Pravasimalayaly

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 74 വയസ്

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് 74 വയസ്. സത്യം, അഹിംസ, മതേതരത്വം എന്നീ മൂല്യങ്ങളില്‍ അടിയുറച്ചുവിശ്വസിച്ച ഗാന്ധിജി സഹിഷ്ണുതയുടെയും സ്വാതന്ത്ര്യത്തിന്റെയും എക്കാലത്തെയും വലിയ പ്രതീകമാണ്.

74 വര്‍ഷം മുമ്പ് ഇതുപോലൊരു ജനുവരി 30. അന്ന് വൈകീട്ട് 5.17നാണ് നാഥുറാം ഗോഡ്‌സെ എന്ന മതഭ്രാന്തന്റെ വെടിയുണ്ടകള്‍ ഗാന്ധിജിയുടെ നെഞ്ച് തുളച്ചുകയറിയത്. ഗാന്ധിജിയുടെ മരണം സ്ഥിരീകരിച്ചുകൊണ്ട് ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞ വാക്കുകളില്‍ എല്ലാമുണ്ടായിരുന്നു. ‘നമ്മുടെ ജീവിതത്തിലെ പ്രകാശം നമ്മെ വിട്ടുപോയി’.

ആ രാത്രി ഡല്‍ഹി ഉറങ്ങിയില്ല. ഒപ്പം രാജ്യവും. അന്ന് ഗോഡ്‌സെ ഇല്ലാതാക്കിയത് ഒരു ജനതയുടെ, രാഷ്ട്രത്തിന്റെ ആത്മാവിനെയായിരുന്നു. നിരന്തര സത്യാന്വേഷണമായിരുന്നു ഗാന്ധിജിക്ക് ജീവിതം. ആ സത്യാന്വേഷണത്തിനാണ് നാഥുറാം ഗോഡ്സേ അവസാനമിട്ടത്.

ആ രൂപം പോലെത്തന്നെ ലളിതമായിരുന്നു ആ ജീവിതവും. സഹിഷ്ണുതയായിരുന്നു ഗാന്ധിജി. വൈരുദ്ധ്യങ്ങളോട് നിരന്തരം സംവദിച്ച ഗാന്ധിജി, ഒരു ആശയത്തോടും മുഖം തിരിച്ചുനിന്നില്ല. സത്യഗ്രഹം എന്ന ആയുധം കൊണ്ട് കൊളോണിയല്‍ ഭരണകൂടത്തെ അടിയറവ് പറയിച്ച, ഏത് വെല്ലുവിളിയിലും അഹിംസയില്‍ ഉറച്ചുനിന്ന ആ ഇച്ഛാശക്തി കണ്ട് ലോകം അമ്പരന്നുനിന്നു.

മുഴുവന്‍ മനുഷ്യരുടെയും ആവശ്യങ്ങള്‍ നിറവേറ്റാനുള്ളത് ഈ ഭൂമിയിലുണ്ടെന്നും എന്നാല്‍ ഒരാളുടെ പോലും ആര്‍ത്തിയെ തൃപ്തിപ്പെടുത്താന്‍ അതിന് കഴിയില്ലെന്നും മനുഷ്യര്‍ കേള്‍ക്കെ ഉറക്കെ വിളിച്ചുപറഞ്ഞ ഗാന്ധിജി, ഹിംസയിലൂടെ നേടുന്ന വിജയം വിജയമല്ലെന്നും അത് തോല്‍വിയാണെന്നും നിരന്തരം ഓര്‍മിപ്പിച്ചു. ആ തിരിച്ചറിവോടെ ജീവിക്കാനും പ്രവര്‍ത്തിക്കാനും നമ്മുക്ക് കഴിയണം. അതാണ് ഗാന്ധിജിയെ ഓര്‍ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം.

Exit mobile version