തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗം. എന്നാല്‍ സ്പീക്കര്‍ക്കെതിരേ പ്രതിഷേധിച്ച് പ്രതിപക്ഷം നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌ക്കരിച്ചു.
സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞും കേന്ദ്ര ഏജന്‍സികളെ വിമര്‍ശിച്ചുമാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. നയപ്രഖ്യാപന പ്രസംഗത്തിന് എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സഭാ കവാടത്തില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് സ്വീകരിച്ചു. എന്നാല്‍ സര്‍ക്കാരിനെതിരെ പ്രതിഷേധമുയര്‍ത്തിയ പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ച് ഇറങ്ങിപ്പോയി.
ഏറെ പ്രതിസന്ധികളിലൂടെ കടന്നു പോയ സര്‍ക്കാരാണിതെന്ന ആമുഖത്തോടെയാണ് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. പ്രകടനപത്രിക നടപ്പാക്കിയെന്നും കോവിഡ് മഹാമാരിയെ ആര്‍ജവത്തോടെ നേരിട്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. കോവിഡ് ആശ്വാസ പദ്ധതി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കേരളം. പൗരത്വപ്രശ്നത്തില്‍ മതേതരത്വത്തിനായി മുന്നിട്ടിറങ്ങി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഒന്നിച്ചുനിന്നെന്നും ഗവര്‍ണര്‍ പറഞ്ഞു.
നയപ്രഖ്യാപന പ്രസംഗം തടസപ്പെടുത്താന്‍ ശ്രമിച്ച പ്രതിപക്ഷത്തെയും ഗവര്‍ണര്‍ വിമര്‍ശിച്ചു. താന്‍ ഭരണഘടനാപരമായ ബാധ്യതയാണ് നിര്‍വഹിക്കുന്നതെന്നും അത് തടസപ്പെടുത്തരുതെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇതിനു പിന്നാലെ പ്രതിപക്ഷം സഭ ബഹിഷിക്കരിച്ച് ഇറങ്ങിപ്പോയി.
സഭ ആരംഭിച്ചത് മുതല്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ട് ബാനറുകളും പ്ലക്കാര്‍ഡും ഉയര്‍ത്തിയാണ് പ്രതിഷേധം.