സുധാകരന് ആശംസയും പിന്തുണയുമായി എ.കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും

0
31

തിരുവനന്തപുരം: പുതിയ കെപിസിസി പ്രസിഡന്റ് കെ.സുധാകരനു പിന്തുണയും ആശംസയുമറിച്ച് യുഡിഎഫ്,കോണ്‍ഗ്രസ് നേതാക്കള്‍.അണികളിലും അനുഭാവികളിലും യു.ഡി.എഫ് പ്രവര്‍ത്തകരിലും പുതിയ ഉണര്‍വും ആവേശവും ആത്മവിശ്വാസവും നല്‍കാന്‍ കെ.സുധാകരന്റെ നേതൃത്വത്തിലുള്ള പുതിയ കെ.പി.സി.സി നേതൃത്വത്തിന് കഴിയുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം എ.കെ ആന്റണി. കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും നേതാക്കന്മാരെയും ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാന്‍ എല്ലാ കഴിവുകളും കെ.പി.സി.സി പ്രസിഡന്റിനും അദ്ദേഹത്തിന്റെ കൂടെയുള്ള സഹപ്രവര്‍ത്തകര്‍ക്കും ഉണ്ടെന്ന് വിശ്വസിക്കുന്നു. കെ.പി.സി.സി പ്രസിഡന്റായി ഹൈക്കമാന്‍ഡ് തെരഞ്ഞെടുത്ത കെ.സുധാകരനും വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ്, പി.ടി.തോമസ്, ടി.സിദ്ദീഖ് എന്നിവര്‍ക്കും ആന്റണി ആശംസകള്‍ അറിയിച്ചു.
കരുത്തുറ്റ നേതാവാണ് കെ. സുധാകരനെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയംഗം ഉമ്മന്‍ ചാണ്ടി അഭിപ്രായപ്പെട്ടു. കേരളത്തിലെ കോണ്‍ഗ്രസിനെ ഒറ്റക്കെട്ടായി നയിക്കാന്‍ സുധാകരന് കഴിയും. എല്ലാവരുടെയും പിന്തുണ അദ്ദേഹത്തിന് ഉറപ്പാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റായി കെ.സുധാകരനെ തിരഞ്ഞെടുത്ത തീരുമാനത്തെ സ്വാഗതം ചെയ്ത് സ്ഥാനമൊഴിയുന്ന കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സുധാകരന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. എല്ലാ പ്രവര്‍ത്തകരുടെയും പിന്തുണ അദ്ദേഹത്തിനുണ്ടാകും. എല്ലാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നന്ദി പറയുന്നു. ജീവനേക്കാള്‍ വലുത് പാര്‍ട്ടിയെന്നും മുല്ലുപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
കെപി സി സി പ്രസിഡന്റായി സുധാകരനെ നിയമിച്ചുകൊണ്ടുള്ള ഹൈക്കമാന്‍ഡ്് തീരുമാനം അംഗീകരിക്കുന്നു.അദ്ദേഹത്തെ അഭിനന്ദിക്കുന്നതായും മുന്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പ്രസ്താവനയില്‍ പറഞ്ഞു.
കെ. സുധാകരന് എല്ലാവിധ ആശംസകളും നേരുന്നതായി കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് എംഎല്‍എ. ഹൈക്കമാന്‍ഡ് തീരുമാനം സ്വാഗതം ചെയ്യുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയ്ക്ക് പുതുജീവന്‍ പകരാന്‍ അദ്ദേഹത്തിനു കഴിയും. എല്ലാ വിഭാഗം ആളുകളെയും ഒന്നിച്ചു കൊണ്ടുപോകാന്‍ കഴിയുമെന്ന് പ്രത്യാശിക്കുന്നു. ഗ്രൂപ്പിന് അതീതമായി കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കാന്‍ ഊര്‍ജസ്വലനായ സുധാകരന് കഴിയുമെന്നും പി ജെ ജോസഫ് പറഞ്ഞു.
കര്‍മശേഷിയും കരുത്തുമുള്ള നേതാവെന്ന നിലയില്‍ കേരളത്തിലെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനും പാര്‍ട്ടിയെ വീണ്ടും അധികാരത്തില്‍ എത്തിക്കാനും കെ.സുധാകരന് കഴിയുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍ അഭിപ്രായപ്പെട്ടുകെ.പി.സി.സി.പ്രസിഡന്റായി നിയോഗിക്കപ്പെട്ട കെ.സുധാകരനെ അഭിനന്ദിക്കുന്നെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി.എം .സുധീരന്‍..ഗ്രൂപ്പുകള്‍ക്കും വ്യക്തിതാത്പര്യങ്ങള്‍ക്കും അതീതമായി പാര്‍ട്ടി താത്പര്യവും ജനതാല്‍പ്പര്യവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തി ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോകാന്‍ സുധാകരന് കഴിയട്ടെയെന്നും സുധീരന്‍ അഭിപ്രായപ്പെട്ടു.
കോണ്‍ഗ്രസിനെ വീണ്ടെടുക്കാനുള്ള പോരാട്ടത്തിു് സുധാകരന്‍ ശൈലി ആവേശമാകുമെന്നു പന്തളം സുധാകരന്‍ അഭിപ്രായപ്പെട്ടു. വേദികളെ പ്രകമ്പനം കൊള്ളിക്കുന്ന പ്രസംഗവും രാഷ്ട്രീയപ്രതിയോഗികളെ അടിയറവുപറയിക്കുന്ന ചടുലതയുമുള്ള കെ സുധാകരന് യുവാക്കളില്‍ ആത്മവിശ്വാസം ഉണ്ടാക്കാന്‍ കഴിയുമെന്നും ഇത് രാഷ്ട്രീയഉണര്‍വിന് തുടക്കമാകുമെന്നും പന്തളം പറഞ്ഞു.

Leave a Reply