കടന്നു പോയത് ഇതിഹാസ തുല്യമായ ജീവിതം: രമേശ് ചെന്നിത്തല

0
25

തിരുവനന്തപുരം:  കേരളത്തിന്റെ സാമൂഹ്യ-രാഷ്ട്രീയ ചരിത്രത്തിലെ ഇതിഹാസ തുല്യമായ ജീവിതമാണ്  ഗൗരിയമ്മയുടെ   വിയോഗത്തിലൂടെ     ഇല്ലാതായിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.    ചരിത്രം സൃഷ്ടിക്കുകയും സ്വയം ചരിത്രമാവുകയും   ചെയ്യുന്ന അപൂര്‍വ്വം വ്യക്തിത്വങ്ങളേ  നമുക്കു ചുറ്റുമുണ്ടായിട്ടുള്ളു. അതില്‍ ഒരാളായിരുന്നു കെ ആര്‍ ഗൗരിയമ്മ.  ജീവിതം തന്നെ മഹാസമരമാക്കി മാറ്റുകയും   ത്യാഗോജ്വലവും, സംഘര്‍ഷഭരിതവുമായ പാതകളിലൂടെ    നടന്നുകയറി  കേരളത്തിന്റെ സമുന്നത ജനകീയ നേതാക്കളില്‍ ഒരാളുകയും മാറുകയും ചെയ്ത വ്യക്തിത്വമായിരുന്നു ഗൗരിയമ്മ.   സ്ത്രീ എന്നത്് പരിമിതിയല്ല  കരുത്താണെന്ന്്്  സ്വജീവിതം കൊണ്ടവര്‍  തെളിയിച്ചു.  അവിഭക്ത കമ്യുണിസ്റ്റ്  പാര്‍ട്ടിയുടെയും പിന്നീട് സി പി എമ്മിന്റെയും  അതിന് ശേഷം  ഐക്യജനാധിപത്യമുന്നണിയുടെയും നേതൃനിരയില്‍ തലയുയര്‍ത്തി നില്‍ക്കുമ്പോഴും   ഗൗരിയമ്മയെ നയിച്ചത് സ്വന്തം രാഷ്ട്രീയ ബോധ്യങ്ങള്‍ തന്നെയായിരുന്നു.
നാല്‍പ്പത്താറ് വര്‍ഷം നിയമസഭാംഗവും പതിമൂന്ന് വര്‍ഷം മന്ത്രിയുമായിരുന്നു ഗൗരിയമ്മ. ഭൂപരിഷ്‌കരണമടക്കം  ഇന്ന് നാം  കാണുന്ന കേരളത്തെ  സൃഷ്ടിച്ച മഹത്തായ നിയമനിര്‍മാണങ്ങള്‍ക്ക് പിന്നിലെ  സജീവ സാന്നിധ്യമായിരുന്നു അവര്‍.  സാമൂഹ്യമായി പിന്നോക്കം നില്‍ക്കുന്ന ചുറ്റപാടുകളില്‍  ജനിച്ച് വളര്‍ന്ന് അക്കാലത്തെ പല സ്ത്രീകള്‍ക്കും അപ്രാപ്യമായ ഉന്നത വിദ്യാഭ്യാസം നേടി, നിശ്ചയദാര്‍ഢ്യവും  കഠിനാധ്വാനവും കൈമുതലാക്കി     ജനാധിപത്യ കേരളത്തിന്റെ  കരുത്തയായ നേതാവായി മാറാന്‍   അവര്‍ക്ക് കഴിഞ്ഞു.   സ്വന്തം പാര്‍ട്ടിയിലുള്‍പ്പെടെ ലിംഗ നീതിക്കും സാമൂഹ്യ സമത്വത്തിനും വേണ്ടി പോരാടാന്‍ എന്നും ഗൗരിയമ്മ  മുമ്പിലുണ്ടായിരുന്നു.
രാഷ്ട്രീയമായി മറു ചേരിയില്‍ നില്‍ക്കുന്ന കാലത്ത് പോലും  ഗൗരിയമ്മയുമായി വ്യക്തിപരമായി  വളരെ അടുത്ത  ബന്ധം  പുലര്‍ത്താന്‍  എനിക്ക് കഴിഞ്ഞിരുന്നു. എന്റെ വിവാഹത്തിന് ശേഷം  എന്നെയും ഭാര്യയെയും വിളിച്ച് വിരുന്നു തന്ന ഗൗരിയമ്മയെ ഇപ്പോഴും ഞാനോര്ക്കുന്നു.  സ്വന്തം മകന് നല്‍കുന്ന സ്‌നേഹവായ്പുകളാണ് അവര്‍ എന്നും എനിക്ക് പകര്‍ന്ന് നല്‍കിയിട്ടുള്ളത്.
ഗൗരിയമ്മ കടന്ന് പോകുന്നതോടെ ഒരു യുഗം അസ്തമിക്കുകയാണ്.     നൂറു വര്‍ഷങ്ങള്‍ക്കിടക്ക് മാത്രമേ  ഇത്തരം  ധന്യവും  ഉദാത്തവുമായ ജീവിതങ്ങള്‍ നമ്മളെ വിസ്മയിപ്പിച്ചുകൊണ്ട് കടന്നുവരാറുള്ളു.   ഗൗരിയമ്മയുടെ  പാവന സ്മരണക്ക് മുന്നില്‍ ആദരാഞ്ജലികള്‍

Leave a Reply