Pravasimalayaly

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഹര്‍ജിയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കിയേക്കില്ല

നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ സമയം വേണമെന്ന് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ ആവശ്യപ്പെടും. കേസില്‍ അന്വേഷണം ഇപ്പോള്‍ നടന്നുവരികയാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിക്കുമെന്നാണ് സൂചന. അതിജീവിതയുടെ ഹര്‍ജിയില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കില്ലെന്നും സൂചനയുണ്ട്.

ദൃശ്യങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് അന്വേഷണം വേണമെന്ന ആവശ്യം വിചാരണക്കോടതി നീട്ടിക്കൊണ്ട് പോകുന്നുവെന്നായിരുന്നു അതിജീവിതയുടെ പ്രധാന ആരോപണം. എന്നാല്‍ ഇതില്‍ കഴിഞ്ഞ ദിവസം വിചാരണകോടതി ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയിരുന്നു. ഈ മാസം 9ന് തന്നെ ഹര്‍ജിയില്‍ വ്യക്തത വരുത്തിയിരുന്നെന്നും ഇനി അന്വേഷണത്തിലേക്ക് കടക്കാന്‍ കഴിയില്ലെന്നുമായിരുന്നു വിചാരണക്കോടതി മറുപടി പറഞ്ഞിരുന്നത്.

കേസന്വേഷണവുമായി ബന്ധപ്പെട്ട തന്റെ ആശങ്കകള്‍ അറിയിക്കാന്‍ ഇന്നലെ അതിജീവിത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടരന്വേഷണം അവസാനിപ്പിക്കരുത് എന്നത് തന്നെയാണ് അതിജീവിത പ്രധാനമായും ഉന്നയിച്ച ആവശ്യം. അങ്ങനെയൊരു ആശങ്കയുടെ അടിസ്ഥാനത്തിലാണ് താന്‍ ഹര്‍ജി പോലും സമര്‍പ്പിച്ചത്. എന്നാല്‍ അത്തരം ആശങ്ക പറഞ്ഞപ്പോള്‍ തന്നെ അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് തന്നെ കോടതിയെ സമീപിച്ച കാര്യം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മറ്റൊന്ന് ഈ കേസില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനം ഒഴിഞ്ഞു പോയതിന് ശേഷം പുതിയ ആളെ നിയമിച്ചിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അടിയന്തരമായി പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടു. കേസില്‍ ദിലീപിന്റെ അഭിഭാഷകര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം നേരത്തെ ഉയര്‍ന്നതാണ്. അതുകൊണ്ട് തന്നെ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച അഭിഭാഷകരെ ചോദ്യം ചെയ്യണമെന്ന ആവശ്യം കൂടി അതിജീവിത മുന്നോട്ട് വച്ചിട്ടുണ്ട്. എന്നാല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി അതിജീവിത പിന്‍വലിക്കില്ലെന്നാണ് അതിജീവിത വ്യക്തമാക്കുന്നത്.

Exit mobile version