തിരുവനന്തപുരം:
മത്സ്യത്തൊഴിലാളികളെ വഞ്ചിച്ച് കേരളത്തിന്റെ മത്സ്യസമ്പത്ത് കൊള്ളയടിക്കാന്‍ അന്തര്‍ദേശീയ ശക്തികള്‍ക്ക് കേരള സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
അമേരിക്കന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇഎംസിസി ഇന്റര്‍ നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന ബഹുരാഷ്ട്ര കമ്പനിക്ക് നമ്മുടെ മത്സ്യമേഖലയേയും കടലിനേയും കേരള സര്‍ക്കാര്‍ തീറെഴുതി നല്‍കി.ഇതിനായി 5000 കോടിയുടെ ധാരണപത്രം ഒപ്പിട്ടശേഷമാണ് ഫിഷറീസ് മന്ത്രിയും വ്യവസായ മന്ത്രിയും ജനങ്ങളുടെ മുന്നില്‍ പൊട്ടന്‍ കളിക്കുന്നത്.
പ്രതിപക്ഷ നേതാവ് ഇതുസംബന്ധമായ ആരോപണം ഉന്നയിച്ചപ്പോള്‍ അസംബന്ധം എന്ന് തള്ളിപ്പറഞ്ഞ മന്ത്രിമാര്‍ തെളിവുകള്‍ ഓരോന്നായി പുറത്തു വന്നപ്പോള്‍ ഇഎംസിസി അധികൃതരുമായി ചര്‍ച്ച നടത്തിയെന്ന് പരസ്യമായി സമ്മതിക്കേണ്ടി വന്നു.ഇതേ കരാറുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ സംസാരിച്ചിരുന്നെന്ന് കമ്പനി അധികൃതരും സമ്മതിച്ചിട്ടുണ്ട്. സര്‍ക്കാരും ഇഎംസിസി കമ്പനിയുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് കെഎസ് ഐഡിസിയുടെ പള്ളിപ്പുറത്തെ മെഗാ ഫുഡ് പാര്‍ക്കില്‍ നാല് ഏക്കര്‍ ഭൂമിയും അനുവദിച്ച് നല്‍കിയത്.ഇതിലൂടെ സര്‍ക്കാര്‍ കോടികളുടെ അഴിമതിക്കാണ് കളം ഒരുക്കിയതെന്ന് മുല്ലപ്പള്ളി പറഞ്ഞു.
ആഴക്കടലില്‍ മീന്‍ ലഭ്യത കുറഞ്ഞുവരികയാണ്.അപ്പോഴാണ് 400 അത്യാധുനിക ട്രോളറുകളും അഞ്ചു കൂറ്റന്‍ കപ്പലുകളും ഉപയോഗിച്ച് കടലിന്റെ അടിത്തട്ടുവരെ അരിച്ചുവരാന്‍ ശേഷിയുള്ള മത്സ്യബന്ധനത്തിന് അനുമതി നല്‍കുന്ന ധാരണപത്രത്തിന് ഇഎംസിസി കമ്പനിയുമായി സര്‍ക്കാര്‍ ഒപ്പിട്ടത്. ഈ കരാര്‍ യാഥാര്‍ത്ഥ്യമാകുമ്പോള്‍ കേരളത്തിലെ മത്സ്യബന്ധന തൊഴിലാളികളുടെ ജീവിതം പൂര്‍ണ്ണമായും ദുസ്സഹമാകും.ജീവിക്കാന്‍ വകയില്ലാതെ മറ്റു തൊഴിലിടങ്ങള്‍ തേടേണ്ട ഗതികേടിലേക്കാണ് സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെ തള്ളിവിടാന്‍ ശ്രമിച്ചത്. ഇന്ധന വര്‍ധനവിനെ തുടര്‍ന്നുള്ള ചെലവുകളാല്‍ കടലില്‍ പോയിവന്നാലും നഷ്ടങ്ങളുടെ കണക്ക് മാത്രമാണ് പാവപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് പറയാനുള്ളതെന്നും അവരുടെ വയറ്റത്തടിക്കുന്ന കരാറാണ് സര്‍ക്കാര്‍ ഒപ്പിട്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.