Saturday, November 23, 2024
HomeNewsKeralaവാർത്തകൾ ചുരുക്കത്തിൽ 2021 ഏപ്രിൽ 24

വാർത്തകൾ ചുരുക്കത്തിൽ 2021 ഏപ്രിൽ 24

  • പ്രഭാത വാർത്തകൾ*
    2021 ഏപ്രിൽ 24 | 1196 മേടം 11 | ശനി | പൂരം, ഉത്രം |

🔳തൃശൂര്‍ പൂരത്തിനിടെ ആല്‍മരത്തിന്റെ ശിഖരം പൊട്ടിവീണ് അപകടം. രണ്ട് പേര്‍ മരണപ്പെട്ടു. തിരുവമ്പാടി ദേവസ്വം ബോര്‍ഡ് അംഗങ്ങളായ രമേശ്, രാമചന്ദ്രന്‍ എന്നിവരാണ് മരണപ്പെട്ടത്. ഇരുപത്തിയഞ്ചു പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഒരാളുടെ നില ഗുരുതരമാണ്. തിരുവമ്പാടിയുടെ മഠത്തില്‍വരവ് പഞ്ചവാദ്യത്തിനിടെയാണ് അപകടം. രാത്രി 12.20ഓടെ ബ്രഹ്മസ്വം മഠത്തിന് സമീപത്താണ് അപകടം നടന്നത്. പഞ്ചവാദ്യസംഘത്തിന് മേലേക്ക് സമീപത്തെ ആലിന്റെ ശിഖരം പൊട്ടിവീഴുകയായിരുന്നു. ബഹളത്തിനിടെ ആന ഭയപ്പെട്ടോടിയെങ്കിലും ഉടന്‍ തളയ്ക്കാനായി. വൈദ്യുതി ലൈനിന് മുകളിലേക്കാണ് മരം പൊട്ടിവീണത്. ഉടന്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇരുട്ടായതിനാല്‍ ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം ചെറിയ രീതിയില്‍ തടസപ്പെട്ടു.ആള്‍ക്കൂട്ടം കുറവായതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.

🔳പൂരത്തിനിടെ മരം വീണ് അപകടമുണ്ടായ പശ്ചാത്തലത്തില്‍ ആഘോഷപരമായ വെടിക്കെട്ടില്‍ നിന്ന് പിന്മാറി തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍. എന്നാല്‍ വെടിമരുന്ന് നിറച്ചുവെച്ചതിനാല്‍ പൊട്ടിച്ച് കളയുകയല്ലാതെ മറ്റൊരു വഴിയില്ലെന്ന് ദേവസ്വം പ്രതിനിധികള്‍ വ്യക്തമാക്കി. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് നടക്കാനാരിക്കുന്ന പൂരത്തിലെ മറ്റ് ചടങ്ങുകള്‍ നടത്തേണ്ടതുണ്ടോ എന്ന് കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം തീരുമാനിക്കും.

🔳കോവിഡിനെതിരായ പോരാട്ടത്തില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്നുണ്ടെന്നും സ്ഥിതിഗതികള്‍ സൂക്ഷമമായി നിരീക്ഷിക്കുകയും സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ കൈമാറുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

🔳ജര്‍മനിയില്‍നിന്ന് 23 മൊബൈല്‍ ഓക്‌സിജന്‍ നിര്‍മാണ പ്ലാന്റുകള്‍ വിമാന മാര്‍ഗം എത്തിക്കാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു. രണ്ടാം കോവിഡ് വ്യാപനത്തില്‍ രാജ്യത്തുടനീളം കടുത്ത ഓക്‌സിജന്‍ ക്ഷാമം നേരിടുന്നതിനിടെയാണ് തീരുമാനം. ജര്‍മനിയില്‍ നിന്ന് കൊണ്ടുവരുന്ന ഓരോ പ്ലാന്റിനും മിനിറ്റില്‍ 40 ലിറ്ററും മണിക്കൂറില്‍ 2400 ലിറ്റര്‍ വരെയും ഓക്‌സിജന്‍ ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ടെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

🔳മേയ് പകുതിയോടെ ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം മൂര്‍ധന്യത്തിലെത്തുമെന്ന് ഐഐടി വിദഗ്ധ സംഘം. മേയ് 11 മുതല്‍ 15 വരെയുള്ള കാലയളവില്‍ സജീവ കോവിഡ് കേസുകളുടെ എണ്ണം 33 മുതല്‍ 35 ലക്ഷത്തിലെത്തിയേക്കാമെന്നും മേയ് അവസാനത്തോടെ രോഗവ്യാപനം കുത്തനെ കുറയുമെന്നും ഐഐടി വിദഗ്ധര്‍ തയ്യാറാക്കിയ കണക്കുകള്‍ സൂചിപ്പിക്കുന്നു.

🔳പ്രധാന്‍ മന്ത്രി ഗരിബ് കല്യാണ്‍ അന്ന യോജന (പിഎംജികെഎന്‍) പ്രകാരം രണ്ട് മാസത്തേക്ക് സമൂഹത്തിലെ പാവപ്പെട്ടവര്‍ക്ക് സൗജന്യ റേഷന്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. മെയ്, ജൂണ്‍ മാസങ്ങളില്‍ 80 കോടി ഗുണഭോക്താക്കള്‍ക്ക് ഇതുവഴി 5 കിലോ സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ സര്‍ക്കാര്‍ നല്‍കും. 26,000 കോടി രൂപയാണ് കേന്ദ്രം ഇതിനായി നീക്കി വെക്കുന്നത്. കൊറോണ വൈറസ് പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗം രാജ്യത്ത് വലിയ ആഘാതം സൃഷ്ടിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.

🔳തീവ്രത കുറഞ്ഞ കോവിഡ് രോഗബാധിതരുടെ ചികിത്സയ്ക്ക് ഉപയോഗിക്കാവുന്ന വിരാഫിന്‍ മരുന്നിന് ഡി.ജി.സി.എ. അടിയന്തര ഉപയോഗ അനുമതി നല്‍കി. പ്രായപൂര്‍ത്തിയായവരിലെ തീവ്രത കുറഞ്ഞ കോവിഡ് രോഗബാധയ്ക്കാണ് വിരാഫിന്‍ ഉപയോഗിക്കുക. വിരാഫിന്‍ നല്‍കിയ 91.15 ശതമാനം രോഗികളും ഏഴുദിവസത്തിനകം ആര്‍.ടി.പി.സി.ആര്‍. പരിശോധനയില്‍ നെഗറ്റീവ് ആയതായി വിരാഫിന്‍ നിര്മാതാക്കളായ സൈഡസ് കാഡില ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി അറിയിച്ചു.

🔳ലാവ്‌ലിന്‍ കരാറുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള ഇ.ഡി. അന്വേഷണത്തിനെതിരേ എസ്.എന്‍.സി.ലാവ്‌ലിന്‍ കമ്പനി ഹൈക്കോടതിയില്‍. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം ലാവ്‌ലിന്‍ കരാറിന് ബാധകമാകില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കമ്പനി കോടതിയെ സമീപിച്ചത്.

🔳സംസ്ഥാനത്ത് ഇന്നും നാളെയും ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമേ പ്രവര്‍ത്തന അനുതി ഉള്ളുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സ്ഥിതിഗതികള്‍ ഗുരുതരമാണെന്നും എല്ലാവരും നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ഇന്നത്തേയും നാളത്തേയും ശേഷമുള്ള നിയന്ത്രണങ്ങള്‍ തിങ്കളാഴ്ച ചേരുന്ന സര്‍വ്വകക്ഷി യോഗത്തിന് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

🔳കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തിനെതിരേ കേരളത്തില്‍ ആരംഭിച്ച വാക്‌സിന്‍ ചലഞ്ചില്‍ വന്‍ പങ്കാളിത്തം. രണ്ടുദിവസം കൊണ്ട് ഒരു കോടിയിലേറെ രൂപയാണ് വാക്‌സിന്‍ ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി ലഭിച്ചത്. ഓരോനിമിഷവും സംഭാവനതുക വര്‍ധിച്ച് കൊണ്ടേയിരിക്കുകയാണ്. രണ്ട് ദിവസം മുമ്പാണ് വാക്‌സിന്‍ചലഞ്ച് എന്ന ഹാഷ്ടാഗുമായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരണം ആരംഭിച്ചത്. പ്രതിസന്ധി ഘട്ടങ്ങളില്‍ തങ്ങളുടെ സഹോദരങ്ങളുടെ സുരക്ഷയ്ക്കും നാടിന്റെ നന്മയ്ക്കു വേണ്ടിയും ഒത്തൊരുമിക്കുന്ന ജനത ഈ ലോകത്തിനു തന്നെ മാതൃകയായി മാറിയിരിക്കുന്നുവെന്നും കേരളീയനെന്ന നിലയില്‍ അഭിമാനം തോന്നുന്ന മറ്റൊരു സന്ദര്‍ഭം കൂടിയാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

🔳സംസ്ഥാനത്ത് നടക്കുന്ന വാക്‌സിന്‍ ചാലഞ്ച് കൊള്ളാമെന്നും എന്നാല്‍ പണം പ്രളയഫണ്ട് പോലെ സിപിഎം നേതാക്കളുടേയും ബന്ധുക്കളുടേയും അക്കൗണ്ടില്‍ എത്തില്ലെന്ന് ഉറപ്പാക്കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

🔳കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ മനുഷ്യജീവന് വില നല്‍കാത്ത സമീപനമാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറി എല്ലാ ഭാരവും സംസ്ഥാനങ്ങളുടെ തലയ്ക്കിടുന്നതാണ് പുതിയ വാക്‌സിന്‍ നയം. ഇതിനെതിരേ ഏപ്രില്‍ 28ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ ഗ്യഹാങ്കണ സത്യാഗ്രഹം നടത്തുമെന്ന് എ വിജയരാഘവന്‍ പറഞ്ഞു.

🔳കേന്ദ്രത്തിന്റെ ഭ്രാന്തന്‍ വാക്സിന്‍ നയം തിരുത്തി രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും സൗജന്യമായി വാക്സിന്‍ എത്തിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓക്സിജന്‍ ക്ഷാമം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് കിട്ടിയിട്ടും കേന്ദ്രസര്‍ക്കാര്‍ അനങ്ങാതിരുന്നതിന്റെ തിക്തഫലം ജനങ്ങള്‍ ഇപ്പോള്‍ അനുഭവിക്കുകയാണെന്നും ഔഷധക്കമ്പനികളുടെ കൊള്ളയടിക്ക് പൗരന്മാരെ എറിഞ്ഞു കൊടുക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തിരിക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

🔳ആരാധനാലയങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ പാടില്ലെന്ന മലപ്പുറം ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ പ്രതിഷേധവുമായി വിവിധ മുസ്ലിം സംഘടനകള്‍. കൂടിയാലോചനകള്‍ നടത്തിയിട്ടില്ലെന്നും കളക്ടര്‍ ഏകപക്ഷീയമായി എടുത്ത തീരുമാനമാണിതെന്നും വിവിധ സംഘടനാ നേതാക്കള്‍ പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ ഇത്തരത്തില്‍ ഒരു തീരുമാനം എടുത്തിട്ടില്ലെന്ന് വിവിധ ജനപ്രതിനിധികളും അറിയിച്ചു.

🔳ജില്ലയിലെ ആരാധനാലയങ്ങളില്‍ പ്രവേശനം അഞ്ചുപേര്‍ക്ക് മാത്രമായി നിയന്ത്രിച്ച ഉത്തരവില്‍ അന്തിമ തീരുമാനം തിങ്കളാഴ്ചയുണ്ടാകുമെന്ന് കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍ അറിയിച്ചു. ജില്ലയിലെ രൂക്ഷമായ കോവിഡ് വ്യാപനം കണക്കിലെടുത്താണ് ഇങ്ങനെയൊരു നിയന്ത്രണം കൊണ്ടുവന്നത്. എന്നാല്‍ ഈ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് വിവിധ മതനേതാക്കള്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് ഈ അറിയിപ്പ്.

🔳കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ചകളില്‍ നടക്കുന്ന വിവാഹങ്ങളില്‍ 20 പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതി. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഞായറാഴ്ചകളില്‍ എല്ലാവിധ കൂടിച്ചേരലുകളും ഒഴിവാക്കിക്കൊണ്ടുള്ള കര്‍ശനനിയന്ത്രണം നിലവിലുണ്ട്.

🔳ഇന്നത്തെ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരീക്ഷയുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കും കുട്ടികള്‍ക്കും യാത്രചെയ്യാന്‍ അനുവാദമുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. കുട്ടികളെ പരീക്ഷയെഴുതാന്‍ കൊണ്ടുവരുന്ന രക്ഷിതാക്കള്‍ പരീക്ഷാ കേന്ദ്രത്തില്‍ കൂട്ടം കൂടി നില്‍ക്കാതെ മടങ്ങണമെന്നും പരീക്ഷ കഴിയുമ്പോള്‍ തിരിച്ചെത്തിയാല്‍ മതിയെന്നും നിര്‍ദേശമുണ്ട്.

🔳കേരളത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. 12 ജില്ലകളില്‍ ആയിരത്തിനു മുകളിലും അഞ്ച് ജില്ലകളില്‍ 2000 നു മുകളിലും, കോഴിക്കോട് നാലായിരത്തിനടുത്തും, എറണാകുളത്ത് നാലായിരത്തഞ്ഞൂറിനു മുകളിലും പുതിയ കോവിഡ് രോഗികള്‍. കേരളത്തില്‍ ഇന്നലെ 1,30,617 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 28,447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.78 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 5,055 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 315 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 26,303 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 1756 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 73 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5,663 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 1,78,983 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള വിവരങ്ങള്‍ : എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം 2345, കണ്ണൂര്‍ 1998, കോട്ടയം 1986, പാലക്കാട് 1728, ആലപ്പുഴ 1239, പത്തനംതിട്ട 1171, കാസര്‍ഗോഡ് 1110, കൊല്ലം 1080, ഇടുക്കി 868, വയനാട് 812

🔳സംസ്ഥാനത്ത് ഇന്നലെ 7 പുതിയ ഹോട്ട് സ്പോട്ടുകള്‍. 3 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കി. നിലവില്‍ ആകെ 523 ഹോട്ട് സ്പോട്ടുകള്‍.

🔳കൊല്ലം ഇടക്കുളങ്ങരയില്‍ മൂന്ന് വയസ്സുള്ള കുഞ്ഞിനേയും അമ്മയേയും മരിച്ച നിലയില്‍ കണ്ടെത്തി. സൂര്യ(35), മകന്‍ ആദിദേവ് എന്നിവരാണ് മരിച്ചത്. കുഞ്ഞിന്റെ കഴുത്തില്‍ വെട്ടേറ്റിട്ടുണ്ട്. കുട്ടിയെ കൊലപ്പെടുത്തിയ ശേഷം സൂര്യ ആത്മഹത്യ ചെയ്തതാവാമെന്നാണ് പോലീസ് പറയുന്നത്.

🔳ഡല്‍ഹി, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍നിന്നുള്ള വിമാന യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനകമുള്ള ആര്‍ടി-പിസിആര്‍ പരിശോധന റിപ്പോര്‍ട്ടാണ് വേണ്ടതെന്നും ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചു.

🔳ഇന്ത്യയിലെ 14 സംസ്ഥാനങ്ങളില്‍ പതിനായിരത്തിനു മുകളിലും, അഞ്ച് സംസ്ഥാനങ്ങളില്‍ കാല്‍ ലക്ഷത്തിന് മുകളിലും പ്രതിദിന കോവിഡ് രോഗികള്‍. ഇന്ത്യയില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 3,44,949 പേര്‍ക്ക്. മരണം 2620. ഇതോടെ ആകെ മരണം 1,89,549 ആയി. ഇതുവരെ 1,66,02,456 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 25.43 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 66,836 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശില്‍ 36,605 പേര്‍ക്കും ഡല്‍ഹിയില്‍ 24,331 പേര്‍ക്കും കര്‍ണാടകയില്‍ 26,962 പേര്‍ക്കും ചത്തീസ്ഗഡില്‍ 17,397 പേര്‍ക്കും രാജസ്ഥാനില്‍ 15,398 പേര്‍ക്കും മധ്യപ്രദേശില്‍ 13,950 പേര്‍ക്കും ഗുജറാത്തില്‍ 13,804 പേര്‍ക്കും തമിഴ്നാട്ടില്‍ 13,776 പേര്‍ക്കും ബീഹാറില്‍ 12,672 പേര്‍ക്കും പശ്ചിമബംഗാളില്‍ 12,876 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 11,766 പേര്‍ക്കും ഹരിയാനയില്‍ 11,854 പേര്‍ക്കും തെലുങ്കാനയില്‍ 6,026 പേര്‍ക്കും പഞ്ചാബില്‍ 6,728 പേര്‍ക്കും ജാര്‍ഖണ്ഡില്‍ 5,741 പേര്‍ക്കും ഒഡീഷയില്‍ 6,215 പേര്‍ക്കും ഉത്തരാഖണ്ഡില്‍ 4,339 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.

🔳ആഗോളതലത്തില്‍ ഇന്നലെ 8,66,581 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. അമേരിക്കയില്‍ 63,729 പേര്‍ക്കും ബ്രസീലില്‍ 64,939 പേര്‍ക്കും തുര്‍ക്കിയില്‍ 49,438 പേര്‍ക്കും ഫ്രാന്‍സില്‍ 32,340 പേര്‍ക്കും ഇറാനില്‍ 22,904 പേര്‍ക്കും അര്‍ജന്റീനയില്‍ 27,884 പേര്‍ക്കും ജര്‍മനിയില്‍ 23,710 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകിരിച്ചു. ഇതോടെ ആഗോളതലത്തില്‍ 14.61 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.87 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 13,281 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 716 പേരും ബ്രസീലില്‍ 2,659 പേരും പോളണ്ടില്‍ 539 പേരും അര്‍ജന്റീനയില്‍ 556 പേരും ഇന്നലെ മരിച്ചു. ഇതോടെ മൊത്തം 30.97 ലക്ഷം മരണം സ്ഥിരീകരിച്ചു.

🔳ബുധനാഴ്ച രാവിലെ അബുദാബിയുടെ പടിഞ്ഞാറന്‍ പ്രവശ്യയായ ഹലീബിലുണ്ടായ വാഹനാപകടത്തില്‍ രണ്ടു മലയാളികളടക്കം അഞ്ചുപേര്‍ മരിച്ചു. മലപ്പുറം ചങ്ങരംകുളം മൂക്കുതല നരണി പുഴ സ്വദേശി ഇബ്രാഹിം മഠത്തില്‍ (57), ചാലിശ്ശേരി സ്വദേശി രാജു ചീരന്‍ സാമുവല്‍(42 ), ഗുജറാത്ത് സ്വദേശി പങ്കില്‍ പട്ടേല്‍(26) എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍.

🔳കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് സഹായം വാഗ്ദാനം ചെയ്ത് പാകിസ്താനിലെ മനുഷ്യാവകാശ സംഘടനയായ ഈദി ഫൗണ്ടേഷന്‍. കോവിഡ് മഹാമാരിയെ നേരിടുന്നതിന് ഒരു സംഘം സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് 50 ആംബുലന്‍സുകളുമായി ഇന്ത്യയിലേക്ക് പ്രവേശനാനുമതി തേടി ഈദി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫൈസല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പാകിസ്താനിലെ ഏറ്റവും വലിയ ചാരിറ്റബിള്‍ ആംബുലന്‍സ് ശൃംഖലകളിലൊന്നാണ് ഫൈസല്‍ ഈദിയുടെ ഫൗണ്ടേഷന്‍. കോവിഡ് മഹാമാരിയില്‍ ഇന്ത്യയെ സഹായിക്കണമെന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ആഹ്വാനത്തിന് പിന്നാലെയാണ് ഈദി ഫൗണ്ടേഷന്‍ സഹായ സന്നദ്ധതയുമായി രംഗത്തെത്തിയത്.

🔳ഐ.പി.എല്ലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ മുംബെ ഇന്ത്യന്‍സിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് പഞ്ചാബ് കിങ്സ്. മുംബെ ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യം 17.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പഞ്ചാബ് മറികടന്നു. സീസണില്‍ മുംബൈയുടെ മൂന്നാം തോല്‍വിയാണിത്. രണ്ടാം വിക്കറ്റില്‍ ഒന്നിച്ച കെ.എല്‍ രാഹുല്‍ – ക്രിസ് ഗെയ്ല്‍ സഖ്യമാണ് പഞ്ചാബിനെ വിജയത്തിലെത്തിച്ചത്.

🔳ഇന്ത്യയുടെ സോവര്‍ജിന്‍ റേറ്റിംഗ് ‘ബിബിബി’യിലും കാഴ്ചപ്പാട് ‘നെഗറ്റിവ്’ എന്നതിലും നിലനിര്‍ത്തുന്നതായി ഫിച്ച് റേറ്റിംഗ്‌സ്. ഉയര്‍ന്ന പൊതു കടത്തെ കുറിച്ചുള്ള ആശങ്കകളും കൊറോണ വൈറസ് കേസുകളുടെ സമീപകാലത്തെ കുതിച്ചുചാട്ടം വളര്‍ച്ചയില്‍ സൃഷ്ടിക്കുന്ന ആഘാതത്തെയും പരിഗണിച്ചാണ് ഇന്ത്യയെ കുറിച്ചുള്ള ദീര്‍ഘകാല കാഴ്ചപ്പാട് നെഗറ്റിവില്‍ തന്നെ നിലനിര്‍ത്തുന്നതെന്ന് റേറ്റിംഗ് ഏജന്‍സി വിശദീകരിക്കുന്നു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ 12.8 ശതമാനം വളര്‍ച്ച രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ഉണ്ടാകുമെന്ന് ഫിച്ച് പ്രതീക്ഷിക്കുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇത് 5.8 ശതമാനമായി കുറയും. ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 7.5 ശതമാനത്തിന്റെ ഇടിവ് ജിഡിപിയില്‍ ഉണ്ടായെന്നാണ് കണക്കാക്കുന്നത്.

🔳ഇന്ത്യയിലെ എന്നല്ല ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷുറസ് സ്ഥാപനങ്ങളിലൊന്നാണ് പൊതുമേഖലാ സ്ഥാപനമായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ. 2020-21 സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ കമ്പനിയിലേക്ക് പുതുതായി വന്ന പ്രീമിയം 1.84 ലക്ഷം കോടിയുടേതാണ്. അതേസമയം കമ്പനി ഇന്‍ഷുറന്‍സ് ഉപഭോക്താക്കള്‍ക്ക് 1.34 ലക്ഷം കോടി രൂപ നഷ്ടപരിഹാരമായി അനുവദിച്ച സാമ്പത്തിക വര്‍ഷം കൂടിയാണ് കഴിഞ്ഞത്. തൊട്ടുമുന്‍പത്തെ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ തവണ 1.77 ലക്ഷം കോടിയില്‍ നിന്ന് 1.84 ലക്ഷം കോടിയിലേക്ക് പുതിയ പ്രീമിയം ഉയര്‍ന്നു.

🔳ജീത്തു ജോസഫ്-മോഹന്‍ലാല്‍ ചിത്രം ‘ദൃശ്യം 2’ റെക്കോര്‍ഡ് തുകയ്ക്കാണ് ആമസോണ്‍ പ്രൈം വാങ്ങിയതെന്ന് റിപ്പോര്‍ട്ടുകള്‍. ഈ തുകയെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ലെറ്റ്‌സ് ഒ.ടി.ടി ഗ്ലോബല്‍ പേജ്. 30 കോടി രൂപക്കാണ് ദൃശ്യം 2 ആമസോണ്‍ പ്രൈം വാങ്ങിയത്. ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചതിനാല്‍ ആമസോണ്‍ ടീം സന്തോഷത്തിലാണെന്നും ലെറ്റ്‌സ് ഒ.ടി.ടി ഗ്ലോബല്‍ ട്വീറ്റ് ചെയ്തു. ഫെബ്രുവരി 19ന് ആണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. മികച്ച പ്രതികരണമാണ് ദൃശ്യം 2വിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

🔳ഹൊറര്‍ ത്രില്ലര്‍ കണ്‍ജുറിങ്ങ് സീരീസിലെ മൂന്നാമത്തെ ചിത്രം ദി കണ്‍ജുറിങ്ങ് ദ് കണ്‍ജറിങ്: ദ് ഡെവിള്‍ മേഡ് മി ടു ഇറ്റ് ന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. പാട്രിക് വില്‍സണും വെര ഫെര്‍മിഗയുമാണ് ആദ്യ ഭാഗങ്ങളിലേത് പോലെ തന്നെ ചിത്രത്തില്‍ പ്രേതാന്വേഷകരായ ദമ്പതിമാരായി വേഷമിടുന്നത്. ഒരു കൊലപാതക കേസ് അന്വേഷിക്കാന്‍ എത്തുകയാണ് പ്രേതാന്വേഷകരായ എഡ് വാരണും ലൊറേയ്ന്‍ വാരണും. കൊല ചെയ്യുന്ന സമയത്ത് തന്റെ ദേഹത്ത് പിശാച് കൂടിയിരുന്നുവെന്നാണ് കൊലപാതകിയുടെ അവകാശവാദം. 81 ല്‍ കണക്റ്റിക്കട്ടില്‍ നടന്ന യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കണ്‍ജുറിങ്ങ് യൂനിവേഴ്സ് ഫ്രാഞ്ചൈസിയുടെ എട്ടാമത്തെ ചിത്രമാണ് ഇത്.

🔳ബജാജ് ഓട്ടോയുടെ പുതിയ മോട്ടോര്‍സൈക്കിള്‍ മോഡലായ പള്‍സര്‍ എന്‍എസ്125 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 93,690 രൂപയാണ് ബൈക്കിന്റെ ദില്ലി എക്‌സ് ഷോറൂം വില. പ്യൂറ്റര്‍ ഗ്രേ, ബീച്ച് ബ്ലൂ, ഫിയറി ഓറഞ്ച്, ബേണ്‍റ്റ് റെഡ് എന്നീ നാല് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. എന്‍എസ് സീരീസില്‍ ബജാജ് അവതരിപ്പിക്കുന്ന ആദ്യ 125 സിസി മോട്ടോര്‍ സൈക്കിളാണ് പള്‍സര്‍ എന്‍എസ്125.

RELATED ARTICLES

Leave a Reply

- Advertisment -

Most Popular

Recent Comments