനതല ഉദ്ഘാടനം രാവിലെ 11ന് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് ധർണ 24-ന്

തിരുവനന്തപുരം: മരം കൊള്ളയെക്കുറിച്ച് ജുഡിഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടു കൊണ്ട് ജൂണ്‍ 24 ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ സംസ്ഥാനത്തൊട്ടുക്കു നടത്തുന്ന ധര്‍ണസംസ്ഥാനതല ഉല്‍ഘാടനം സെക്രട്ടേറിയറ്റിനു മുന്‍പില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസ്സൻ .വഴുതക്കാട്ടുള്ള ഫോറസ്റ്റ് ഹെഡ്ക്വാര്‍ട്ടേഴ്‌സിനു മുന്നില്‍ നടക്കുന്ന ധര്‍ണ കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ജില്ലയിലെ വിവിധ മണ്ഡലങ്ങളുടെ ധര്‍ണയില്‍ യു.ഡി.എഫ് നേതാക്കളായ കെ.മുരളീധരന്‍ എം.പി., ഡോ.എം.കെ.മുനീര്‍ എം.എല്‍.എ., എ.എ.അസീസ്, സി.പി.ജോണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും.കണ്ണൂരില്‍ കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരനും, മലപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിയും, ആലപ്പുഴ രമേശ് ചെന്നിത്തലയും, ഇടുക്കിയില്‍ പി.ജെ.ജോസഫും, കോട്ടയത്ത് എം.എം.ഹസ്സനും, കൊല്ലത്ത് എം.കെ.പ്രേമചന്ദ്രനും ധര്‍ണ ഉദ്ഘാടനം ചെയ്യും.എറണാകുളത്ത് പി.റ്റി.തോമസും, തൃശൂരില്‍ ബെന്നി ബഹനാനും, പാലക്കാട് വി.കെ.ശ്രീകണ്ഠനും, കോഴിക്കോട് എം.കെ.രാഘവനും, പത്തനംതിട്ടയില്‍ ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജി.ദേവരാജനും, വയനാട് റ്റി.സിദ്ദിഖും, കാസര്‍ഗോഡ് രാജ്‌മോഹന്‍ ഉണ്ണിത്താനുമാണ് ധര്‍ണ ഉദ്ഘാടനം ചെയ്യുന്നത്.യു.ഡി.എഫ്. നേതാക്കളായ അനൂപ് ജേക്കബ്, മാണി സി.കാപ്പന്‍, ജോണ്‍ ജോണ്‍, രാജന്‍ ബാബു, മോന്‍സ് ജോസഫ് എന്നിവര്‍ വിവിധ ജില്ലകളിലെ ധര്‍ണയ്ക്കു നേതൃത്വം നല്‍കും.

കേസ് നിയമപരമായി നേരിടും: യുഡിഎഫ്

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി കെ സുധാകരൻ ചുമതലയേറ്റ ചടങ്ങിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചുവെന്ന് ആരോപിച്ച് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്ത നടപടിയെ നിയമപരമായി നേരിടുമെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ. എകെജി സെന്ററിൽ മുഖ്യമന്ത്രിയും മറ്റ് നേതാക്കളും കൂട്ടം കൂടി നിന്ന് കേക്ക് മുറിച്ചാണ് ഇടതുമുന്നണിയുടെ വിജയാഘോഷം നടത്തിയത്. അന്ന് കേസ് എടുത്തില്ല. സർക്കാർ തലത്തിൽ തന്നെ വേറെയും പ്രോട്ടോക്കോൾ ലംഘനങ്ങൾ പലതുണ്ടായി. അതിലൊന്നും കേസ് എടുക്കാതെ കോൺഗ്രസിന്റെ ചടങ്ങിനെതിരെ കേസ് എടുത്തത് രാഷ്ട്രീയ വിരോധത്തോടെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് ജോലി നൽകിയത് ആസൂത്രിതമായാണ്. 450 പേർ പങ്കെടുത്ത ഇന്റർവ്യൂവിൽ നിന്ന് ഈ പ്രതികളുടെ ഭാര്യമാരെ മാത്രം തെരഞ്ഞെടുത്തത് യാദൃശ്ചികമാണെന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വാദം വിശ്വസനീയമല്ല. സിപിഎമ്മിന് വേണ്ടി കൊല്ലാൻ നടക്കുന്നവർക്ക് നിയമപരമായ സംരക്ഷണം ലഭിക്കുമെന്നും അവർക്ക്സർക്കാർ എന്ത് സഹായവും ചെയ്യുമെന്നുമുള്ള സന്ദേശമാണ് ഇതിലൂടെ പുറത്തുവരുന്നത്. സിപിഎമ്മിന്റെ രാഷ്ട്രീയ എതിരാളികളെ ആർക്കും ധൈര്യമായി കൊല്ലാമെന്നതിനുള്ള പ്രോത്സാഹനമാണ് പ്രതികളുടെ ഭാര്യമാർക്ക് ജോലി കൊടുത്തതിലൂടെ സർക്കാർ തെളിയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കെ റെയിൽ; യുഡിഎഫ് ഉപസമിതി

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ടു നല്‍കാന്‍ യു.ഡി.എഫ് ഒരു ഉപസമിതിയെ നിയോഗിച്ചു. ഡോ. എംകെ മുനീർ കൺവീനറായ സമിതിയിൽ വി.ടി ബൽറാം, അനൂപ് ജേക്കബ്, മോൻസ് ജോസഫ്, ഷിബു ബേബി ജോൺ, സിപി ജോൺ, ജി ദേവരാജൻ, മാണി സി കാപ്പൻ, രാജൻ ബാബു, ജോൺ ജോൺ എന്നിവരാണ് അംഗങ്ങൾ. കെ റെയിൽ പദ്ധതിയിലെ ഗുണങ്ങളും ദോഷങ്ങളും വിശദമായി പഠിച്ച് പത്തുദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് സമിയെ നിയോഗിച്ചതെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ അറിയിച്ചു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments