വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ ആരാധന അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹര്‍ജിയില്‍ വാദം തുടരാമെന്ന് ജില്ലാ കോടതി. ഹര്‍ജി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടി മസ്ജിദ് കമ്മിറ്റി നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് വിധി. സെപ്റ്റംബര്‍ 22ന് ഹിന്ദു സ്ത്രീകളുടെ ഹര്‍ജിയില്‍ വാദം തുടരുമെന്ന് കോടതി അറിയിച്ചു.
ഗ്യാന്‍വാപി പള്ളി വളപ്പില്‍ ഉണ്ടെന്നു കരുതുന്ന ഹിന്ദു വിഗ്രങ്ങളില്‍ ആരാധനയ്ക്ക് അനുമതി തേടി, അഞ്ചു ഹിന്ദു സ്ത്രീകള്‍ നല്‍കിയ ഹര്‍ജിക്കെതിരെ മസ്ജിദ് കമ്മിറ്റിയാണ് കോടതിയെ സമീപിച്ചത്. ഗ്യാന്‍വാപി പള്ളി വഖഫ് സ്വത്ത് ആണെന്നും അതുകൊണ്ടുതന്നെ ആരാധനയ്ക്ക് അനുമതി തേടിയുള്ള ഹര്‍ജി നിലനില്‍ക്കില്ലെന്നുമാണ് മസ്ജിദ് കമ്മിറ്റി വാദിച്ചത്.
ക്ഷേത്രം തകര്‍ത്താണ് ഗ്യാന്‍വാപി പള്ളി തകര്‍ത്തതന്നൊണ് ഒരു വിഭാഗം ഹിന്ദുക്കളുടെ വാദം. ഇതുമായി ബന്ധപ്പെട്ട കേസില്‍ പള്ളി വളപ്പില്‍ വിഡിയോ സര്‍വേ നടത്താന്‍ നേരത്തെ കോടതി ഉത്തരവിട്ടിരുന്നു. ഈ സര്‍വേയ്ക്കിടെ കുളത്തില്‍ വിഗ്രഹം കണ്ടെത്തിയതായി വാര്‍ത്തകള്‍ വന്നു. കേസ് പിന്നീട് സുപ്രീം കോടതി ജില്ലാ കോടതിയിലേക്കു മാറ്റുകയായിരുന്നു.ഇന്നു വിധിപ്രസ്താവത്തോട് അനുബന്ധിച്ച് വാരാണസിയിലും പരിസരത്തും വന്‍ സുരക്ഷാ സന്നാഹങ്ങള്‍ ഒരുക്കിയിരുന്നു.