തിരുവനന്തപുരം: ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ ഒരാഴ്ച കൊണ്ട് പെട്രോളിന് വർധിപ്പിച്ചത് ആറ് രൂപ 97 പൈസയാണ്. സംസ്ഥാനത്ത് ഡീസൽ വില 100 രൂപ കടന്നു.
111 രൂപ 45 പൈസയാണ് കോഴിക്കോട് പെട്രോൾ ലിറ്ററിന് വില. ഡീസലിന് 98 രൂപ 45 പൈസയും. കൊച്ചിയിൽ പെട്രോളിന് 111 രൂപ 31 പൈസയും ഡീസലിന് 98 രൂപ 32 പൈസയുമാണ് വില. തിരുവനന്തപുരത്ത് ഇന്ന് ഡീസൽ വില 100.14ലേക്ക് എത്തി. 11 ദിവസത്തിന് ഇടയിൽ പെട്രോളിന് 6.95 രൂപയാണ് കൂടിയത്. ഇത്രയും ദിവസത്തിൽ ഡീസലിന് കൂടിയത് 6.74 രൂപ.
പാചകവാതക, ഇന്ധനവില വർധനവിനെതിരെ സംസ്ഥാനത്ത് ഇന്ന് കോൺഗ്രസ് പ്രതിഷേധം. വീടുകൾക്ക് മുമ്പിലും പൊതുസ്ഥലങ്ങളിലും ഗ്യാസ് സിലണ്ടർ, ഇരുചക്രവാഹനങ്ങൾ, എന്നിവയിൽ മാലചാർത്തിയാണ് പ്രതിഷേധിക്കുക.