ജലീലിന്റെ പ്രസ്താവന സിപിഎം നിലപാടല്ല, എന്ത് അടിസ്ഥാനത്തിലാണ് ഉപയോഗിച്ചതെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് എം വി ഗോവിന്ദന്‍

0
29

കെ ടി ജലീലിന്റെ കശ്മീര്‍ പരാമര്‍ശത്തെ തള്ളി സിപിഎം നേതാവും മന്ത്രിയുമായ എം വി ഗോവിന്ദന്‍. ജലീലിന്റെ പ്രസ്താവന സിപിഎം നിലപാടല്ല. ഇന്ത്യയെക്കുറിച്ചും കശ്മീരിനെക്കുറിച്ചും സിപിഎമ്മിന് വ്യക്തമായ നിലപാടുണ്ട്. അല്ലാതെ വരുന്നതൊന്നും പാര്‍ട്ടി നിലപാടല്ല. ഇന്ത്യന്‍ അധീന കശ്മീര്‍ എന്ന പദപ്രയോഗം സിപിഎം നടത്താറില്ല. ആസാദ് കശ്മീര്‍, ഇന്ത്യന്‍ അധീന കശ്മീര്‍ തുടങ്ങിയ പദപ്രയോഗങ്ങള്‍ കെ ടി ജലീല്‍ എന്ത് അടിസ്ഥാനത്തിലാണ് ഉപയോഗിച്ചതെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ജലീലിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രംഗത്തുവന്നിരുന്നു. ജലീല്‍ നടത്തിയത് പ്രതിഷേധാര്‍ഹമായ പരാമര്‍ശമാണ്. ജമ്മു കശ്മീരിനെ സ്വതന്ത്ര കശ്മീരെന്ന് കെ ടി ജലീല്‍ വിളിച്ചത് പാക് വാദത്തിന് അടിവരയിടുന്ന പരാമര്‍ശമാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

ഒരു ഇന്ത്യാക്കാരനും ഉപയോഗിക്കാത്ത വാക്കാണ് ജലീലില്‍ നിന്നും ഉണ്ടായത്. ദേശതാല്‍പ്പര്യത്തിന് വിരുദ്ധമായ പ്രയോഗമാണിത്. നമ്മുടെ കശ്മീരിനെ ഇന്ത്യന്‍ അധീന കശ്മീര്‍ എന്ന് എങ്ങനെ ഒരു ഇന്ത്യാക്കാരന് വിളിക്കാന്‍ പറ്റുമെന്ന് വി ഡി സതീശന്‍ ചോദിച്ചു. ജലീല്‍ പരാമര്‍ശം പിന്‍വലിച്ച് മാപ്പുപറയണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

Leave a Reply