തിരുവനന്തപുരം: ഗംഗേശാനന്ദ സ്വാമിയുടെ ലിംഗം മുറിച്ച കേസില്‍ നിര്‍ണായക വഴിത്തിരിവ്. പരാതിക്കാരിയായ യുവതിയും ആണ്‍സുഹൃത്ത് അയ്യപ്പദാസും ചേര്‍ന്നാണ് കൃത്യം നടത്തിയതെന്ന് വ്യക്തമായി. ഒരുമിച്ച് ജീവിക്കാന്‍ സ്വാമി തടസ്സമാകുമെന്ന് കരുതിയാണ് ഗൂഡാലോചന നടത്തിയത്. കേസില്‍ ഇരുവരേയും പ്രതിചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച് നിയമോപദേശം തേടി.
തന്നെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് ലിംഗം മുറിച്ചതെന്നാണ് പേട്ട പോലീസില്‍ ആദ്യം നല്‍കിയ പരാതിയില്‍ യുവതി പറഞ്ഞിരുന്നത്. എന്നാല്‍ അത്തരത്തിലല്ല കാര്യങ്ങളെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. നിയമോപദേശം ലഭിച്ചാല്‍ പരാതിക്കാരിയെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിക്കും.
2017ലാണ് കേസിനാസ്പദമായ സംഭവം. തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധിച്ചുവെന്ന് പറഞ്ഞ യുവതി പിന്നീട് കേസില്‍ സ്വാമിക്ക് അനുകൂലമായി മൊഴി മാറ്റിയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പുതിയ വഴിത്തിരിവുണ്ടായത്.
യുവതിയും അയ്യപ്പദാസും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ യുവതിയുടെ വീട്ടില്‍ വലിയ സ്വാധീനമുള്ള സ്വാമി ഇതിന് തടസ്സമാകുമെന്ന് കരുതി ഇരുവരും വര്‍ക്കലയിലും കൊല്ലത്തും വെച്ച് കൂടിക്കാഴ്ച നടത്തുകയും ഗൂഢാലോചന നടത്തുകയുമായിരുന്നു. ലിംഗം മുറിക്കുന്നതിന് മുന്നോടിയായി ഇരുവരും ഇന്റര്‍നെറ്റില്‍ ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ കണ്ട് മനസ്സിലാക്കിയിരുന്നു.
ഇവര്‍ നടത്തിയ മുന്നൊരുക്കങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ശാസ്ത്രീയമായി പരിശോധിച്ചതോടെയാണ് യുവതിക്കെതിരെ തെളിവുകള്‍ ലഭിച്ചതും ഗൂഢാലോചന നടന്നുവെന്ന് തെളിഞ്ഞതും. കേസില്‍ പ്രതി ചേര്‍ക്കാന്‍ കഴിയുമെന്ന് നിയമോപദേശം ലഭിച്ചാല്‍ ഉടനെ തുടര്‍നടപടികളിലേക്ക് കടക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.