Wednesday, July 3, 2024
HomeNewsKeralaചോദ്യം ചോദിക്കുമ്പോള്‍ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ വരുന്നു; അമ്മ ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് കെ ബി...

ചോദ്യം ചോദിക്കുമ്പോള്‍ ഇംഗ്ലീഷ് പഠിപ്പിക്കാന്‍ വരുന്നു; അമ്മ ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് കെ ബി ഗണേഷ് കുമാര്‍

തിരുവനന്തപുരം: അമ്മ സംഘടന ഇടവേള ബാബുവിന്റെ സ്വകാര്യ സ്വത്തല്ലെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. ദിലീപിന്റെ കാര്യത്തില്‍ സ്വീകരിച്ച നിലപാട് വിജയ് ബാബുവിന്റെ വിഷയത്തിലും സ്വീകരിക്കണം. അതിജീവിത ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഇടവേള ബാബു ഇനിയും മറുപടി നല്‍കിയിട്ടില്ല. പകരം അമ്മ ക്ലബ്ബ് ആണെന്നാണ് ബാബു പറയുന്നത്. 

താന്‍ ഉന്നയിച്ച ചോദ്യത്തിന് ഇടവേള ബാബു മറുപടി നല്‍കിയില്ല. പകരം തന്നെ ഇംഗ്ലീഷ് പഠിപ്പിക്കാനാണ് ഇടവേള ബാബു ശ്രമിച്ചത്. വിക്കീപിഡിയ നോക്കി ക്ലബ്ബിന്റെ അര്‍ത്ഥം പറയുകയാണ് ചെയ്യുന്നത്. താന്‍ ബാബുവിനെപ്പോലെ ഇംഗ്ലീഷ് പ്രൊഫസര്‍ അല്ലെന്നും, ഇംഗ്ലീഷ് പരിജ്ഞാനമില്ലന്നും ഗണേഷ് കുമാര്‍ പരിഹസിച്ചു. 

ക്ലബ് പ്രസ്താവനയില്‍ വാശിയോടെ ഇടവേള ബാബു ഉറച്ചു നില്‍ക്കുന്നത് എന്തിന്?. ആരെ രക്ഷിക്കാനാണ്?. അമ്മ എക്‌സിക്യൂട്ടീവിലെ ആരൊക്കെയോ എന്തോ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയെന്ന് ഇര പറയുന്നുണ്ട്. തന്നെ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിന് മുമ്പേ ഇര പറഞ്ഞ ആക്ഷേപങ്ങള്‍ക്ക് മറുപടി പറയൂ. ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട് ക്ലബ്ബിലല്ല ആരോപണ വിധേയന്‍ അംഗമായത്. അങ്ങനെയെങ്കില്‍ ആരോപണ വിധേയന്‍ അംഗമായ ക്ലബ്ബുകളുടെ പേരു കൂടി ഇടവേള ബാബു പുരത്തു വിടണമായിരുന്നു. 

അമ്മ ക്ലബ്ബാക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമെടുത്തോ എന്ന് ചോദിച്ച് പ്രസിഡന്റ് മോഹന്‍ലാലിന് കത്തു നല്‍കും. ഏതു സന്ദര്‍ഭത്തിലാണ് ഇടവേള ബാബുവിന് ക്ലബ്ബ് ആക്കാന്‍ അനുവാദം കൊടുത്തത് എന്നും ആരായും. സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയ്ക്ക് ഒരു വിശ്വാസ്യത വേണ്ടേയെന്നും ഗണേഷ് കുമാര്‍ ചോദിച്ചു. ബാബുവുമായി വ്യക്തിപരമായി വിരോധമൊന്നുമില്ല. താന്‍ രണ്ടു വട്ടം മന്ത്രിയായ ആളാണ്. ബാബുവിനേക്കാള്‍ കൂടുതല്‍ കാര്യം തനിക്കറിയാം. 

ഇടവേള ബാബു ഒറ്റയ്‌ക്കെഴുതിയ കത്തല്ല, പുതിയ ചില ബുദ്ധികേന്ദ്രങ്ങളാണ് ഇതിന് പിന്നിലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. പത്തനാപുരത്ത് രണ്ട് സ്ത്രീകള്‍ക്ക് വീടു വെച്ചു നല്‍കിയെന്ന് പറയുന്നു. അത് അവിടെയുള്ള പാവപ്പെട്ട രണ്ട് വിധവകള്‍ക്കാണ് വീടുവെച്ചു നല്‍കിയത്.  ആ വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ചപ്പോള്‍ ഇടവേള ബാബു അടക്കം അമ്മയിലെ ഭാരവാഹികളും പങ്കെടുത്തിരുന്നു.

ബിനീഷ് കോടിയേരിക്കെതിരായ കേസ് ബിജയ് ബാബു കേസ് പോലുള്ളതല്ല. ബിനീഷിനെതിരെ സാമ്പത്തിക കേസാണ്. നടി പ്രയിങ്കക്കെതിരെയും സാമ്പത്തികവുമായി ബന്ധപ്പെട്ട കേസാണ്. അത് കോടതി തീര്‍പ്പാക്കുകയും ചെയ്തു. അപകടത്തെത്തുടര്‍ന്ന് വിശ്രമിക്കുന്ന ജഗതി ശ്രീകുമാറിന്റെ കേസ് ഇപ്പോള്‍ കുത്തിപ്പൊക്കേണ്ട ആവശ്യമില്ല. മാത്രമല്ല അക്കാലത്ത് ഇടവേള ബാബു അമ്മയില്‍ ഉണ്ടായിരുന്നില്ലെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. 

ഇടവേള പറഞ്ഞതുപോലെ, ബിനീഷ് കോടിയേരിയുമായി ബന്ധപ്പെട്ട് താന്‍ ഒന്നും പറഞ്ഞിട്ടില്ല, ആ യോഗത്തില്‍ പങ്കെടുത്തിട്ടില്ല, തന്നോട് ആരും അഭിപ്രായം ചോദിച്ചിട്ടുമില്ല. വേറെയാര്‍ക്കും സമയമില്ലാത്തതുകൊണ്ടാണ് ഇടവേള ബാബു സംഘടന ജനറല്‍ സെക്രട്ടറിയായി തുടരുന്നതെന്ന് ഗണേഷ് പരിഹസിച്ചു. ഷമ്മി തിലകന്റെ ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments