മന്ത്രിസഭയുടെ നിര്‍ദേശം നിറവേറ്റാന്‍ ബാധ്യസ്ഥന്‍: ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍

0
98

തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടതില്‍ ന്യായീകരണവുമായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിസഭയുടെ നിര്‍ദേശം അംഗീകരിക്കാന്‍ താന്‍ ബാധ്യസ്ഥാനാണ്. ഓര്‍ഡിനന്‍സ് ഒപ്പിട്ടത് ഭരണഘടനാപരമായ ചുമതലയാണ്. നിയമവിരുദ്ധമായതൊന്നും ഓര്‍ഡിനന്‍സില്‍ കാണാന്‍ കഴിഞ്ഞില്ല. ഗവര്‍ണര്‍ വ്യക്തമാക്കി.ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തെ ആക്ഷേപിച്ച സംഭവത്തില്‍ പ്രതികരിക്കാന്‍ ഗവര്‍ണര്‍ തയാറായില്ല. ഒരു തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ പറ്റി പറയുന്നില്ല. ദൈനം ദിന രാഷ്ട്രീയ കാര്യങ്ങളില്‍ അഭിപ്രായം പറയേണ്ട ഒരാളല്ല താനെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.


ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടതോടെയാണ് നിയമഭേദഗതിക്ക് അംഗീകാരമായത്. വിദേശ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വിവാദമായ ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സിനെ കുറിച്ച് മുഖ്യമന്ത്രി ഗവര്‍ണറോട് വിശദീകരിച്ചിരുന്നു. ഓര്‍ഡിനന്‍സ് ഭരണഘടനയനുസരിച്ചാണെന്ന് മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചതിന് പിന്നാലെയാണ് ലോകായുക്ത നിയമഭേദഗതിക്ക് ഗവര്‍ണര്‍ അംഗീകാരം നല്‍കിയത്.

ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടതിന് പിന്നാലെ രൂക്ഷ വിമര്‍ശനമായിരുന്നു പ്രതിപക്ഷം ഉയര്‍ത്തിയത്. ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയാണ് നടക്കുന്നതെന്ന് വി. ഡി. സതീശന്‍ ആരോപിച്ചു. മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയില്‍ പരാതി വന്നതിന് പിന്നാലെയാണ് അടിയന്തര നടപടിയെന്നും സതീശന്‍ പറഞ്ഞു.

Leave a Reply