ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്;അരങ്ങേറ്റത്തിൽ കപ്പുയർത്തി ​ഗുജറാത്ത്

0
314

അഹമ്മദാബാദ്; 15-ാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്. സഞ്ജു സാംസണ്‍ നയിച്ച രാജസ്ഥാന്‍ റോയല്‍സിനെ ഏഴുവിക്കറ്റിന് തകര്‍ത്താണ് ഗുജറാത്ത് അരങ്ങേറ്റത്തിൽ തന്നെ കന്നി കിരീടം സ്വന്തമാക്കിയത്. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ ഓൾറൗണ്ടർ മികവാണ് ​ഗുജറാത്തിന് കരുത്തായത്. രാജസ്ഥാന്‍ ഉയര്‍ത്തിയ 131 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ​ഗുജറാത്ത് 18.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയം നേടി. 

43 പന്തില്‍ 45 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിന്‍റെ ടോപ് സ്കോറര്‍. സിക്സറിലൂടെയാണ് ഗില്‍ ഗുജറാത്തിന്‍റെ വിജയറണ്‍ നേടിയത്. ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ 30 പന്തില്‍ 34 റണ്‍സെടുത്ത് നിര്‍ണായക സംഭാവന നല്‍കി. സ്കോര്‍ രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ 130-9, ഗുജറാത്ത് ടൈറ്റന്‍സ് 18.1 ഓവറില്‍ 133-3. ഇതോടെ ഐപിഎൽ കിരീടം നേടുന്ന നാലാമത്തെ ഇന്ത്യൻ താരമായിരിക്കുകയാണ് ഹാർദിക് പാണ്ഡ്യ. ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാന് മികച്ച സ്കോറിലേക്ക് എത്താൻ സാധിക്കാതിരുന്നതാണ് തിരിച്ചടിയായത്. 

131 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നെത്തിയ ഗുജറാത്തിനായി വൃദ്ധിമാന്‍ സാഹയും ശുഭ്മാന്‍ ഗില്ലുമാണ് ഓപ്പണ്‍ ചെയ്തത്. ആദ്യ ഓവറില്‍ തന്നെ ഗില്ലിനെ പുറത്താക്കാനുള്ള അവസരമുണ്ടായെങ്കിലും അതു പാഴാക്കി. ട്രെന്റ് ബോള്‍ട്ടിന്റെ പന്തില്‍ ലഭിച്ച അനായാസ ക്യാച്ച് യൂസ്‌വേന്ദ്ര ചാഹല്‍ മിസ്സാക്കുകയായിരുന്നു. ആ ക്യാച്ചിന് വലിയ വിലയാണ് രാജസ്ഥാന്‍ നല്‍കേണ്ടിവന്നത്. 

എന്നാല്‍ തൊട്ടടുത്ത ഓവറില്‍ പ്രസിദ്ധ് കൃഷ്ണ ഗുജറാത്തിന്റെ ആദ്യ വിക്കറ്റ് പിഴുതു. അഞ്ചുറണ്‍സെടുത്ത സാഹ പുറത്തായതോടെ മാത്യു വെയ്ഡാണ് ക്രീസിലെത്തിയത്. 10 പന്തില്‍ നിന്ന് എട്ട് റണ്‍സ് മാത്രമെടുക്കാനെ വെയ്ഡിനായൊള്ളൂ. തുടർന്ന് നായകൻ ഹാർദിക് പാണ്ഡ്യയാണ് ക്രീസിലെത്തിയത്. തുടക്കത്തിൽ കാലിടറിയ ​ഗുജറാത്തിനെ ട്രാക്കിലേക്ക് എത്തിച്ചത്  പാണ്ഡ്യയും ഗില്ലും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ്. ഇരുവരും ചേർന്ന്  46 പന്തില്‍ അര്‍ധസെഞ്ചുറി കുട്ടുകെട്ടുയര്‍ത്തി. 

മികച്ച രീതിയില്‍ ബാറ്റേന്തുകയായിരുന്ന ഹാര്‍ദിക്കിനെ പുറത്താക്കി ചാഹല്‍ രാജസ്ഥാന് ആശ്വാസം പകര്‍ന്നു. 30 പന്തുകളില്‍ നിന്ന് മൂന്ന് ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 34 റണ്‍സ് നേടി ടീമിന് വിജയവഴി കാണിച്ചാണ് ഗുജറാത്ത് നായകന്‍ ക്രീസ് വിട്ടത്. പിന്നീടെത്തിയ ഡേവിഡ് മില്ലർ തകർത്ത് കളിച്ചതോടെ രാജസ്ഥാന്റെ വിജയ പ്രതീക്ഷകള്‍ അസ്തമിച്ചു. 18-ാം ഓവറിലെ ആദ്യ പന്തില്‍ സിക്‌സടിച്ചുകൊണ്ട് ഗില്‍ ഗുജറാത്തിന് കന്നി ഐപിഎല്‍ കിരീടം നേടിക്കൊടുത്തു. ഗില്‍ 43 പന്തുകളില്‍ നിന്ന് 45 റണ്‍സെടുത്തും മില്ലര്‍ 19 പന്തുകളില്‍ നിന്ന് 32 റണ്‍സ് നേടിയും പുറത്താവാതെ നിന്നു. രാജസ്ഥാന് വേണ്ടി ബോള്‍ട്ട്, പ്രസിദ്ധ്, ചാഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെടുത്തു. തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച ഗുജറാത്ത് ബൗളര്‍മാരാണ് പേരുകേട്ട രാജസ്ഥാന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. 39 റണ്‍സെടുത്ത ജോസ് ബട്‌ലര്‍ മാത്രമാണ് രാജസ്ഥാന്‍ നിരയില്‍ പിടിച്ചുനിന്നത്. ഓപ്പണര്‍ യശസ്വി ജെയ്‌സ്വാള്‍ (16 പന്തില്‍ ഒരു ഫോറും 2 സിക്‌സും അടക്കം 22), ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (11 പന്തില്‍ 2 ഫോര്‍ അടക്കം 14), ദേവ്ദത്ത് പടിക്കല്‍ (10 പന്തില്‍ 2), ജോസ് ബട്‌ലര്‍ (35 പന്തില്‍ 5 ഫോര്‍ അടക്കം 39) ഹെറ്റ്മയര്‍ (11),ഷിമ്രോണ്‍ ഹെറ്റ്മയര്‍ (1), രവിചന്ദ്രന്‍ അശ്വിന്‍ (1).  

യാഷ് ദയാലിനെ ബൗണ്ടറി കടത്താനുള്ള ശ്രമത്തിനിടെ സായ് കിഷോറിനു ക്യാച്ച് നല്‍കിയായിരുന്നു ജെയിസാളിന്റെ പുറത്താകല്‍. മികച്ച ടച്ചിലായിരുന്ന സഞ്ജുവിനെ ഹാര്‍ദിക് പാണ്ഡ്യയാണു വീഴ്ത്തിയത്. സായ് കിഷോര്‍ തന്നെയായിരുന്നു ക്യാച്ചര്‍. മെല്ലെത്തുടങ്ങിയ ദേവ്ദത്ത് പടിക്കലിനെ റാഷിദ് ഖാന്‍ വീഴ്ത്തിയപ്പോള്‍, ജോസ് ബട്‌ലറെ ഹാര്‍ദിക് പാണ്ഡ്യയും പുറത്താക്കി. ബട്‌ലറുടെ ബാറ്റിലുരസിയ പന്ത് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ പിടികൂടുകയായിരുന്നു. 

Leave a Reply