വിദ്വേഷ പ്രസംഗക്കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മുന്‍ എംഎല്‍എ പി സി ജോർജിന് വീണ്ടും നോട്ടീസ് നൽകും. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം. തിരുവനന്തപുരം ഫോർട്ട് പൊലീസ് നോട്ടീസയക്കും. പി സി ജോർജിന്റെ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കണ്ടെന്നാണ് പൊലീസിന്‍റെ തീരുമാനം.
കഴിഞ്ഞ ഞായറാഴ്ച ഹാജരാകാൻ ഫോർട്ട് പൊലീസ് പി സി ജോര്‍ജിന് നോട്ടീസ് നൽകിയിരുന്നു. എന്നാല്‍, പൊലീസിന് മുന്നിൽ ഹാജരാകാതെ ജോർജ് ത്യക്കാക്കരയിൽ പോകുകയായിരുന്നു. ഇതോടെ ജോർജിന് പൊലീസ് വീണ്ടും നോട്ടീസ് നൽകി. തൃക്കാക്കരയിലേക്ക് താൻ പ്രചാരണത്തിനായി പോവുകയാണെന്നും കൊച്ചിയിൽ പോയി, ചോദ്യം ചെയ്യലിനായി തിരുവനന്തപുരത്തേക്ക് എത്താനാവില്ലെന്നും പിസി ജോർജ് മറുപടി നല്‍കുകയായിരുന്നു.
ആരോഗ്യപരിശോധനയ്ക്ക് വേണ്ടി ഡോക്ടറെ കാണാനുണ്ടെന്നും അതിനാൽ ഞായറാഴ്ച കഴിഞ്ഞുള്ള ഏതെങ്കിലും ദിവസം പൊലീസ് ആവശ്യപ്പെടുന്ന മുറയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാവാം എന്നുമായിരുന്നു പിസിയുടെ മറുപടി. പൊലീസിന് മുൻപിൽ മൊഴി നൽകാൻ ഹാജരാകാതിരിക്കുന്നത് കോടതിയുടെ ജാമ്യവ്യവസ്ഥകളുടെ ലംഘനമായി കാണേണ്ടി വരുമെന്ന് ഫോർട്ട് അസി. കമ്മീഷണർ നൽകിയ നോട്ടീസിൽ വ്യക്തമാക്കുന്നു.