ജറുസലേം: സൈനിക കേന്ദ്രങ്ങളിലേക്ക് ഹമാസ് നടത്തിയ റോക്കറ്റ് ആക്രമണത്തിന് തിരിച്ചടി നൽകി ഇസ്രായേൽ സൈന്യം. ഗാസയിലെ ഹമാസിന്റെ താവളങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സൈനിക കേന്ദ്രങ്ങളിൽ ഹമാസിന്റെ റോക്കറ്റ് ആക്രമണം ഉണ്ടായത്.
ഇസ്രായേൽ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ ഹമാസിന്റെ സൈനിക പോസ്റ്റുകളും, അടിസ്ഥാന സൗകര്യങ്ങളും തകർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തി വരികയാണെന്നും, ഹമാസിന്റെ ഏത് ആക്രമണവും പ്രതിരോധിക്കാൻ സജ്ജമാണെന്നും പ്രതിരോധ സേന വ്യക്തമാക്കി.
രാത്രി ഗാസയിലെ ഹമാസ് താവളങ്ങളിൽ നിന്നുള്ള രണ്ട് റോക്കറ്റുകളാണ് ഇസ്രായേലിലെ സൈനിക കേന്ദ്രങ്ങളിൽ പതിച്ചത്. സംഭവത്തിൽ ആളപായമോ നാശ നഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. പലസ്തീൻ ഇസ്ലാമിക് ജിഹാദ് കമാന്റർ ബാഹ അബു അൽ അത കൊല്ലപ്പെട്ട് ഒരു വർഷം തികഞ്ഞതിന് പിന്നാലെയാണ് ഹമാസ് ആക്രമണം നടത്തിയിരിക്കുന്നത്. 2019 നവംബർ 12 നാണ് അബു അൽ അത കൊല്ലപ്പെട്ടത്