കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ പാലക്കാട് ഡിസിസി വൈസ് പ്രസിഡന്റ് കെഎസ്ബിഎ തങ്ങളില്‍ നിന്നും റിവോള്‍വര്‍ പിടികൂടി. കോയമ്പത്തൂരില്‍ നിന്നും ബെംഗളൂരുവിലേക്ക് പോവുന്നതിനായി വിമാനത്താവളത്തിലെത്തിയപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന്റെ ബാഗില്‍ നിന്നും റിവോള്‍വര്‍ പിടിച്ചെടുത്തത്.
തുരുമ്പിച്ച പഴയ റിവോള്‍വറും ഏഴ് വെടിയുണ്ടകളുമാണ് കൈവശം ഉണ്ടായിരുന്നത്. എന്നാല്‍ അധികൃതര്‍ക്ക് മുന്‍പാകെ തോക്ക് കൈവശം വെക്കുന്നതിനുള്ള ലൈസന്‍സ് ഹാജരാക്കാന്‍ കഴിയാതെ വന്നതോടെ ഇദ്ദേഹത്തെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു.തുടര്‍ന്ന് കോയമ്പത്തൂര്‍ പീളമേട് പൊലീസിന് കൈമാറി.
രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് കടക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പഞ്ചാബ് അമൃത് സറിലേക്ക് പോവുന്നതിനായിരുന്നു ഇദ്ദേഹത്തിന്റെ യാത്ര. കോയമ്പത്തൂരില്‍ നിന്ന് ബെംഗളൂരുവിലേക്കും അവിടെ നിന്ന് അമൃത്സസറിലേക്കും പോവുകയായിരുന്നു ലക്ഷ്യം.