ഗവർണർ ആരിഫ് മുഹമ്മദ് ഖാൻറെ നയപ്രഖ്യാപനപ്രസംഗം ആരംഭിച്ചു. പ്രതിപക്ഷം നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ചു. പ്രകടനമായി പുറത്തേക്കു പോയി. ഗവർണർ സഭയിലെത്തിയതിനു പിന്നാലെ ‘ഗവർണർ ഗോ ബാക്ക്’ മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചു. ഗവർണർ പ്രസംഗം ആരംഭിക്കുന്നതിനു മുൻപ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സംസാരിക്കാനായി എഴുന്നേറ്റെങ്കിലും ക്ഷുഭിതനായ ഗവർണർ, ഇപ്പോൾ ചർച്ചയ്ക്കുള്ള സമയമല്ലെന്നു പറഞ്ഞു.നയപ്രഖ്യാപനത്തിൽ ഒപ്പിടാതെ ഏറെനേരം സർക്കാരിനെ മുൾമുനയിൽ നിർത്തിയ ഗവർണർ ഇന്നു നയപ്രഖ്യാപനം അവതരിപ്പിക്കുമ്പോൾ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ ആകാംക്ഷയിലാണ്. മുഖ്യമന്ത്രിയുടെ നേരിട്ടെത്തിയുള്ള അനുനയത്തിനും വഴങ്ങാത്ത ഗവർണർ, പൊതുഭരണവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാലിനെ തൽസ്ഥാനത്തുനിന്നു മാറ്റിയ ശേഷമാണ് നയപ്രഖ്യാപനത്തിൽ ഒപ്പിട്ടത്. ഗവർണറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി ബിജെപി നേതാവ് ഹരി എസ്.കർത്തയെ നിയമിച്ചതിലുള്ള വിയോജനക്കുറിപ്പ് സർക്കാരിന് വേണ്ടി അയച്ചത് ജ്യോതിലാലായിരുന്നു.