കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത സംഭവം: ഗോപി കോട്ടമുറിക്കല്‍ മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു

0
26

കൊച്ചി: രക്ഷിതാക്കളില്ലാത്ത സമയത്ത് പ്രായപൂര്‍ത്തിയാകാത്ത മൂന്നു കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത സംഭവത്തിന് പിന്നാലെ മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍ രാജിവെച്ചു. സിപിഎം നിര്‍ദേശപ്രകാരമാണ് രാജി. ബാങ്കിലെ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടിയുണ്ട്.

പായിപ്ര പേഴായ്ക്കാപ്പള്ളി വലിയ പറമ്പില്‍ വിഎ രാജേഷിന്റെ വീട്ടിലായിരുന്നു കടബാധ്യതയുടെ പേരില്‍ മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ജപ്തി നടപടികള്‍ സ്വീകരിച്ചത്. രാജേഷും ഭാര്യയും ഹൃദ്രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയ്ക്ക് പോയപ്പോഴായിരുന്നു സംഭവം. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പുറത്താക്കി ജപ്തി നടപടി സ്വീകരിച്ച ബാങ്കിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് മാത്യു കുഴല്‍ നാടന്‍ എംഎല്‍എ സ്ഥലത്തെത്തി വീടിന്റെ പൂട്ട് പൊളിച്ച് അകത്തുകയറുകയായിരുന്നു. 

ഹൃദ്രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാജേഷിന്റെ കടം മാത്യു കുഴല്‍ നാടന്‍ ഏറ്റെടുത്തിരുന്നു. ഇത് വന്‍ വാര്‍ത്തയായതോടെ ബാങ്കിലെ സിഐടിയു യൂണിയന്‍ രാജേഷിന്റെ കടം അടച്ചുതീര്‍ക്കുമെന്ന് പ്രഖ്യാപിച്ച് രംഗത്തുവന്നെങ്കിലും അത് വേണ്ടെന്ന് രാജേഷ് പറഞ്ഞിരുന്നു. സിപിഎം ഭരിക്കുന്ന ബാങ്കില്‍ ഇത്തരത്തിലൊരു സംഭവമുണ്ടായത് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു. തുടര്‍ന്നാണ് ഗോപി കോട്ടമുറിക്കലിനെതിരേ നടപടിയെടുത്തത്.

Leave a Reply