പ്രധാന വാർത്തകൾ – 09-05-2021

0
379


🔳കോവിഡ് വായുവിലൂടെ പകരുന്നതിനുള്ള സാധ്യതകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി. രോഗം ബാധിച്ച ഒരാളില്‍ നിന്ന് മൂന്നോ ആറോ അടിക്കുള്ളില്‍ വ്യാപനത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്നും ചില സാഹചര്യങ്ങളില്‍, പ്രധാനമായും വീടിനകത്ത്, പകര്‍ച്ചവ്യാധി ഉറവിടം ആറടിയില്‍ കൂടുതല്‍ അകലെയാണെങ്കില്‍ പോലും വായുവിലൂടെയുള്ള വൈറസ് പകരാന്‍ സാധ്യതയുണ്ടെന്നും യുഎസ് ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു

🔳കോവിഡ് ഭേദമായവരില്‍ അപൂര്‍വ ഫംഗസ് അണുബാധയായ മ്യൂക്കോര്‍മൈക്കോസിസ് വര്‍ധിക്കുന്നു. മഹാരാഷ്ട്രയില്‍ ഇതുമൂലം എട്ടുപേര്‍ മരിച്ചു. 200 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളതായാണ് റിപ്പോര്‍ട്ട്. ഗുജറാത്തിലും ഡല്‍ഹിയിലും ഈ ഫംഗസ് ബാധ പടരുന്നുണ്ട്. കോവിഡ് ഒന്നാംതരംഗത്തിലുണ്ടായിരുന്നതിനെക്കാള്‍ വ്യാപകമാണ് ഇത്തവണ മ്യൂക്കോര്‍മൈക്കോസിസെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

🔳കൊവിഡ് പ്രതിരോധത്തിനായി പഞ്ചായത്തുകള്‍ക്കുള്ള ഗ്രാന്‍ഡ് കേന്ദ്രം മുന്‍കൂറായി അനുവദിച്ചു. 25 സംസ്ഥാനങ്ങള്‍ക്കായി 8923.8 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ 240.6 കോടി രൂപ കേരളത്തിന് കിട്ടും. കൊവിഡ് രോഗബാധ രൂക്ഷമായ 25 സംസ്ഥാനങ്ങളിലെ പഞ്ചായത്തുകള്‍ക്കാണ് കേന്ദ്രം ഗ്രാന്‍ഡ് മുന്‍കൂറായി നല്‍കിയത്.

🔳സംസ്ഥാനത്ത് കൊവിഡ് ചികിത്സയ്ക്ക് പുതിയ മാനദണ്ഡം. സര്‍ക്കാര്‍ ആശുപത്രികളെല്ലാം മേയ് 31 വരെ കൊവിഡ് ചികിത്സയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് നിര്‍ദ്ദേശം. കൊവിഡ് ഇതര ചികിത്സകള്‍ അടിയന്തിര പ്രാധാന്യം ഉള്ളവ മാത്രമേ ഉണ്ടാവുകയുള്ളൂ. എല്ലാ പനി ക്ലിനിക്കുകളും കൊവിഡ് ക്ലിനിക്ക് ആക്കി മാറ്റാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. താലൂക്ക് ആശുപത്രികളില്‍ ഓക്സിജന്‍ കിടക്കകള്‍ സജ്ജീകരിക്കാനും നിര്‍ദ്ദേശമുണ്ട്. പ്രാഥമിക , കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സ്റ്റിറോയ്ഡുകളും മരുന്നുകളും സ്റ്റോക്ക് ഉറപ്പാക്കണം. കിടപ്പ് രോഗികള്‍ക്ക് ഓക്സിജന്‍, ചികിത്സ ഇവ വീട്ടിലെത്തി ഉറപ്പാക്കും. സ്വകാര്യ ആശുപത്രികളിലും കൊവിഡ് ഒപി തുടങ്ങാനും നിര്‍ദ്ദേശമുണ്ട്.

🔳കവി കെ സച്ചിദാനന്ദനെ ഫെയ്‌സ്ബുക്ക് വിലക്കിയ സംഭവത്തില്‍ പ്രതികരണവുമായി എഴുത്തുകാരന്‍ ബെന്യാമിന്‍. ഫെയ്സ്ബുക്ക് വിലക്കിയാല്‍ ഉടന്‍ വായുവില്‍ അലിഞ്ഞു പോകുന്ന വ്യക്തിയല്ല സച്ചി മാഷെന്നും അദ്ദേഹം ഇന്നോളം എഴുതിയ കവിതകളും ഉയര്‍ത്തിപ്പിടിച്ച നിലപാടുകളും ഭീരുക്കളുടെ നെഞ്ചില്‍ ഒരു ഇടിമുഴക്കം പോലെ വന്നു പതിക്കുന്നുണ്ട് എന്നാണര്‍ത്ഥമെന്നും ബെന്യാമിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

🔳വിജയപ്രതീക്ഷയുണ്ടായിരുന്ന നേമം, തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടമടക്കമുള്ള തിരുവനന്തപുരം ജില്ലയിലെ മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് മുന്‍പ് ലഭിച്ചിരുന്ന വോട്ടുകളില്‍ ചോര്‍ച്ച സംഭവിച്ചുവെന്ന് ബിജെപിയുടെ വിലയിരുത്തല്‍. നേമത്തെ നായര്‍ വോട്ടുകളില്‍ നല്ലൊരുഭാഗം യുഡിഎഫിന് ലഭിച്ചുവെന്നും മുസ്ലിം വോട്ടുകള്‍ എല്‍ഡിഎഫിനാണ് ഏകീകരിച്ചതെന്നും സംസ്ഥാന നേതൃത്വം നടത്തിയ ജില്ലാതല അവലോകനത്തില്‍ വിലയിരുത്തി.

🔳മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് (42) അന്തരിച്ചു. കോവിഡ് ബാധിതനായ ശേഷം എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പറവൂര്‍ ആലങ്ങാട് കൊടുവഴങ്ങ സ്വദേശിയാണ്. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം.

🔳കേരളത്തിലെ മാധ്യമപ്രവര്‍ത്തകരെ കോവിഡ് വാക്സിന്‍ മുന്‍ഗണനാപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കേണ്ടതാണെന്നും വീഴ്ചവരുത്തരുതെന്ന് സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയാണെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മാതൃഭൂമി ന്യൂസ് സീനിയര്‍ ചീഫ് റിപ്പോര്‍ട്ടര്‍ വിപിന്‍ ചന്ദ് കോവിഡ് ബാധിച്ച് മരിച്ച സാഹചര്യത്തിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

🔳കോവിഡ് പിടിമുറുക്കിയതോടെ ‘കരിംജീരകം’ താര പദവിയിലേക്ക്. കോവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ആയുര്‍വേദ ഉത്പന്നമായി മാറുകയാണ് കരിംജീരകം. രോഗ പ്രതിരോധത്തിന്റെ ഭാഗമായി ആവി കൊള്ളുന്നതിനും കവിള്‍ക്കൊള്ളുന്നതിനുമൊക്കെ വ്യാപകമായി ഉപയോഗിക്കുന്നതിനാല്‍ കരിംജീരകത്തിന് വലിയ ഡിമാന്‍ഡാണിപ്പോള്‍.

🔳ഒരാഴ്ച നീണ്ട സസ്‌പെന്‍സിനൊടുവില്‍ മുതിര്‍ന്ന നേതാവ് ഹിമന്ദ ബിശ്വ ശര്‍മയെ അസം മുഖ്യമന്ത്രിയായി ബിജെപി പ്രഖ്യാപിച്ചു. നിലവിലെ മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാളാണ് നിയമസഭാ കക്ഷി യോഗത്തില്‍ ഹിമന്ദയുടെ പേര് നിര്‍ദേശിച്ചത്. ദേശീയ നേതൃത്വത്തിന്റെ ഇടപെടലോടെയാണ് ഇന്ന് നടന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തില്‍ സര്‍ബാനന്ദ് സോനോവാള്‍ നിയമസഭാ കക്ഷി നേതാവായി ഹിമന്ദ ബിശ്വ ശര്‍മയെ പ്രഖ്യാപിച്ചത്.

🔳കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ച് ബോളിവുഡ് ഫാഷന്‍ ഡിസൈനര്‍ ഫറാ ഖാന്‍ അലി. ഇനി ഏതെങ്കിലും രാഷ്ട്രീയ റാലികള്‍ ബാക്കിയുണ്ടോയെന്നും അങ്ങനെയെങ്കിലും പ്രധാനമന്ത്രി ജനങ്ങളുടെ പ്രശ്നങ്ങള്‍ കാണാനും കേള്‍ക്കാനും വന്നാലോ എന്നാണ് ഫറ ട്വീറ്റ് ചെയ്തത്.

🔳ഒടുവില്‍ ആശങ്കകള്‍ക്ക് വിരാമം. നിയന്ത്രണം നഷ്ടപ്പെട്ട ചൈനയുടെ ലോങ് മാര്‍ച്ച് 5ബി റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു. ഇന്ത്യന്‍ സമയം ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് റോക്കറ്റിന്റെ അവശിഷ്ടങ്ങള്‍ സമുദ്രത്തില്‍ വീണത്. ഇതോടെ മണിക്കൂറുകള്‍ നീണ്ട ആശങ്കകള്‍ക്കും കാത്തിരിപ്പിനും അവസാനമായി.

🔳ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം ഉറപ്പിക്കാനിറങ്ങിയ മാഞ്ചെസ്റ്റര്‍ സിറ്റിക്ക് സ്വന്തം മൈതാനത്ത് തോല്‍വി. ഒന്നിനെതിരേ രണ്ടു ഗോളിന് ചെല്‍സിയാണ് സിറ്റിയെ മറികടന്നത്. ലീഗില്‍ ഒന്നാമതുള്ള സിറ്റിക്ക് 35 മത്സരങ്ങളില്‍ നിന്ന് 80 പോയന്റാണുള്ളത്. ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയന്റ് നേടുകയോ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് അടുത്ത മത്സരത്തില്‍ പരാജയപ്പെടുകയോ ചെയ്താല്‍ സിറ്റിക്ക് കിരീടമുയര്‍ത്താം.

🔳100 പോള്‍ പൊസിഷനുകള്‍ സ്വന്തമാക്കുന്ന ആദ്യ ഫോര്‍മുല വണ്‍ ഡ്രൈവറെന്ന നേട്ടം സ്വന്തമാക്കി മേഴ്‌സിഡസിന്റെ ബ്രിട്ടീഷ് ഡ്രൈവര്‍ ലൂയിസ് ഹാമില്‍ട്ടണ്‍. 68 തവണ പോള്‍ പൊസിഷന്‍ സ്വന്തമാക്കിയിട്ടുള്ള ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കല്‍ ഷൂമാക്കറാണ് ഹാമില്‍ട്ടനു പിന്നില്‍ രണ്ടാം സ്ഥാനത്ത്.

🔳നിര്‍ബന്ധിത ഹാള്‍മാര്‍ക്കിംഗ് സംബന്ധിച്ച (ബിഐഎസ് ആക്റ്റ്, 2016) ചട്ടങ്ങള്‍ പാലിക്കാത്ത ജ്വല്ലറി സ്ഥാപനങ്ങള്‍ക്കെതിരേ നടപടികളെടുക്കുന്നതും പിഴചുമത്തുന്നതും തടഞ്ഞുകൊണ്ട് ബോംബേ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. പരിശോധനാ സൗകര്യങ്ങളുടെയും ഹാള്‍മാര്‍ക്കിംഗ് കേന്ദ്രങ്ങളുടെയും കാര്യത്തില്‍ അഭാവം നേരിടുന്ന സാഹചര്യത്തില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്) തല്‍ക്കാലം ഇതില്‍ തുടര്‍നടപടികള്‍ എടുക്കരുതെന്നാണ് ഉത്തരവ്. ഓള്‍ ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ (ജിജെസി) സമര്‍പ്പിച്ച റിട്ട് ഹരജിയിലാണ് കോടതി വ്യവസായികള്‍ക്ക് ആശ്വാസമാകുന്ന ഉത്തരവ് പുറപ്പെടുവിച്ചത്. സ്വര്‍ണാഭരണ, രത്‌ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 5 ലക്ഷത്തോളം വ്യവസായികളെ ഉള്‍ക്കൊള്ളുന്ന സംഘടനയാണ് ഇത്.

🔳ആഗോള തലത്തില്‍ കമ്പനികളില്‍ നിക്ഷേപിച്ചു നേട്ടമുണ്ടാക്കുന്നതിന് ആക്സിസ് മ്യൂച്വല്‍ ഫണ്ട് ‘ആക്സിസ് ഗ്ലോബല്‍ ഇന്നൊവേഷന്‍ ഫണ്ട് ഓഫ് ഫണ്ട്’ അവതരിപ്പിച്ചു. ഓപ്പണ്‍ എന്‍ഡഡ് പദ്ധതിയാണിത്. ഇന്ത്യയില്‍ നിന്നുള്ള നിക്ഷേപകര്‍ക്ക് ആഗോള തലത്തില്‍ വൈവിധ്യവല്‍ക്കരിച്ച ഓഹരി നിക്ഷേപം സാധ്യമാക്കുന്നതാണ് ഈ പദ്ധതി. മെയ് 10 മുതല്‍ 21 വരെ നടത്തുന്ന പുതിയ ഫണ്ട് ഓഫര്‍ വേളയില്‍ കുറഞ്ഞത് 5000 രൂപയും തുടര്‍ന്ന് ഓരോ രൂപയുടെ ഗുണിതങ്ങളും ആയി നിക്ഷേപം നടത്താം.

🔳മാതൃദിനത്തില്‍ പ്രേക്ഷക ശ്രദ്ധനേടി ‘തായ് മടി’ എന്ന തമിഴ് മ്യൂസിക്കല്‍ വീഡിയോ. അമ്മയുടെ മടിത്തട്ടില്‍ സുരക്ഷിതരായിരുന്ന സുന്ദര കാലത്തെയും ഗൃഹാതുരയുടെയും കൂട്ടുപിടിച്ചാണ് ആല്‍ബം തയ്യാറാക്കിയിരിക്കുന്നത്. കാല്പനികത തുളുമ്പുന്ന തമിഴ് ഭാഷയില്‍ ഒരുക്കിയ തായ് മടി ഇതിനോടകം ആസ്വാദക ഹൃദയങ്ങളില്‍ ഇടം നേടി കഴിഞ്ഞു. കാര്‍ത്തിക് എഴുതിയ മനോഹരമായ വരികള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത് രഘുപതി പൈ ആണ്. രാമാനന്ദ് രോഹിത്താണ് ഗാനം ആലപിച്ചിരിക്കുന്നത്. പ്രതീഷ് ലാല്‍ സംവിധാനം ചെയ്തിരിക്കുന്ന ആല്‍ബത്തില്‍ സുരേഷ് കൃഷ്ണ, മാധവ് എസ് പ്രഭു, പ്രജില, സൂരജ് പ്രഭു, ലാല്‍, നിസാം എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

🔳റഷീദ് പാറക്കല്‍ സംവിധാനം ചെയ്ത നവാഗതനായ ആനന്ദ് റോഷന്‍ നായകനായെത്തുന്ന ചിത്രം സമീര്‍ നീ സ്ട്രീം ഒ.ടി.ടി യില്‍ പ്രദര്‍ശനത്തിനെത്തി. സത്യത്തിനും സ്വപ്നത്തിനും ഇടക്കുള്ള ധര്‍മ്മസങ്കടങ്ങളുടെ അവസ്ഥയാണു, ജീവിതമെന്ന വിശേഷണത്തെ സ്‌നേഹത്തിനും സൗഹൃദത്തിനും ഇടക്കുള്ള നിര്‍വൃതിയാണെന്ന് ബോധ്യപ്പെടുത്താന്‍ ഇറങ്ങിത്തിരിച്ച ചെറുപ്പക്കാരന്‍ സമീര്‍. അവന്റെ വിചിത്ര കഥയാണ് സമീര്‍ എന്ന സിനിമ. പ്രാവാസജീവിതത്തെ അടയാളപ്പെടുത്തുന്ന തക്കാളികൃഷിക്കാരന്റെ സ്വപ്നങ്ങള്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് റഷീദ് പാറക്കല്‍ ചിത്രം ഒരുക്കിയിട്ടുള്ളത്. വിദ്യാധരന്‍ മാസ്റ്റര്‍ ആലപിച്ച പ്രശസ്തമായ മഴചാറുമിടവഴിയില്‍ എന്ന ഗാനം ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്.

🔳പാദുവ ഡിജിറ്റല്‍ മീഡിയ അവതരിപ്പിക്കുന്ന ജനകീയ കലോത്സവം ഇനിമുതല്‍ നീ സ്ട്രീം എന്ന ഒടിടി പ്ലാറ്റ്ഫോമിലൂടെ നിങ്ങളുടെ മുന്നിലെത്തുന്നു. മലയാളത്തിലെ പ്രശസ്ത സിനിമ ഹാസ്യ താരങ്ങളായ സാജു കൊടിയന്‍, ഹരിശ്രീ മാര്‍ട്ടിന്‍, ജയരാജ്, പാഷാണം ഷാജി,നോബി, ബിനു അടിമാലി, കൊല്ലം സുധി, നെല്‍സണ്‍, അജിത്ത് കൂത്താട്ടുകുളം, സുമേഷ് ചന്ദ്രന്‍, ജയപ്രകാശ് നെടുമങ്ങാട്, നോബി മാള, ഹരിശ്രീ രാധാകൃഷ്ണന്‍, അഭിലാഷ് കലാഭവന്‍, ആന്‍സണ്‍, രാജേഷ് പാണാവള്ളി, അനീഷ് ബാല്‍,പോള്‍സണ്‍, രശ്മി അനില്‍, കലാഭവന്‍ രാജീവ്,കലാഭവന്‍ സജീവ് എന്നീ ഹാസ്യതാരങ്ങള്‍ ആദ്യമായി ഒരുമിച്ച് മലയാളക്കരയെ പൊട്ടിച്ചിരിയുടെ പൊടിപൂരം ത്തിലേക്ക് കൂട്ടികൊണ്ടു പോകാന്‍ വേണ്ടി ജനകീയകലോത്സവത്തിന്റെ വേദിയില്‍ എത്തുന്നു. പാദുവ ഡിജിറ്റല്‍ മീഡിയക്ക് വേണ്ടി ഈ പ്രോഗ്രാം നിര്‍മ്മാണവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ടോണി വര്‍ഗീസാണ്. ക്രിയേറ്റീവ് ഡയറക്ടര്‍ സാബു പ്രഭാകര്‍, ക്യാമറ നവാസ്, ജയന്‍ അങ്കമാലി, എഡിറ്റിംഗ് ലിന്‍സണ്‍ റാഫേല്‍, പിആര്‍ഒ ഐമനം സാജന്‍.

🔳2020 മാര്‍ച്ചിലാണ് ഡോമിനാര്‍ 250-യെ ബജാജ് ഓട്ടോ വിപണിയില്‍ അവതരിപ്പിക്കുന്നത്. കാന്‍യന്‍ റെഡ്, വൈന്‍ ബ്ലാക്ക് എന്നിങ്ങനെ രണ്ടു നിറങ്ങളില്‍ ആണ് ഡോമിനാര്‍ 250 നിലവില്‍ എത്തുന്നത്. എന്നാല്‍ ഡൊമിനാര്‍ ശ്രേണിയുടെ ഹൈലൈറ്റായ ഒറോറ ഗ്രീന്‍ നിറത്തിലും ഡൊമിനര്‍ 250 ബൈക്ക് ഇനിമുതല്‍ ലഭ്യമാകും. കൂടാതെ, ഡോമിനാര്‍ 400-ന് മാത്രമായി നല്‍കിയ വൈന്‍ ബ്ലാക്ക് നിറവും 2021 ഡോമിനാര്‍ 250-യില്‍ ബജാജ് ഓട്ടോ അവതരിപ്പിച്ചേക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 1.70 ലക്ഷം ആണ് ബജാജ് ഡോമിനാര്‍ 250-യുടെ എക്‌സ്-ഷോറൂം വില.

Leave a Reply