Monday, November 18, 2024
HomeNewsKerala‘തീപടര്‍ന്ന വിവരം അറിയിച്ചത് ഫൈസല്‍’; വീട് പൂട്ടിയിരുന്നതിനാല്‍ ഒന്നും ചെയ്യാനായില്ലെന്ന് ദൃക്‌സാക്ഷി

‘തീപടര്‍ന്ന വിവരം അറിയിച്ചത് ഫൈസല്‍’; വീട് പൂട്ടിയിരുന്നതിനാല്‍ ഒന്നും ചെയ്യാനായില്ലെന്ന് ദൃക്‌സാക്ഷി

ഇടുക്കി: ഇടുക്കിയില്‍ മകനെയും കുടുംബത്തെയും അച്ഛന്‍ അതിദാരുണമായി കൊലപ്പെടുത്തി . വീടിന് തീപടര്‍ന്ന വിവരം അറിയിച്ചത് കൊല്ലപ്പെട്ട മുഹമ്മദ് ഫൈസലാണെന്ന് ദൃക്‌സാക്ഷിയായ രാഹുല്‍ പറഞ്ഞു. വീടിന് തീപടര്‍ന്നെന്ന് ഫൈസല്‍ പറഞ്ഞതോടെ ഓടിയെത്തിയിരുന്നെന്നും എന്നാല്‍ വീട് പൂട്ടിയിരുന്നതിനാല്‍ ഒന്നും ചെയ്യാനായില്ലെന്നും രാഹുല്‍ പറഞ്ഞു. വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടക്കുകയായിരുന്നു. പ്രതി ഹമീദ് ഈ സമയത്ത് വീണ്ടും പെട്രോള്‍ ഒഴിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഹമീദിനെ തള്ളിമാറ്റിയാണ് തീയണയ്ക്കാന് ശ്രമിച്ചതെന്നും രാഹുല്‍ പറഞ്ഞു.തീപടര്‍ന്നതോടെ രക്ഷപ്പെടാനായി ഫൈസലും കുടുംബവും ശുചിമുറിയില്‍ കയറി. തീയും പുകയും കാരണം ആരെയും രക്ഷിക്കാനായില്ലെന്നും രാഹുല്‍ പറഞ്ഞു.
ചീനികുഴി സ്വദേശി മുഹമ്മദ് ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്‌റാ, അസ്‌ന എന്നിവരാണ് കൊല്ലപ്പെട്ടത്. കുടുംബവഴക്കിനെ തുടര്‍ന്ന് വീടിന് പെട്രോള്‍ ഒഴിച്ച് കത്തിക്കുകയായിരുന്നു ഹമീദ്. കൊലപാതകം നടത്തിയതിന് പിന്നാലെ ഹമീദ് അയല്‍വീട്ടിലെത്തി കൃത്യം നടത്തിയെന്ന് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അയല്‍ക്കാരാണ് പൊലീസില്‍ വിവരം അറിയിക്കുന്നത്. കൃത്യമായ പ്ലാനിംഗോട് കൂടിയായിരുന്നു പ്രതി കൃത്യം നടത്തിയത്. രക്ഷപ്പെടാനുള്ള എല്ലാ മാര്‍ഗങ്ങളും ഇയാള്‍ അടച്ചിരുന്നു. വീട്ടിലെ വാട്ടര്‍ ടാങ്കിലെ വെള്ളം മുഴുവനായി ചോര്‍ത്തിക്കളഞ്ഞിരുന്നെന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പറഞ്ഞു. മക്കളുമായി കുറച്ച് കാലങ്ങളായി വഴക്കുണ്ടായിരുന്നെന്നും എന്നാല്‍ ഹമീദ് ഇത്തരമൊരു കൃത്യം ചെയ്യുമെന്ന് കരുതിയില്ലെന്നും നാട്ടുകാര്‍ പറയുന്നു.
പുലര്‍ച്ചെ 12.30യോടെ ഫൈസലിന്റെ വീടിനുള്ളില്‍ നിന്ന് നിലവിളി കേട്ടതിനെ തുടര്‍ന്നാണ് അയല്‍വാസികള്‍ സംഭവം അറിയുന്നത്. ഉടനെ തന്നെ വീട്ടിലേക്ക് ഓടിയെത്തിയവര്‍ കാണുന്നത് വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നതാണ്. വീടിന്റെ മുന്നിലെ വാതില്‍ പൂട്ടിയ നിലയിലായിരുന്നു. ഇത് തകര്‍ത്ത് ഉള്ളില്‍ കടക്കാനായെങ്കിലും കിടപ്പുമുറിയുടെ വാതില്‍ പുറത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. അതിനാല്‍ ഉള്ളില്‍ കടക്കാന്‍ ബുദ്ധിമുട്ടിയതായി സംഭവസ്ഥലത്ത് ആദ്യമെത്തിയ നാട്ടുകാരിലൊരാളായ രാഹുല്‍ പറഞ്ഞു.
കിടപ്പുമുറിയുടെ വാതില്‍ തകര്‍ത്ത് അകത്തേക്ക് കയറിയപ്പോഴേക്കും കിടക്കയില്‍ തീ പടര്‍ന്ന് മുറിയില്‍ പുക നിറഞ്ഞിരുന്നു. ഈ സമയവും മരിച്ച ഫൈസലിന്റെ പിതാവ് വീടിനുള്ളിലേക്ക് പെട്രോള്‍ നിറച്ച കുപ്പികള്‍ വലിച്ചെറിയുന്നുണ്ടായിരുന്നതായി അദ്ദേഹം പറഞ്ഞു.
തീയില്‍ നിന്ന് രക്ഷപ്പെടാന്‍ ഫൈസലും കുടുംബവും കുളിമുറിക്കുള്ളില്‍ കയറി വാതിലടയ്ക്കുകയായിരുന്നു. കിടപ്പുമുറിയുടെ വാതില്‍ തകര്‍ത്തെങ്കിലും നാട്ടുകാര്‍ക്ക് ഇവരുടെ അടുത്തേക്ക് എത്താന്‍ സാധിച്ചില്ല. മുറിക്കുള്ളില്‍ പൂര്‍ണമായും തീയും പുകയും പടര്‍ന്നതോടെ ഇവര്‍ കുളിമുറിയില്‍ തന്നെ കുടുങ്ങുകയായിരുന്നു. ഇവിടെവെച്ചാണ് നാല് പേരുടെയും മരണം സംഭവിച്ചതെന്ന് ദൃക്‌സാകക്ഷികള്‍ പറയുന്നു.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments