GULF COVID UPDATES

0
247

യുഎഇയില്‍ ഇന്നലെ 275 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു.
അബുദാബി: യുഎഇയില്‍ ഇന്ന് 275 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. 94 പേര്‍ രോഗമുക്തരായി. ചികിത്സയിലുണ്ടായിരുന്ന ഒരാള്‍ കൂടി മരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങള്‍ 376 ആയി. അതേസമയം ജാഗ്രത പാലിച്ചില്ലെങ്കില്‍ യുഎഇയില്‍ കൊവിഡിന്റെ രണ്ടാം വ്യാപനത്തിന് സാധ്യതയുണ്ടെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഇതുവരെ 67,282 പേര്‍ക്കാണ് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരില്‍ 58,582 പേരും രോഗമുക്തരായി. നിലവില്‍ 8,324 രോഗികളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,000 പുതിയ കൊവിഡ് പരിശോധനകള്‍ രാജ്യത്ത് നടത്തി. ഇതുവരെ നടത്തിയ ആകെ പരിശോധനകളുടെ എണ്ണം 65 ലക്ഷം കവിഞ്ഞു. നേരത്തെ പടിപടിയായി രോഗികളുടെ എണ്ണം കുറഞ്ഞുവരികയായിരുന്നുവെങ്കില്‍ കഴിഞ്ഞ രണ്ടാഴ്ചയായി പുതിയ രോഗികളുടെ എണ്ണം കൂടുന്നത് ആശങ്ക പടര്‍ത്തുന്നുണ്ട്.

കര്‍ശനമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ യുഎഇയില്‍ കൊവിഡിന്റെ രണ്ടാം വ്യാപനമുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോരിറ്റി ഡയറക്ടര്‍ ജനറല്‍ ഉബൈദ് അല്‍ ഹുസന്‍ അല്‍ ശംസിയാണ് ഞായറാഴ്ച അബുദാബി ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ ആശങ്ക പങ്കുവെച്ചത്.

കൊവിഡ് ഭീഷണി അവസാനിച്ചിട്ടില്ല. രോഗവ്യാപനം കണ്ടെത്തിയ പ്രദേശങ്ങളില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കുന്ന കാര്യം പരിഗണിക്കും. എന്നാല്‍ ജനങ്ങളുടെ സ്വാതന്ത്ര്യം കുറയ്ക്കുന്ന തരത്തിലുള്ള നടപടികള്‍ ഒഴിവാക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് 19 ബാധിച്ച് ഒമാനില്‍ 28 പേര്‍ കൂടി മരിച്ചു.

മസ്‌കറ്റ്: കൊവിഡ് 19 ബാധിച്ച് ഒമാനില്‍ 28 പേര്‍ കൂടി മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മുതലുള്ള മരണസംഖ്യയാണിത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 637 ആയി. ഈ ദിവസങ്ങളില്‍ 740 പേര്‍ക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു.

ഒമാനില്‍ ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 84,509 ആയി. 526 പേര്‍ക്ക് കൂടി രോഗം ഭദമായതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 78,912 ആയി. 406 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 149 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

സൗദി അറേബ്യയില്‍ പുതിയ കൊവിഡ് ബാധിച്ച് തിങ്കളാഴ്ച 42 പേര്‍ മരിച്ചു.

റിയാദ്: സൗദി അറേബ്യയില്‍ പുതിയ കൊവിഡ് ബാധിച്ച് തിങ്കളാഴ്ച 42 പേര്‍ മരിച്ചു. 1175 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 2745 രോഗികള്‍ സുഖം പ്രാപിച്ചു. ആകെ റിപ്പോര്‍ട്ട് ചെയ്ത 308654 കൊവിഡ് കേസുകളില്‍ 282888ഉം രോഗമുക്തി നേടി. രാജ്യത്തിനുള്ളിലെ ആകെ രോഗമുക്തി നിരക്ക് 91.7 ശതമാനമായി ഉയര്‍ന്നു.

ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 22075 ആയി കുറഞ്ഞു. ഇതില്‍ 1635 പേരുടെ നില ഗുരുതരമാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. ആകെ മരണസംഖ്യ 3691 ആയി ഉയര്‍ന്നു. റിയാദ് 3, ജിദ്ദ 9, മക്ക 1, ഹുഫൂഫ് 3, ത്വാഇഫ് 3, മുബറസ് 1, ഖമീസ് മുശൈത്ത് 1, ബുറൈദ 4, ഹാഇല്‍ 3, ഹഫര്‍ ആല്‍ബാത്വിന്‍ 2, നജ്‌റാന്‍ 1, തബൂക്ക് 1, മഹായില്‍ 1, ബീഷ 3, അബൂ അരീഷ് 2, അറാര്‍ 1, സാറാത് ഉബൈദ 1, അല്‍ബാഹ 1, അല്‍ഖുവയ്യ 1 എന്നിവിടങ്ങളിലാണ് തിങ്കളാഴ്ച മരണം സംഭവിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മക്കയിലാണ് പുതിയ കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്, 84. ഹാഇലില്‍ 60ഉം ജിദ്ദയില്‍ 58ഉം സബ്യയില്‍ 53ഉം മദീനയില്‍ 51ഉം അബൂ അരീഷില്‍ 48ഉം ബെയ്ഷില്‍ 37ഉം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച രാജ്യത്ത് 58,535 കൊവിഡ് ടെസ്റ്റുകള്‍ നടന്നു. ഇതുവരെ നടന്ന മൊത്തം ടെസ്റ്റുകളുടെ എണ്ണം 4,733,485 ആയി.

Leave a Reply