Sunday, November 17, 2024
HomeNewsKeralaമദനിയുടെ കൂടെ പിണറായി വിജയന് വേദി പങ്കിടാമെങ്കിൽ വി ഡ‍ി സതീശൻ ആർ എസ് എസ്...

മദനിയുടെ കൂടെ പിണറായി വിജയന് വേദി പങ്കിടാമെങ്കിൽ വി ഡ‍ി സതീശൻ ആർ എസ് എസ് വേദി പങ്കിട്ടെതിൽ ഒരു തെറ്റുമില്ല, പിന്തുണയുമായി നടൻ ഹരീഷ് പേരടി

കൊച്ചി:പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആർ എസ് എസ് വേദിയിൽ പങ്കെടുത്തെന്ന വിവാദത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയന് മദനിയുടെ കൂടെ വേദി പങ്കിടാമെങ്കിൽ വി ഡ‍ി സതീശൻ ആർ എസ് എസ് വേദി പങ്കിട്ടെതിൽ ഒരു തെറ്റുമില്ല എന്നാണ് ഹരീഷ് പേരടിയുടെ പക്ഷം. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തെരഞ്ഞെടുപ്പ് കാലത്ത് സുകുമാരൻനായരെയും വെള്ളാപ്പളി നടേശനെയും കാന്തപുരം മുസ്‌ലിയാരെയും കാണാൻ പോകുന്നതുകൊണ്ട് തെറ്റില്ലെങ്കിൽ സതീശൻ ചെയ്തതിൽ മാത്രം എങ്ങനെയാണ് തെറ്റ് കാണാനാകുകയെന്നും അദ്ദേഹം ചോദിച്ചു. ‘ഇന്ത്യ എന്റെ രാജ്യമാണ്, എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരൻമാരാണ്’ ഓരോ ഇന്ത്യാക്കാരും ഏറ്റുചൊല്ലുന്നതെന്നും ഹരീഷ് പേരടി ഓർമ്മിപ്പിച്ചു.

ഹരീഷ് പേരടിയുടെ കുറിപ്പ് പൂർണരൂപത്തിൽ

എനിക്ക് ഒരു പാട് ആ‍ർ എസ് എസും ബി ജെ പിയുമായ സുഹൃത്തുക്കളും ബന്ധുക്കളുമുണ്ട്. പിണറായി വിജയൻ മോദിയെ കാണാൻ പോകുന്നതുപോലെ പരസ്പ്പരം ബന്ധപ്പെടാതെ മുന്നോട്ട് പോവാൻ പറ്റില്ല എന്ന് തോന്നുന്ന സന്ദർഭങ്ങളിൽ ഞാൻ അവരെയും അവർ എന്നെയും കാണാൻ വരാറുണ്ട്. ഒരിക്കൽ ഒരു ശ്രീകൃഷ്ണ ജയന്തിക്ക് ബാലഗോകുലം വേദിയിലും പോയിട്ടുണ്ട്.

അന്ന് ശ്രീകൃഷ്ണന്റെ കറുത്ത നിറത്തിന്റെയും യാദവ കുലത്തിന്റെ ദളിത് രാഷ്ട്രിയത്തെപറ്റിയുമാണ് സംസാരിച്ചത്. ആരും എന്നെ വിലക്കിയിട്ടില്ല. ടി പി ചന്ദ്രശേഖരന്റെയും ജയകൃഷണൻ മാഷിന്റെയും കൊലപാതകങ്ങൾക്കുശേഷം എത്രയോ സി പി എം വേദികളിൽ പങ്കെടുത്തിട്ടുണ്ട്.

സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തെരഞ്ഞെടുപ്പ് കാലത്ത് സുകുമാരൻനായരെയും വെള്ളാപ്പളി നടേശനെയും കാന്തപുരം മുസ്‌ലിയാരെയും കാണാൻ പോകുന്നതുകൊണ്ട് തെറ്റില്ലെങ്കിൽ മദനിയുടെ കൂടെ പിണറായി വിജയന് വേദി പങ്കിടാമെങ്കിൽ വി ഡ‍ി സതീശൻ ആർ എസ് എസ് വേദി പങ്കിട്ടെതിൽ ഒരു തെറ്റുമില്ല എന്നാണ് ഞാൻ കരുതുന്നത്.

വി ഡി സതീശൻ പറഞ്ഞ കാര്യത്തിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നുമുണ്ട്. ബി ജെ പിയെ ഇന്ത്യയിലെ ജനങ്ങൾ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറ്റിയതാണ്. അല്ലാതെ അവർ സായുധ വിപ്ലവം നടത്തി അധികാരത്തിൽ എത്തിയതല്ല. നിങ്ങൾക്ക് നിങ്ങളുടെ രാഷ്ട്രിയം ഉറക്കെ പറഞ്ഞുകൊണ്ടുതന്നെ അവരുടെ വേദികൾ പങ്കിടുന്നതിൽ എന്താണ് തെറ്റ്?

അയിത്തവും തൊട്ടുകൂടായ്മയും ആര് ആരോട് ചെയ്താലും അത് വർഗ്ഗീയതയാണ്. നമ്മുടെ പ്രതിജ്ഞ തന്നെ അങ്ങിനെയല്ലെ. ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരി സഹോദരൻമാരാണ്. പിന്നെ എന്താണ് പ്രശ്നം.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments