Pravasimalayaly

‘ചാന്‍സലര്‍ പദവി ഒഴിയാനുള്ള തീരുമാനത്തില്‍ മാറ്റമില്ല, പകരം ആര് എന്നത് നിയമസഭയ്ക്ക് തീരുമാനിക്കാം’; നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍


തിരുവനന്തപുരം: ചാന്‍സലര്‍ പദവി ഒഴിയാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്നാവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നത് കൊണ്ടാണ് പദവി ഏറ്റെടുക്കാത്തത്. പകരം സംവിധാനം ഏര്‍പ്പെടുത്തണം. തനിക്കാരോടും പ്രശ്‌നങ്ങളില്ലെന്നും വിവാദങ്ങളോട് തര്‍ക്കിച്ച് നില്‍ക്കാന്‍ താല്‍പര്യമില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

വിമര്‍ശനം ഉന്നയിക്കുന്നവര്‍ ഭരണഘടനാ സ്ഥാപനങ്ങളെ മാനിക്കണം. സംവാദങ്ങള്‍ ഭരണഘടനയും ചട്ടങ്ങളും പാലിച്ചാകണം. ഭരണഘടനയും ദേശീയ ചിഹ്നങ്ങളെയും ഞാന്‍ ബഹുമാനിക്കുന്നു. അതുകൊണ്ട് ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്തിനാണ് ആവശ്യമില്ലാതെ വിവാദങ്ങള്‍ ഉണ്ടാക്കുന്നത്? ഗവര്‍ണര്‍ ചോദിച്ചു.

നിലവിലെ തര്‍ക്കങ്ങള്‍ക്കുള്ള പരിഹാരം നിയമസഭ വിളിച്ചുചേര്‍ത്ത് ചാന്‍സലര്‍ പദവിയില്‍ നിന്നും തന്നെ മാറ്റുകയാണ്. പകരം ആരാകണം എന്നത് നിയമസഭയ്ക്ക് തീരുമാനിക്കാം. നിയമ നിര്‍മ്മാണമോ ഓര്‍ഡിനന്‍സോ എന്തുവേണമെങ്കിലും നിയമസഭയ്ക്ക് തീരുമാനിക്കാമെന്നും അദ്ദേഹം പറഞ്ഞു. അക്കാദമിക് വിഷയങ്ങള്‍ എന്തിനാണ് രാഷട്രീയവത്ക്കരിക്കുന്നത്? ശക്തി തെളിയിക്കാനുള്ള ഇടമല്ല സര്‍വകലാശാലകളെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version