രാഹുൽ ഗാന്ധിയുടെ അപക്വതയാണ് പാർട്ടിയുടെ കൂടിയാലോചനാപരമായ പ്രവർത്തികൾ നശിപ്പിച്ചതെന്ന് പാർട്ടി വിട്ട മുതിർന്ന നേതാവ് ഗുലാം നബി ആസാദ്. 2013ൽ രാഹുൽ ഗാന്ധി വൈസ് പ്രസിഡന്റായി ചുമതലയേറ്റതുമുതലാണു പാർട്ടിയുടെ കൂട്ടായ പ്രവർത്തനം തകർന്നത്. ഇതോടെ മുതിർന്ന നേതാക്കളെ മാറ്റി നിർത്തി പ്രവർത്തന പരിചയമില്ലാത്ത മുഖസ്തുതിക്കാർ പാർട്ടിയെ നയിക്കാൻ തുടങ്ങി. സോണിയ ഗാന്ധിക്കു പോലും വലിയ റോളില്ലാതെയായി. രാഹുൽ ഗാന്ധിയും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്നാണ് തീരുമാനങ്ങൾ എടുക്കുന്നത്.
കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് അഞ്ചു പേജുള്ള രാജിക്കത്തു നൽകിയാണ് ഗുലാം നബി പാർട്ടി വിടുന്നത്. കോൺഗ്രസ് പാർട്ടിയുമായി അദ്ദേഹത്തിനു വർഷങ്ങളായുള്ള ആത്മബന്ധവും ഇന്ദിരാ ഗാന്ധിയുമായുള്ള അടുപ്പവും കത്തിൽ പരാമർശിക്കുന്നുണ്ട്. രാഹുൽ ഗാന്ധിക്കെതിരെയും കോൺഗ്രസിന്റെ നിലവിലെ നേതൃത്വത്തിനെതിരെയും കടുത്ത വിമർശനമാണ് ഗുലാം നബി ഉന്നയിച്ചിരിക്കുന്നത്.
തിരിച്ചു പോകാനാകാത്ത ഒരു അവസ്ഥയിലേക്കു കോൺഗ്രസ് എത്തിയിരിക്കുന്നു. സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയ മുഴുവൻ പ്രഹസനവും വ്യാജവുമാണ്. രാജ്യത്ത് ഒരിടത്തും ഇതു കൃത്യമായ രീതിയിൽ നടക്കുന്നില്ല. ഒൻപതു വർഷമായി നൽകിയ നിർദേശങ്ങളെല്ലാം ചവറ്റുകുട്ടയിലാണ്.
കഴിഞ്ഞ എട്ടു വർഷമായാണു പാർട്ടിയുടെ നില ഇത്രയും താളം തെറ്റിയത്. പാർട്ടി തലപ്പത്തേക്കു കാര്യങ്ങളെ ഗൗരവമായി കാണാത്ത ഒരാളെ തിരുകി കയറ്റാനുള്ളശ്രമം നടത്തിയതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നും അദ്ദേഹം വിമർശിച്ചു. 2019 തിരഞ്ഞെടുപ്പിനു പിന്നാലെ രാഹുൽ ഗാന്ധി നേതൃസ്ഥാനത്തുനിന്നു പടിയിറങ്ങി. ഇതിനു പിന്നാലെയാണ് കാര്യങ്ങൾ കൂടുതൽ വഷളായത്. പാർട്ടിക്കായി ജീവൻ നൽകിയ മുതിർന്ന നേതാക്കളെല്ലാം അവഹേളിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.