വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട്ട് സ്വദേശി ബീഷയിൽ മരിച്ചു. പൂവാട്ടുപറമ്പ് സ്വദേശി മാങ്കുടി മുഹമ്മദ് ശാഫി (30) ആണ് മരിച്ചത്.കഴിഞ്ഞ ബലിപെരുന്നാളിന് ബീഷയിൽ നിന്നും അബഹ സന്ദർശനത്തിന് പുറപ്പെട്ട അഞ്ചംഗ സംഘത്തിൻെറ വാഹനം അപകടത്തിൽപ്പെട്ട് മറിയുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ മുഹമ്മദ് ശാഫിയെ ബീഷ കിങ് അബ്ദുല്ല ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. ഇതിനിടക്ക് ഹൃദയാഘാതം സംഭവിക്കുകയും മരിക്കുകയുമായിരുന്നു.എട്ട് വർഷമായി റിയാദിൽ ഒരു കമ്പനിയിൽ ജീവനക്കാരനായിരുന്ന ഇദ്ദേഹം രണ്ട് വർഷം മുമ്പാണ് നാട്ടിൻ അവധിക്ക് പോയി തിരിച്ചെത്തിയത്.
എം.എസ്.എഫ് പ്രവർത്തകനായിരുന്നു. അവിവാഹിതനാണ്.പൂവാട്ടുപറമ്പ് മാങ്കുടി അബൂബക്കർ, ആയിഷ ദമ്പതികളുടെ ഏക മകനാണ്. സഹോദരങ്ങൾ: നുസ്‌റത്ത്, ഫൗസിയ, റാബിയ, സമീറ.അപകടത്തെ തുടർന്ന് റിയാദിലുള്ള സഹോദരി ഭർത്താക്കന്മാരായ അബ്ദുൽ റഷീദ്, ഇബ്രാഹിം, സഹോദരി ഫൗസിയ, ബന്ധു സിറാജ് നെല്ലാങ്കണ്ടി എന്നിവർ ബീഷയിൽ എത്തിയിട്ടുണ്ട്. മയ്യിത്ത് ബീഷയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.മരണാന്തര നടപടികൾക്കായി ബന്ധുക്കളോടൊപ്പം ജിദ്ദ കെ.എം.സി.സി വെൽഫയർ വളണ്ടിയർ മുഹമ്മദ് കുട്ടി പാണ്ടിക്കാട്, ബിഷ കെ.എം.സി.സി പ്രസിഡന്റ് ഹംസ ഉമ്മർ താനാണ്ടി, ജാഷി കൊണ്ടോട്ടി, സത്താർ കുന്നപ്പള്ളി എന്നിവർ രംഗത്തുണ്ട്.