തിരുവനന്തപുരം
എല്ലാ സർക്കാർ സേവനവും ഓൺലൈനിൽ ലഭ്യമാക്കും. ഇതോടെ സർക്കാർ സേവനങ്ങൾക്ക് ഓഫീസുകൾ കയറിയിറങ്ങേണ്ട സാഹചര്യം ഒഴിവാകും. പദ്ധതിയുടെ ഉദ്ഘാടനം ഒക്ടോബർ രണ്ടിന് നടക്കും. എല്ലാ സർക്കാർ സ്ഥാപനത്തിലും ഇലക്ട്രോണിക് ഫയൽ പ്രോസസിങ് സിസ്റ്റം നടപ്പാക്കും. ഇതുവഴി സർക്കാർ നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാനും സുതാര്യത ഉറപ്പുവരുത്താനും കഴിയും. നിർധന കുടുംബങ്ങൾക്ക് സൗജന്യമായി അതിവേഗ ഇന്റർനെറ്റ് നൽകാനുള്ള കെ ഫോൺ പദ്ധതി കൂടുതൽ വിപുലപ്പെടുത്തും. കൂടുതൽ പൊതുസ്ഥലങ്ങളിൽ സൗജന്യ വൈഫൈ ലഭ്യമാക്കും. നിലവിൽ രണ്ടായിരം സ്ഥലത്താണുള്ളത്.
തിരുവനന്തപുരം ടെക്നോസിറ്റിയിൽ ടിസിഎസ് എയ്റോ സ്പേസ് ഹബ്ബിന്റെ നിർമാണം ഈ വർഷം ആരംഭിക്കും. കളമശേരിയിലെ ടെക്നോളജി ഇന്നവേഷൻ സോൺ ആരംഭിക്കുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ ഹാർഡ്വെയർ ഇക്കോസിസ്റ്റമായി മാറും. സ്റ്റാർട്ടപ് മിഷന്റെ പ്രവർത്തനം കൂടുതൽ വിപുലമാക്കും. 3900 സ്റ്റാർട്ടപ്പാണ് നിലവിൽ പ്രവർത്തിക്കുന്നത്. സ്വതന്ത്ര സോഫ്റ്റ്വെയറുകൾ ഉപയോഗിക്കുന്നതിന് പ്രോത്സാഹനം നൽകും. ഇ ഗവേണൻസ് രംഗത്ത് മലയാളം ഫലപ്രദമായി ഉപയോഗിക്കാൻ ഗവേഷണ കേന്ദ്രം ആരംഭിക്കും.
കൊച്ചി ബംഗളൂരു വ്യവസായ ഇടനാഴി ; 20,000 കോടിയുടെ നിക്ഷേപം
കൊച്ചി–- ബംഗളൂരു വ്യവസായ ഇടനാഴിയിൽ പ്രതീക്ഷിക്കുന്നത് 20,000 കോടി രൂപയുടെ നിക്ഷേപം. നിക്ഷേപകരുടെ പരാതികൾ പരിഹരിക്കാൻ സംസ്ഥാനതല പരാതി പരിഹാരസമിതി രൂപീകരിക്കും. പാലക്കാട് ഇൻസ്ട്രുമെന്റേഷൻ ലിമിറ്റഡ്, കോട്ടയം എച്ച്എൻഎൽ, കാസർകോട് ഭെൽ എന്നീ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നതിനുള്ള നടപടി അവസാനഘട്ടത്തിലാണ്. ഇ മാർക്കറ്റ് പ്ലാറ്റ്ഫോമിനു പുറമെ ഓപ്പൺസോഴ്സ് പ്ലാറ്റ്ഫോം രൂപീകരിക്കും. ഇതുവഴി വർഷം ഒരു ലക്ഷം തൊഴിലാണ് പ്രതീക്ഷിക്കുന്നത്.
സിൽവർലൈൻ യാഥാർഥ്യമാക്കും
അർധ അതിവേഗ റെയിൽപാത (സിൽവർലൈൻ) സാധ്യമാക്കും. സംസ്ഥാനത്തിന്റെ ഗതാഗതമേഖലയിൽ വലിയ കുതിച്ചുചാട്ടം സാധ്യമാകുന്ന പദ്ധതി യാഥാർഥ്യമാകുന്നതോടെ തിരുവനന്തപുരംമുതൽ കാസർകോടുവരെ നിലവിലെ 12 മണിക്കൂർ യാത്രാസമയം നാല് മണിക്കൂറാകും. 63,900 കോടി രൂപ മുതൽമുടക്ക് പ്രതീക്ഷിക്കുന്ന പദ്ധതിക്കുള്ള ധനസഹായത്തിന് വിവിധ ഏജൻസികളെ സമീപിക്കാൻ കേന്ദ്ര ധനമന്ത്രാലത്തിനു കീഴിലെ സാമ്പത്തിക കാര്യവകുപ്പിനോട് നിതി ആയോഗും റെയിൽവേ ബോർഡും ധനവിനിയോഗ വകുപ്പും ശുപാർശ ചെയ്തു. പദ്ധതിക്കുള്ള അന്തിമാനുമതി കേന്ദ്ര സർക്കാരിൽനിന്ന് ഉടൻ ലഭ്യമാകുമെന്നാണ് പ്രതീക്ഷ.
വിജിലൻസിനും സൈബർ സെൽ
വിജിലൻസിന്റെ ഇന്റലിജൻസ് സർവൈലൻസ് സംവിധാനം മെച്ചപ്പെടുത്തുകയും ആസ്ഥാനത്ത് സൈബർ സെൽ ആരംഭിക്കുകയും ചെയ്യും. കോഴിക്കോട്, ആലപ്പുഴ, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലെ ട്രൈനിങ് സെന്റർ നിർമാണം പൂർത്തിയാക്കും. യൂണിറ്റുകളുടെ ഡിജിറ്റലൈസേഷനും വീഡിയോ കോൺഫറൻസിങ് വഴി കോടതികളുമായി ബന്ധിപ്പിക്കലും നടപ്പാക്കും.
ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കും
ന്യൂനപക്ഷങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണും. ക്രിസ്ത്യൻ ന്യൂനപക്ഷം നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ ജുഡീഷ്യൽ കമീഷനെ നിയോഗിച്ചിട്ടുണ്ട്. റിപ്പോർട്ട് പ്രതീക്ഷിക്കുകയാണ്.
സൂക്ഷ്മ
ജലസേചന പദ്ധതി വ്യാപകമാക്കും
മുൻ ധനമന്ത്രി കെ എം മാണിയുടെ ഓർമയ്ക്ക് കമ്യൂണിറ്റി ബെയ്സ്ഡ് മൈക്രോ–- ഇറിഗേഷൻ പദ്ധതി നടപ്പാക്കും. കുരുമുളക്, ഏലം, നാളികേരം, അടയ്ക്ക, ജാതി, കാപ്പി, ഫലവൃക്ഷ വിളകൾ, പച്ചക്കറി ഉൽപ്പാദനം വർധിപ്പിക്കാൻ ഇത് സഹായിക്കും. നദീതടങ്ങളിൽ ജലസംബന്ധിയായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ റിവർ ബേസിൻ കൺസർവേഷൻ ആൻഡ് മാനേജ്മെന്റ് അതോറിറ്റി രൂപീകരിക്കും. ഇതിനുള്ള നിയമം ഈ വർഷം.
കരുതലും കണക്ഷനും
നാല് വർഷത്തിനുള്ളിൽ നഗരവാസികളായ എല്ലാ കുടുംബങ്ങൾക്കും ഗാർഹിക കുടിവെള്ള കണക്ഷൻ. കടലാക്രമണം ഏറ്റവും രൂക്ഷമായ ചെല്ലാനം, കൈപ്പമംഗലം, ചേർത്തല, പൂന്തുറ നിവാസികളുടെ സ്വത്തിനും ജീവനും അതീവ ശ്രദ്ധ. ജലവിഭവമേഖലയിൽ എൻജിനിയറിങ് സ്റ്റാർട്ടപ്. കാലാവസ്ഥ, പ്രളയ മുന്നറിയിപ്പുകൾ, റിസർവോയറിലെ ജലപരിപാലനം, ജലത്തിന്റെ ഗുണനിലവാരം, ജലസേചനപ്രദേശം എന്നിവയ്ക്കായി കേരള വാട്ടർ റിസോഴ്സസ് ഇൻഫർമേഷൻ സിസ്റ്റം.
പുതിയകരാർ
പറമ്പിക്കുളം–- ആളിയാറുമായി ബന്ധപ്പെട്ട് ഇരുകൂട്ടർക്കും സമ്മതമുള്ള ഒത്തുതീർപ്പിലെത്തും. പുതിയ കരാർ നടപ്പാക്കും. കാവേരി തടത്തിൽനിന്നുള്ള കേരളത്തിന്റെ വിഹിതം അട്ടപ്പാടിവാലിപോലുള്ള അനുയോജ്യ പദ്ധതികൾക്ക് വിനിയോഗിക്കും.
മൃഗസംരക്ഷണ സേവനം വാതിൽപടിയിൽ
വാതിൽപടി മൃഗസംരക്ഷണ സേവനങ്ങൾക്കായി 152 ബ്ലോക്ക് പഞ്ചായത്തിലും ആംബുലൻസ്. വിവരങ്ങളും സ്ഥിതിവിവര കണക്കുകളും ലഭ്യമാക്കാൻ കേരള സ്റ്റേറ്റ് ഡെയ്റി മാനേജ്മെന്റ് ഇൻഫർമേഷൻ സെന്റർ സ്ഥാപിക്കും. മൃഗസംരക്ഷണ–-ക്ഷീര വികസന മേഖലകളിൽ തൊഴിലവസരം 50 ശതമാനം വർധിപ്പിക്കും. 24 മണിക്കൂർ മൃഗസംരക്ഷണ സേവനം 77 താലൂക്കിൽ. പാറശാലയിൽ ആടുകൾക്കായി മികവിന്റെ കേന്ദ്രം.
വിദ്യാവനവും നഗരവനവും
സർക്കാർ സ്കൂൾ, കോളേജ് പരിസരങ്ങളിൽ വിദ്യാവനം പേരിൽ 500 ചെറു കാട് സ്ഥാപിക്കും. തദ്ദേശസ്ഥാപനങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ, ഏജൻസികൾ സഹകരണത്തോടെ നഗരവനം സ്ഥാപിക്കും.
ഫീൽഡ് യൂണിറ്റുകൾ പുനഃസംഘടിപ്പിക്കും
വനംവകുപ്പിന്റെ ഫീൽഡ് യൂണിറ്റുകൾ ഭൂപ്രകൃതിയുടെ അടിസ്ഥാനത്തിൽ പുനഃസംഘടിപ്പിക്കും. ജീവനക്കാർക്ക് ഉചിതമായ പരിശീലനം ഉപകരണങ്ങൾ നൽകും. ഘട്ടം ഘട്ടമായി ഫോറസ്റ്റ് സ്റ്റേഷനുകൾ സ്ഥാപിക്കും.
അർഹരായ
എല്ലാവർക്കും
പട്ടയം
ഭൂരഹിതരില്ലാത്ത കേരളം സൃഷ്ടിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. അർഹരായ എല്ലാ ഭൂരഹിതർക്കും ഈ സർക്കാരിന്റെ കാലത്ത് പട്ടയം നൽകും. സർക്കാർ ഭൂമി സംരക്ഷിക്കാനും അനധികൃത കൈയേറ്റം ഒഴിവാക്കാനും നടപടിയുണ്ടാകും. എല്ലാ വില്ലേജ് ഓഫീസും സ്മാർട്ടാക്കും. സർട്ടിഫിക്കറ്റുകൾ നൽകാനും ഭൂനികുതി അടയ്ക്കാനും മൊബൈൽ ആപ്ലിക്കേഷൻ ഈ വർഷം ആരംഭിക്കും.
റവന്യൂ രേഖകളുടെ ഡിജിറ്റലൈസേഷൻ സമയബന്ധിതമായി പൂർത്തിയാക്കും. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വസ്തുക്കളുടെ വിവരം എളുപ്പം ലഭ്യമാക്കാൻ യുണീക്ക് തണ്ടപ്പേർ സംവിധാനം നടപ്പാക്കും. ഇതുവഴി ബിനാമി ഇടപാടുകൾ നിയന്ത്രിക്കാനും ഭൂപരിഷ്കരണ നിയമത്തിനു കീഴിലുള്ള അധിക ഭൂമി കണ്ടെത്താനും സാധിക്കും. സംയോജിത ലാൻഡ് റെക്കോർഡ് ഇൻഫർമേഷൻ സിസ്റ്റം എല്ലാ വില്ലേജിലേക്കും വ്യാപിപ്പിക്കും.
അമ്പലമുഗളിലെ കിൻഫ്ര പെട്രോകെമിക്കൽ പാർക്കിന്റെ അതിവേഗ വികസനം ഉറപ്പാക്കും. പാലക്കാട്, ആലപ്പുഴ ജില്ലകളിൽ സംയോജിത റൈസ് ടെക്നോളജി പാർക്കുകൾ ആരംഭിക്കും. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങളിൽ 48 ശതമാനവും (68,419) കഴിഞ്ഞ അഞ്ചു വർഷത്തിൽ ആരംഭിച്ചതാണ്. ഇതുവഴി മൂന്നുലക്ഷം തൊഴിലവസരമാണ് ഉണ്ടായത്.