Pravasimalayaly

ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിട്ടു. ഇതോടെ ഓര്‍ഡിനന്‍സ് നിലവില്‍ വന്നു. വിദേശയാത്രയ്ക്കു ശേഷം തിരിച്ചെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു.

ഓര്‍ഡിനന്‍സിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും ഭരണഘടനയ്ക്കു വിരുദ്ധമായ അധികാരം ലോകായുക്തയ്ക്കു നല്‍കേണ്ടതില്ലെന്നാണു നിയമോപദേശമെന്നുമാണ് കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി വിശദീകരിച്ചത്. മറ്റു സംസ്ഥാനങ്ങളില്‍ ലോകായുക്തയ്ക്ക് ഈ അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി. തന്റെ പരിശോധനയിലും അക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നു ഗവര്‍ണര്‍ മറുപടി നല്‍കിയെന്നാണ് വിവരം.

ലോകായുക്ത ഓര്‍ഡിനന്‍സുമായി മന്ത്രി പി രാജീവ് ജനുവരി 24നു നേരിട്ടു രാജ്ഭവനിലെത്തിയെങ്കിലും ഗവര്‍ണര്‍ ഒപ്പിടാന്‍ തയാറായിരുന്നില്ല. സര്‍ക്കാര്‍ വിശദീകരണം നല്‍കിയശേഷവും ഗവര്‍ണര്‍ വഴങ്ങിയില്ല. അഡീഷനല്‍ അഡ്വക്കറ്റ് ജനറല്‍ പദവി വഹിച്ചിരുന്നയാളുമായി ഇന്ന് അദ്ദേഹം കൂടിക്കാഴ്ചയും നിശ്ചയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രി നേരിട്ടെത്തി ഗവര്‍ണറെ കണ്ടത്. 

 

Exit mobile version