Pravasimalayaly

‘പ്രിയയുടേത് രാഷ്ട്രീയ നിയമനം, അതിനെ രാഷ്ട്രീയമായി തന്നെ നേരിടും’; എതിർപ്പുള്ളവർക്ക് കോടതിയിൽ പോകാമെന്ന് ഗവർണർ

കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗ്ഗീസിനെ കണ്ണൂർ സർവ്വകലാശാലയിൽ അസി.പ്രൊഫസറായി നിയമിച്ചത് കൃത്യമായ രാഷ്ട്രീയ താത്പര്യത്തോടെയാണെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അധ്യാപകന യോഗ്യതയില്ലാത്ത ആൾ നിയമനം നേടിയത് രാഷ്ട്രീയ നാടകം ആണെന്നും അതിനെ താൻ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും ഗവർണർ വ്യക്തമാക്കി. ചാൻസലർ എന്ന നിലയിലെ തന്റെ തീരുമാനത്തിനെതിരെ കീഴുദ്യോഗസ്ഥനായ വിസി നിയമപരമായി നീങ്ങുന്നത് അച്ചടക്ക ലംഘനമാണോ എന്ന കാര്യം പരിശോധിക്കുമെന്നും ഗവർണർ ഡൽഹി കേരളഹൌസിൽ വച്ച് മാധ്യമങ്ങളോട് പറഞ്ഞു. കണ്ണൂരിലെ അസി.പ്രൊഫസർ നിയമനത്തിൽ സ്വജനപക്ഷപാതം നടന്നുവെന്ന് വ്യക്തമാണ്. യോഗ്യതയില്ലാത്ത ഒരു വ്യക്തി അവിടെ അസി.പ്രൊഫസറായി നിയമിക്കപ്പെട്ടു. ആ വ്യക്തിയുടെ പങ്കാളി മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്നു എന്ന ഒരൊറ്റ കാരണം കൊണ്ടാണ് ഈ നിയമനം നടന്നത്. അതൊരു രാഷ്ട്രീയനിയമനമാണ് എന്നതിൽ എന്താണ് സംശയം…?.അസി.പ്രൊഫസർ നിയമനം രാഷ്ട്രീയമല്ലെങ്കിൽ പിന്നെ എങ്ങനെയൊണ് യോഗ്യതയില്ലാത്ത ആൾ അവിടെ നിയമിക്കപ്പെട്ടത്. എങ്ങനെയാണ് ആ ആൾ അവിടെ അഭിമുഖത്തിന് വിളിക്കപ്പെട്ടത്. ഇതാണ് രാഷ്ട്രീയം…. അക്കാര്യത്തിൽ സംശയമില്ല. അതിനെ രാഷ്ട്രീയമായി തന്നെ ഞാൻ നേരിടും. ഗവർണർ പറഞ്ഞു.

Exit mobile version