GULF NEWS UPDATES

0
80

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് ഒമാനില്‍ പത്ത് പേര്‍ മരണപ്പെട്ടതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം

മസ്കറ്റ്: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ച് ഒമാനില്‍ പത്ത് പേര്‍ മരണപ്പെട്ടതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മരണസംഖ്യ 308 ആയി ഉയര്‍ന്നു.

1078 ഒമാന്‍ സ്വദേശികള്‍ക്കും 233 വിദേശികള്‍ക്കും ഉള്‍പ്പെടെ 1311 പേര്‍ക്ക് കൂടി ഇന്ന് കൊവിഡ് ബാധിച്ചതായി മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 65504 ആയി ഉയര്‍ന്നു. 42772 പേര്‍ക്ക് രോഗമുക്തി ലഭിച്ചതായും മന്ത്രാലയം വ്യക്തമാക്കി.

കടല്‍മാര്‍ഗം ഒമാനിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച നിരവധി വിദേശികള്‍ പിടിയില്‍

മസ്കറ്റ്: ഒമാനിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിച്ച വിദേശികള്‍ പിടിയില്‍. ഒമാനിലേക്ക് സമുദ്രമാര്‍ഗം നുഴഞ്ഞു കയറാന്‍ ശ്രമിച്ച ഒരു സംഘം ഏഷ്യന്‍ വംശജരെയാണ് റോയല്‍ ഒമാന്‍ പോലീസിന്റെ കോസ്റ്റ് ഗാര്‍ഡ് പിടികൂടിയത്.

ഷിനാസ് വിലായത്തിലെ കടല്‍ത്തീരത്ത് നിന്നും 5 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് കോസ്റ്റല്‍ ഗാര്‍ഡ് ഈ സംഘത്തെ തടഞ്ഞത്. ഏഷ്യന്‍ വംശജരായ 22 പേരായിരുന്നു സംഘത്തിലുണ്ടായിരുന്നതെന്ന് റോയല്‍ ഒമാന്‍ പോലീസിന്‍റെ വാര്‍ത്താ കുറിപ്പില്‍ പറയുന്നു. ഇവര്‍ക്കെതിരെ നിയമ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞതായും കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.

വ്യാജസന്ദേശം പ്രചരിപ്പിച്ചാല്‍ നടപടി; കുറഞ്ഞത് ഒരു വര്‍ഷം തടവുശിക്ഷ ലഭിക്കുമെന്ന് ദുബായ് അധികൃതര്‍

അബുദാബി: വാട്‌സാപ്പ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെ അഭ്യൂഹങ്ങളും വ്യാജസന്ദേശങ്ങളും പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടിയെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍. നിയമലംഘനത്തിന് കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും തടവുശിക്ഷ ലഭിക്കും.

കുറ്റക്യത്യത്തിന്റെ തീവ്രത അനുസരിച്ച് മറ്റ് നടപടിക്രമങ്ങള്‍ ഉണ്ടാകും. കൊവിഡ് മഹാമാരിയുടെ കാലത്ത് സോഷ്യല്‍ മീഡിയ വഴി നിരവധി വ്യാജസന്ദേശങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും ഇത് ആളുകളില്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും സീനിയര്‍ പ്രോസിക്യൂട്ടര്‍ ഡോ ഖാലിദ് അല്‍ ജുനൈബി പറഞ്ഞു.

സോഷ്യല്‍ മീഡിയ വഴി ലഭിക്കുന്ന സന്ദേശങ്ങള്‍ ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ള സ്ഥിരീകരണം ഇല്ലാതെ തന്നെ മറ്റുള്ളവര്‍ക്ക് അയയ്ക്കുകയും അതുവഴി വ്യാജസന്ദേശം പ്രചരിക്കുകയുമാണ്. നല്ല ലക്ഷ്യത്തോടെ അയയ്ക്കുന്നതാണെങ്കില്‍ പോലും ആ സന്ദേശങ്ങള്‍ ചിലപ്പോള്‍ വ്യാജമാകാം. ഓരോ വ്യക്തിയും സമൂഹത്തോട് ഉത്തരവാദിത്വമുള്ളവരാണെന്നും അതുകൊണ്ട് തന്നെ ഫോര്‍വേഡ് ചെയ്യുന്ന ഓരോ സന്ദേശത്തിന്റെയും ഉത്തരവാദിത്വം ആ വ്യക്തിക്ക് തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply