തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറെ കസ്റ്റംസ് ചോദ്യം ചെയ്യും. സ്വര്‍ണ്ണകടത്ത് കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന സ്വപ്‌നാ സുരേഷിന്റെയും സരിത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കസ്റ്റംസിന്റെ തീരുമാനം. സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ ഷൈന്‍ എ ഹക്കിനോട് ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് കസ്റ്റംസ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണത്തിനിടയില്‍ വിദേശത്തേക്ക് ഡോളര്‍ കടത്തിയ വിവരങ്ങളും പുറത്ത് വന്നിരുന്നു. ഇതേ തുടര്‍ന്ന് ഡോളര്‍ കടത്തില്‍ കസ്റ്റംസ് പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സ്വപ്‌നാ സുരേഷ് ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. ഈ മൊഴിയില്‍ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസര്‍ ഷൈന്‍ എ ഹക്കിനെതിരെ പരാമര്‍ശമുണ്ടായിരുന്നു. രഹസ്യമൊഴിയുടെ പകര്‍പ്പ് കോടതിയില്‍ നിന്നും ശേഖരിച്ച കസ്റ്റംസ് അധികൃതര്‍ ഷൈന്‍ എ ഹക്കിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കുകയായിരുന്നു. നയതന്ത്ര പരിരക്ഷയില്ലാത്തവര്‍ക്ക് നയതന്ത്ര പരിരക്ഷയുള്ള തിരിച്ചറിയില്‍ കാര്‍ഡ് ഷൈന്‍ എ ഹക്ക് നല്‍കിയെന്ന് സ്വപ്‌ന മൊഴി നല്‍കിയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇതേ തുടര്‍ന്നാണ് കസ്റ്റംസിന്റെ പുതിയ നീക്കം. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥനായ ഖാലിദാണ് ലൈഫ് മിഷന്‍ ഇടപാടിലൂടെ ലഭിച്ച പണം ഡോളറായി വിദേശത്തേക്ക് കടത്തിയതെന്നാണ് കസ്റ്റംസിന്റെ അന്വേഷണത്തില്‍ വ്യക്തമായത്. ഡോളര്‍ കടത്ത് കേസില്‍ ഷൈന്‍ എ ഹക്കിനോട് നയതന്ത്ര പരിരക്ഷയുള്ള കാര്‍ഡ് അനര്‍ഹര്‍ക്ക് നല്‍കാന്‍ നിര്‍ദേശിച്ചത് ആരാണ് എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചോദിച്ചറിയാനാണ് കസ്റ്റംസിന്റെ തീരുമാനം.